തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിക്ക് ഒരു മാസത്തെ പരോള്‍ നല്‍കിയ സര്‍ക്കാര്‍ തീരുമാനം നിയമ സംവിധാനങ്ങളോടും നിയമ വാഴ്ചയോടുമുള്ള പരസ്യമായ വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
പരോള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എം ഉന്നത നേതൃത്വത്തിന്റെ അറിവോടെ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അദേഹം പറഞ്ഞു.
പൊലീസ് റിപ്പോര്‍ട്ട് എതിരായിട്ടും മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിലെ ഉപജാപക സംഘത്തിന്റെയും ഇടപെടലിലാണ് കൊടി സുനിക്ക് പരോള്‍ അനുവദിച്ചതെന്നും വി.ഡി സതീശന്‍ ആരോപിച്ചു.
അമ്മ അസുഖ ബാധിതയാണെന്നതിന്റെ പേരില്‍, സ്ഥിരം കുറ്റവാളിയായ ഒരാള്‍ക്ക് ഒരു മാസത്തെ പരോള്‍ അനുവദിച്ചത് ദുരൂഹമാണ്. ടി.പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കവെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ കൊടി സുനി ഒരു മാസത്തെ പരോള്‍ കാലയളവില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടില്ലെന്ന് എന്ത് ഉറപ്പാണ് ആഭ്യന്തര വകുപ്പിനുള്ളതെന്നും വി.ഡി സതീശന്‍ ചോദിച്ചു.
കൊടി സുനിക്ക് പരോള്‍ അനുവദിച്ചതിനെതിരെ കൊല്ലപ്പെട്ട ടി.പിയുടെ ഭാര്യ കെ.കെ രമ എംഎല്‍എയും രംഗത്തെത്തി. എങ്ങനെയാണ് കൊടി സുനിക്ക് 30 ദിവസത്തെ പരോള്‍ അനുവദിക്കുന്നതെന്നും അമ്മയ്ക്ക് കാണാന്‍ ആണെങ്കില്‍ പത്ത് ദിവസം പരോള്‍ അനുവദിച്ചാല്‍ പോരേയെന്നും രമ ചോദിച്ചു.
എന്തിന്റെ അടിസ്ഥാനത്തിലാണ് 30 ദിവസം പരോള്‍ നല്‍കിയത് എന്ന് സംസ്ഥാന സര്‍ക്കാരും ആഭ്യന്തര വകുപ്പും മറുപടി പറയണം. ആഭ്യന്തര വകുപ്പ് അറിയാതെ ഇങ്ങനെ ഒരു നീക്കം സാധ്യമല്ല. ഡിജിപിക്ക് മാത്രമായി ഇങ്ങനെയൊരു ഉത്തരവിറക്കാന്‍ പറ്റില്ല.
പരോള്‍ അനുവദിച്ചത് സംശയാസ്പദമാണെന്നും അസാധാരണമായ നടപടിയാണ് ഉണ്ടായതെന്നും മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടല്‍ ഭരിക്കുന്നവര്‍ക്ക് വേണ്ടിയാണെന്നും കെ.കെ രമ പറഞ്ഞു.
നിയമ വിദഗ്ധരുമായി ആലോചിച്ച് തുടര്‍ നടപടികളിലേക്ക് കടക്കും. ടി.പി ചന്ദ്രശേഖരനും അദേഹത്തിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും മനുഷ്യാവകാശങ്ങള്‍ ഉണ്ടായിരുന്നല്ലോ എന്നും കെ.കെ. രമ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.