കൊച്ചി: സ്റ്റേജില്‍ നിന്നും വീണ് പരിക്കേറ്റ എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ഇന്ന് രാവിലെയോടെ ഉമ തോമസ് കണ്ണുകള്‍ തുറക്കുകയും കൈകാലുകള്‍ അനക്കുകയും ചെയ്തു. ഉമ തോമസിന്റെ മകനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ഉമയെ കാണാനായി മകന്‍ ആശുപത്രിയില്‍ എത്തിയിരുന്നു. ഈ സമയത്ത് പതിയെ കണ്ണുകള്‍ തുറന്ന് കൈകാലുകള്‍ അനക്കിയെന്നാണ് മകന്‍ വ്യക്തമാക്കിയത്. ഇക്കാര്യം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടില്ല. കോണ്‍ക്രീറ്റ് പാളികളിലേക്ക് തലയടിച്ചുവീണ ഉമയുടെ ശ്വാസകോശത്തില്‍ രക്തം കട്ടപ്പിടിച്ച് ഇരുന്നതായിരുന്നു ഡോക്ടര്‍മാരില്‍ ആശങ്ക ഉയര്‍ത്തിയത്. എന്നാല്‍ ഇതില്‍ പുരോഗതിയുണ്ടെന്നും തലയ്ക്കേറ്റ പരിക്ക് സുഖം പ്രാപിക്കുകയാണെന്നും ആശുപത്രി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉമ തോമസിനെ ചികിത്സിക്കുന്നത്. ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം ശസ്ത്രക്രിയ പോലുള്ള ആവശ്യമായ നടപടികള്‍ ഡോക്ടര്‍മാര്‍ സ്വീകരിക്കും. കാര്‍ഡിയോ പോലുള്ള വിവിധ മേഖലയിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് ആശുപത്രിയില്‍ ഉള്ളത്. ആരോഗ്യ പുരോഗതി വിലയിരുത്തിയ ശേഷം വെന്റിലേറ്ററില്‍ നിന്നും ഉമ തോമസിനെ മാറ്റുന്ന കാര്യവും ഡോക്ടര്‍മാര്‍ തീരുമാനിക്കും.
ഗിന്നസ് റെക്കോര്‍ഡിനായി സംഘടിപ്പിച്ച നൃത്ത പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് 15 അടി ഉയരമുള്ള സ്റ്റേജില്‍ നിന്നും ഉമ തോമസ് വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തില്‍ പരിപാടിയുടെ സംഘാടകരായ മൂന്ന് പേര്‍ പിടിയിലായി. സുരക്ഷാ നടപടികള്‍ പാലിക്കാതെയും വേണ്ടത്ര അനുമതിയില്ലാതെയുമാണ് പരിപാടി സംഘടിപ്പിച്ചതെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് പൊലീസിന്റെ നടപടി.
നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ 12,000 നര്‍ത്തകര്‍ അണിനിരന്നാണ് നൃത്ത പരിപാടി അരങ്ങേറിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.