തൃശൂര്‍: അന്തരിച്ച ഗായകന്‍ പി. ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന്. വൈകുന്നേരം 3:30 ന് ഔദ്യോഗിക ബഹുമതികളോടെ പറവൂര്‍ ചേന്ദമംഗലത്തെ പാലിയത്ത് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും. സിനിമാ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ളവരും ആയിരക്കണക്കിന് സംഗീതപ്രേമികള്‍ പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി തിയറ്ററിലുമെത്തി പി. ജയചന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെ മൃതദേഹം അമല മെഡിക്കല്‍ കോളജില്‍ നിന്ന് പൂങ്കുന്നത്തെ വീട്ടില്‍ എത്തിച്ചു. ഇന്ന് രാവിലെ 10ന് മൃതദേഹം പാലിയത്ത് തറവാട്ടില്‍ എത്തിക്കും. നാലുകെട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രിമാരായ കെ. രാജന്‍, ആര്‍. ബിന്ദു എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു. മമ്മൂട്ടി അടക്കമുള്ള താരങ്ങളും പൂങ്കുന്നത്തെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.
പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്നാണ് പി. ജയചന്ദ്രനെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും പിന്നീട് മരണം സംഭവിച്ചതും. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒന്‍പത് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിലെത്തിയ ദിവസം തന്നെയാണ് മരണം സംഭവിച്ചതും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.