കൊച്ചി: വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ പ്രതിചേര്‍ത്ത് സിബിഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു.
അന്വേഷണം നടത്തിയ സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കൊച്ചി സിബിഐ കോടതിയില്‍ അനുബന്ധ കുറ്റപത്രം നല്‍കിയത്. വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
വാളയാറിലെ സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളുടെ മരണത്തില്‍ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്നാണ് സിബിഐ വ്യക്തമാക്കുന്നത്. ആത്മഹത്യ പ്രേരണാക്കുറ്റം, ബലാത്സംഗ പ്രേരണാക്കുറ്റം, പീഡനവിവരം അറിഞ്ഞിട്ടും അത് മറച്ചുവെക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കുട്ടികളുടെ അച്ഛനും അമ്മയ്ക്കുമെതിരേ ചുമത്തിയിരിക്കുന്നത്.
പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടെയാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. കുട്ടികള്‍ പലതവണ ചൂഷണത്തിനിരയായ വിവരം മാതാപിതാക്കള്‍ നേരത്തെ അറിഞ്ഞിരുന്നതായാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
വാളയാറിലെ പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയാണെന്നായിരുന്നു സിബിഐയുടെയും കണ്ടെത്തല്‍. ഇക്കാര്യം വ്യക്തമാക്കി നേരത്തെ സിബിഐ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോടതി നിര്‍ദേശ പ്രകാരം തുടരന്വേഷണം നടത്തി. ഈ അന്വേഷണത്തിനൊടുവിലാണ് കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
2017 ജനുവരി 13, മാര്‍ച്ച് നാല് തിയതികളിലായാണ് വാളയാറിലെ 13, 9 വയസുള്ള സഹോദരിമാരെ ഒറ്റമുറി ഷെഡ്ഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.