വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ പ്രധാന ഓഫീസുകളിലൊന്നിന്റെ മേധാവിയായി ഇറ്റാലിയന്‍ കന്യാസ്ത്രീയായ സിസ്റ്റര്‍ സിമോണ ബ്രാംബില്ലയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. സമര്‍പ്പിത സമൂഹങ്ങള്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ കൂരിയയിലെ കാര്യാലയത്തിന്റെ (ഡിക്കാസ്റ്ററി) പ്രീഫെക്ടായാണ് സിസ്റ്റര്‍ സിമോണ ബ്രാംബില്ലയെ മാര്‍പാപ്പ നിയമിച്ചത്.
ചരിത്രത്തില്‍ ആദ്യമായാണ് വത്തിക്കാന്‍ കാര്യാലയത്തിന്റെ തലപ്പത്ത് ഒരു വനിത നിയമിതയാകുന്നത്. പ്രോ-പ്രീഫെക്ടായി സ്‌പെയിന്‍കാരനായ കര്‍ദിനാള്‍ എംഗല്‍ ഫെര്‍ണാണ്ടസ് ആര്‍തിമേ എസ്ഡിബിയും നിയമിതനായി.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊണ്‍സൊലാത്ത മിഷണറീസ് എന്ന സന്യാസസമൂഹത്തില്‍ അംഗമായ സിസ്റ്റര്‍ സിമോണ ഈ കാര്യാലയത്തിന്റെ അംഗമായി 2019 മുതലും സെക്രട്ടറിയായി 2023 മുതലും പ്രവര്‍ത്തിച്ചുവരികയായിരുന്നു. മൊസാംബിക്കില്‍ പ്രേഷിതപ്രവര്‍ത്തനം നടത്തിയിട്ടുള്ള സിസ്റ്റര്‍ നഴ്‌സിങ് ജോലി ഉപേക്ഷിച്ച് സന്യാസം തെരഞ്ഞെടുത്ത വ്യക്തിയാണ്.
സഭയുടെ ഭരണവുമായി ബന്ധപ്പെട്ട ഉന്നതസ്ഥാനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുകയെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നയത്തിന്റെ ഭാഗമായാണ് സിസ്റ്റര്‍ ബ്രാംബില്ലയുടെ നിയമനം. വത്തിക്കാനില്‍ ചില കാര്യാലയങ്ങളില്‍ സ്ത്രീകളെ സഹമേധാവിയായി നിയമിച്ചിട്ടുണ്ട്. എന്നാല്‍ കത്തോലിക്കാ സഭയുടെ കേന്ദ്രഭരണകാര്യാലയമായ ഹോളി സീ കൂരിയയുടെ ഒരു ഡികാസ്റ്ററിയുടെയോ സഭയുടെയോ പ്രീഫെക്ടായി ഒരു സ്ത്രീയെ നിയമിക്കുന്നത് ഇതാദ്യമാണ്. നേരത്തേ ആര്‍ച്ച് ബിഷപ്പുമാരോ കര്‍ദിനാള്‍മാരോ മാത്രമാണു പ്രീഫെക്ടുമാരായി നിയമിതരായിട്ടുള്ളത്.
മതകാര്യ വകുപ്പില്‍ പ്രവര്‍ത്തിച്ച അനുഭവസമ്പത്തുള്ളയാളാണ് 59കാരിയായ സിസ്റ്റര്‍ ബ്രാംബില്ല. ജെസ്യൂട്ട്, ഫ്രാന്‍സിസ്‌കന്‍ ഉള്‍പ്പെടെയുള്ള സന്യാസസഭകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും സിസ്റ്റര്‍ ബ്രാംബില്ല മേല്‍നോട്ടം വഹിക്കുക.
വിവിധ വത്തിക്കാന്‍ ഓഫീസുകളിലെ സ്ത്രീപ്രാതിനിധ്യം 2013-2023 കാലയളവില്‍ 19.2ല്‍നിന്ന് 23.4 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.