'സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ചുമതല ഗവര്‍ണര്‍ക്ക്': മുഖ്യമന്ത്രിക്ക് മറുപടിയുമായി രാജേന്ദ്ര അര്‍ലേക്കര്‍

'സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ചുമതല ഗവര്‍ണര്‍ക്ക്': മുഖ്യമന്ത്രിക്ക് മറുപടിയുമായി രാജേന്ദ്ര അര്‍ലേക്കര്‍

ന്യൂഡല്‍ഹി: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ചുമതല ഗവര്‍ണര്‍ക്കാണെന്ന് പുതുതായി ചുമതലയേറ്റ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍.

യുജിസി കരട് ചട്ടങ്ങള്‍ക്കെതിരെയും മുന്‍ ഗവര്‍ണര്‍ ആരിഫ്മുഹമ്മദ് ഖാനെതിരെയും വിമര്‍ശനവുമായി രംഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പറയുകയായിരുന്നു അര്‍ലേക്കര്‍. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ചുമതല ഗവര്‍ണര്‍ക്കാണെന്നും ഇതില്‍ രണ്ട് അഭിപ്രായത്തിന്റെ കാര്യമില്ലെന്നും അര്‍ലേക്കര്‍ പറഞ്ഞു.

കോടതികള്‍ തന്നെ ഇത് വ്യക്തമാക്കിയതാണ്. അതിനാല്‍ വിഷയത്തില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കില്‍ അവ പരിഹരിക്കാവുന്നതേയുള്ളു. ഇതില്‍ രണ്ട് വഴികള്‍ ഇല്ല. കേരളത്തിലെ ജനങ്ങളുടെ നല്ലതിന് വേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കും. മുന്‍ ഗവര്‍ണര്‍ അദേഹത്തിന്റെ ചുമതല ഭംഗിയായി നിര്‍വഹിച്ചു. കേരളത്തിലെ സര്‍ക്കാരും ജനങ്ങളും മികച്ചതാണെന്നും അര്‍ലേക്കര്‍ പറഞ്ഞു.

സര്‍വകലാശകള്‍ ഭരിക്കേണ്ടത് അക്കാദമിക്ക് നിലവാരം ഉള്ളവരാണെന്നും യുജിസിയുടെ പുതിയ നീക്കം അംഗീകരിക്കില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനം. ഭരണം സ്തംഭിക്കാനായിരുന്നു പഴയ ഗവര്‍ണര്‍ ശ്രമിച്ചത്. നാടിന് നിരക്കാത്ത രീതിയിലായിരുന്നു മുന്‍ ഗവര്‍ണറുടെ പ്രവര്‍ത്തനം. രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നു നീക്കങ്ങളെന്നും പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

സര്‍വകലാശാലകളുടെ ജനാധിപത്യ സ്വഭാവം നഷ്ടപ്പെടുത്തുന്ന യുജിസി നിയമ ഭേദഗതിയെ എല്ലാത്തരത്തിലും എതിര്‍ക്കും. സര്‍വകലാശാലകളുടെ ജനാധിപത്യ സ്വഭാവം പ്രധാനപ്പെട്ടതാണ്. യുജിസി ഭേദഗതി പ്രകാരം ആര്‍ക്കും വിസി സ്ഥാനത്ത് വന്നിരിക്കാം. അത് ശരിയല്ലെന്നും ആര്‍ക്കും വന്നിരിക്കാവുന്ന അവസ്ഥ പാടില്ലെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.