വാഷിങ്ടൺ: സൂര്യന്റെ അത്യുഷ്ണത്തെ അതിജീവിച്ച് നാസയുടെ പാർക്കർ സോളാർ പ്രോബ് സുരക്ഷിതമായി പറന്നു. ഇതാദ്യമായാണ് മനുഷ്യനിര്‍മിതമായ ഒരു വസ്തു സൂര്യന് ഇത്രയുമടുത്ത് എത്തുന്നത്.
ഡിസംബര്‍ 24നാണ് പേടകം സൂര്യന്‍റെ 6.1 ദശലക്ഷം കിലോമീറ്റര്‍ അടുത്ത് എത്തിയത്.
ഡിസംബർ 24-ന് സൂര്യന്റെ കൊറോണയിലൂടെ (പുറംകവചം) അതിവേഗത്തിൽ സഞ്ചരിച്ച പേടകം സുരക്ഷിതമാണെന്ന് നാസ അറിയിച്ചു.
സൂര്യോപരിതലത്തിൽ നിന്ന് വെറും 3.8 ദശലക്ഷം മൈൽ (ഏകദേശം 61 ലക്ഷം കിലോമീറ്റർ) അകലെക്കൂടി, മണിക്കൂറിൽ 692,000 കിലോമീറ്റർ വേഗതയിലാണ് പേടകം പറന്നത്. ഈ യാത്രയിൽ, സൂര്യനോട് ഏറ്റവും അടുത്തെത്തുന്ന മനുഷ്യനിർമ്മിത വസ്തു എന്ന റെക്കോർഡ് പാർക്കർ സോളാർ പ്രോബ് സ്വന്തമാക്കി.
സൂര്യന്റെ കൊറോണയിലെ 1,700 ഫാരൻഹീറ്റ് (930 ഡിഗ്രി സെൽഷ്യസ്) ചൂടിനെ അതിജീവിക്കുമോ എന്ന ആശങ്ക ശാസ്ത്രലോകത്തിനുണ്ടായിരുന്നു. എന്നാൽ, പേടകം വിജയകരമായി ഈ വെല്ലുവിളി അതിജീവിച്ചു. യാത്രയ്ക്കു ശേഷം പേടകം ഭൂമിയിലേക്ക് സന്ദേശം അയച്ചതായി നാസ അറിയിച്ചു. മേരിലാൻഡിലെ ജോൺ ഹോപ്‌കിൻസ് അപ്ലൈഡ് ഫിസിക്സ് ലബോറട്ടറിയിലാണ് സന്ദേശം ലഭിച്ചത്. കൂടുതൽ വിവരങ്ങൾ ജനുവരി ഒന്നിന് ലഭിക്കുമെന്നാണ് പ്രതീക്ഷ.
സൂര്യന്റെ ഏറ്റവും പുറമെയുള്ളതും ചൂടേറിയതുമായ ഭാഗമാണ് കൊറോണ. ഈ ഭാഗത്തെക്കുറിച്ച് പഠിക്കാനാണ് നാസ പാർക്കർ സോളാർ പ്രോബിനെ അയച്ചത്. 685 കിലോഗ്രാം ഭാരമുള്ള പേടകം 2018 ഓഗസ്റ്റ് 12-ന് ഫ്ലോറിഡയിലെ കേപ് കനാവെറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്നാണ് വിക്ഷേപിച്ചത്. സൗരക്കാറ്റുകൾ ഉൾപ്പെടെ സൂര്യന്റെ രഹസ്യങ്ങൾ കണ്ടെത്താനാണ് ഈ ദൗത്യം ലക്ഷ്യമിടുന്നത്.
സൂര്യനിലെ വസ്തുക്കള്‍ എങ്ങനെയാണ് ദശലക്ഷണക്കിന് ഡിഗ്രിയില്‍ ചൂടാകുന്നതെന്നും, സൗരവാതങ്ങളുടെ ഉത്ഭവം എങ്ങനെയാണെന്നും ഊര്‍ജകണങ്ങള്‍ക്ക് പ്രകാശവേഗം കൈവരുന്നതെങ്ങനെയെന്നുമെല്ലാമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പാര്‍ക്കര്‍ പ്രോബിന് കഴിയുമെന്നും ഗവേഷകര്‍ പ്രതീക്ഷിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.