ജറുസലേം : സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം പങ്കുവെച്ച് ലോകമെങ്ങും ക്രിസ്മസ് ആഘോഷിച്ചു. ക്രിസ്തുവിന്റെ ജന്മനാട് സ്ഥിതി ചെയ്യുന്ന ബത്‌ലഹേമിൽ ഉൾപ്പെടെ യുദ്ധങ്ങളും വംശഹത്യയും കൊടുമ്പിരി കൊള്ളുമ്പോൾ ലോകസമാധാനത്തിന്റെ സന്ദേശമാണ് ക്രിസ്മസ് പകർന്ന് നൽകിയത്.
ബത്‌ലഹേമിലെ തിരുപ്പിറവി ദേവാലയത്തിൽ പാതിരാത്രി 12 മണിക്ക് പാത്രീയാർക്കിസിന്റെ നേതൃത്വത്തിൽ നടന്ന വിശുദ്ധ കുർബാനയും കർമ്മങ്ങളും ഭക്തിസാന്ദ്രമായിരുന്നു, വിശ്വാസികളൊടൊപ്പം പാലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസും തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു.

ബത്ലഹേമിലെ വിശുദ്ധ കുർബാന
25 ന് പുലർച്ചെ നാലരക്ക് ഒമ്പത് പുരോഹിതന്മാരുടെ നേതൃത്വത്തിൽ മലയാളത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. ഫാ. ബാബു ജോസഫ് ഒഎഫ്എം കാപ് മുഖ്യകാർമികനായിരുന്നു. സീറോ മലബാർ റീത്തിൽ ഈശോ ജനിച്ച അതേ സ്ഥലത്ത് അർപ്പിച്ച മലയാളം ദിവ്യബലിയിൽ പങ്കെടുക്കാൻ വൻ ജനാവലി എത്തിയിരുന്നു. മലയാളം ദിവ്യബലിയിൽ പങ്കെടുത്തതിന്റെ ആത്മനിർവ്യതിയാലായിരുന്നു വിശ്വാസി സമൂഹം. തിരുപ്പിറവി ദേവാലയം വിശ്വാസികളെക്കൊണ്ട് നിറഞ്ഞ് കവിഞ്ഞിരുന്നു. ഈശോ ജനിച്ച ഗ്രോട്ടാ കാണാൻ സൗകര്യം ഉണ്ടായിരുന്നെങ്കിലും തിക്കും തിരക്കും കാരണം പലർക്കും സന്ദർശിക്കാൻ സാധിച്ചില്ല.
ജറുസലേമിലെ വിശുദ്ധ കുർബാന
ജെറുസലേമിലെ തേരാ സാന്ത ദേവാലയത്തിൽ രാത്രി 9.30ന് നടന്ന വിശുദ്ധ കുർബാനക്ക് ഫാ. ഡോ. ജെറീഷ് കൊച്ചുപറമ്പിൽ മുഖ്യകാർമികനായി. ഏഴ് വൈദികർ സഹകാർമ്മികരായിരുന്നു. ടെൽ അവീവ് സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ നടന്ന കുർബാനക്ക് ഫാ. പ്രദീപ് കള്ളിയത്ത് മുഖ്യ കാർമികത്വം വഹിച്ചു. ഫാ. തോമസ്, ഫാ. ടിനു എന്നിവർ സഹകാർമികരായി.
