അനുരാഗ ഗായകന് കലാകേരളത്തിന്റെ സ്മരണാഞ്ജലി: പി. ജയചന്ദ്രന്റെ സംസ്‌കാരം നാളെ ; തൃശൂരില്‍ ഇന്ന് പൊതുദര്‍ശനം

അനുരാഗ ഗായകന് കലാകേരളത്തിന്റെ സ്മരണാഞ്ജലി: പി. ജയചന്ദ്രന്റെ സംസ്‌കാരം നാളെ ; തൃശൂരില്‍ ഇന്ന് പൊതുദര്‍ശനം

തൃശൂര്‍: അന്തരിച്ച ഗായകന്‍ പി. ജയചന്ദ്രന്റെ സംസ്‌കാരം ശനിയാഴ്ച എറണാകുളം ചേന്ദമംഗലത്തുള്ള പാലിയം തറവാട് ശ്മശാനത്തില്‍. ഇന്ന് രാവിലെ മൃതദേഹം പൂങ്കുന്നത്ത് ചക്കാമുക്ക്, തോട്ടേക്കാട്ട് ലൈനിലുള്ള തറവാട് വീട്ടില്‍ എത്തിച്ചു. 10 മണിക്ക് തൃശൂര്‍ സംഗീത നാടക അക്കാദമി ഹാളിലെ റീജണല്‍ തീയറ്ററില്‍ പൊതുദര്‍ശനം നടക്കും.

നാളെ ഒന്‍പത് മുതല്‍ ചേന്ദമംഗലം പാലിയം തറവാട്ടിലെ പൊതുദര്‍ശനത്തിന് ശേഷമായിരിക്കും സംസ്‌കാരം. വൈകുന്നേരം മൂന്നോടെയാണ് പാലിയം തറവാട് ശ്മശാനത്തില്‍ സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക.

നിരവധി അനശ്വര ഗാനങ്ങള്‍ സമ്മാനിച്ചാണ് മലയാളത്തിന്റെ ഭാവഗായകന്‍ 80-ാം വയസില്‍ വിട പറഞ്ഞത്. തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു പി. ജയചന്ദ്രന്‍ അന്തരിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പതിനാറായിരത്തിലേറെ ഗാനങ്ങളാണ് അദേഹം സംഗീത ലോകത്തിന് സമ്മാനിച്ചത്. മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരം ഒരു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അഞ്ച് തവണയും നേടിയിട്ടുണ്ട്. കലാകേരളത്തിന്റെ നാനാ മേഖലകളില്‍ നിന്നുള്ളവര്‍ അദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു.

അരനൂറ്റാണ്ടിന്റെ ഗാനസപര്യ, പതിനാറായിരത്തിലേറെ ഗാനങ്ങള്‍, ഏറക്കുറെ എല്ലാ ഗാനങ്ങളും ഹിറ്റ്. എന്നും ഹൃദയത്തിന്റെ സ്വരം, പ്രണയത്തിന്റെ ലയം എല്ലാം ചേര്‍ത്ത് മലയാളി അദേഹത്തിന് നല്‍കിയ നല്‍കിയ പേരാണ് ഭാവഗായകന്‍.

1944 മാര്‍ച്ച് മൂന്നിന് എറണാകുളം രവിപുരത്ത് ഭദ്രാലയത്തില്‍ രവിവര്‍മ കൊച്ചനിയന്‍ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടെയും അഞ്ചുമക്കളില്‍ മൂന്നാമനായിട്ടാണ് പാലിയത്ത് ജയചന്ദ്രക്കുട്ടന്‍ എന്ന ജയചന്ദ്രന്റെ ജനനം.

ഭാര്യ: ലളിത. മക്കളായ ലക്ഷ്മിയും ദിനനാഥും ഗായകരാണ്. സഹോദരങ്ങള്‍: കൃഷ്ണകുമാര്‍, ജയന്തി, പരേതരായ സുധാകരന്‍, സരസിജ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.