വനനിയമ ഭേദഗതിയില്‍ സര്‍ക്കാരിന്റെ 'സഡന്‍ യൂടേണ്‍': കാരണം കര്‍ഷക സ്‌നേഹമോ?..

വനനിയമ ഭേദഗതിയില്‍ സര്‍ക്കാരിന്റെ 'സഡന്‍ യൂടേണ്‍': കാരണം കര്‍ഷക സ്‌നേഹമോ?..

കൊച്ചി: വനനിയമ ഭേദഗതി നടപ്പാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. മലയോര കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്ക് എതിരായ ഒരു നിലപാടും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയാണ് ഭേദഗതി പിന്‍വലിക്കാനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.

എന്നാല്‍ യഥാര്‍ത്ഥ കാരണം ഇതാണോ? അല്ല എന്നു തന്നെ പറയേണ്ടി വരും. ഇടത് മുന്നണിക്ക് പൊതുവേ മോശമായ സാഹചര്യത്തില്‍ വനനിയമ ഭേദഗതിയില്‍ക്കൂടി തൊട്ട് വെറുതേ കൈ പൊള്ളിക്കേണ്ടതില്ല എന്ന തിരിച്ചറിവാണ് ഇപ്പോഴുണ്ടായ അതിവേഗ പിന്‍മാറ്റത്തിന് പിന്നില്‍ എന്ന് വ്യക്തം.

സര്‍ക്കാരിന്റെ പല നയ രൂപീകരണങ്ങളോടും എതിര്‍പ്പ് പ്രകടമാക്കിയിട്ടുള്ള വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങള്‍ വനനിയമ ഭേദഗതിക്കെതിരെ ശക്തമായി രംഗത്ത് വന്നത് സര്‍ക്കാരിനെ തുടക്കത്തില്‍ തന്നെ പ്രതിരോധത്തിലാക്കിയിരുന്നു.

വിവിധ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഏതാണ്ട് അമ്പതോളം വരുന്ന മലയോര നിയമസഭാ മണ്ഡലങ്ങളില്‍ കുടിയേറ്റ കര്‍ഷകരായ ക്രൈസ്തവര്‍ നിര്‍ണായക ശക്തിയാണ്. വര്‍ധിച്ചു വരുന്ന വന്യജീവി ആക്രമണങ്ങളാല്‍ കൃഷി നശിക്കുകയും ജീവന്‍ വരെ നഷ്ടമാവുകയും ചെയ്തിട്ടും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നീതി ലഭിക്കുന്നില്ല എന്ന പരാതി മലയോര കര്‍ഷകര്‍ക്ക് നിലവിലുണ്ട്.

കാട്ടാന, കടുവ, പുലി തുടങ്ങിയവയുടെ ആക്രമണങ്ങളില്‍ ഒരോ ജീവന്‍ പൊലിയുമ്പോഴും 'പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാം' എന്ന പതിവ് പല്ലവിയല്ലാതെ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടാകാറില്ല.

ഇക്കാര്യത്തിലുള്ള പ്രതിഷേധം നിലനില്‍ക്കേ 'കൂനിന്മേല്‍ കുരു' എന്ന പോലെ വന നിയമ ഭേദഗതി കൂടി കൊണ്ടു വന്നാല്‍ ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മലയോര മേഖലകളില്‍ വന്‍ തിരിച്ചടിയുണ്ടാകുമെന്ന ഭയം ഇടത് മുന്നണിക്കുണ്ട്.

മാത്രമല്ല, ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ നിലപാടും നിര്‍ണായകമായി. മലയോര കര്‍ഷകരുടെ വികാരം കണക്കിലെടുക്കാതെ വനനിയമ ഭേദഗതിയുമായി മുന്നോട്ട് പോകരുതെന്ന മുന്നറിയിപ്പ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അവര്‍ നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസിന്റെ നിലപാടിനെ അവഗണിച്ച് മുന്നോട്ടു പോകാന്‍ ഇടത് മുന്നണിക്കും ആകുമായിരുന്നില്ല.

വനനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഇടത് മുന്നണിയുമായി ഉടക്കിയാല്‍ കേരള കോണ്‍ഗ്രസ് എമ്മിനെ പച്ച പരവതാനി വിരിച്ച് സ്വീകരിക്കാന്‍ തയ്യാറായി യുഡിഎഫ് നില്‍ക്കുന്ന സാഹചര്യവും എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു.

'പണ്ടേ ദുര്‍ബല, പോരാത്തതിന് ഗര്‍ഭിണിയും' എന്ന അവസ്ഥയില്‍ നില്‍ക്കുന്ന മുന്നണിക്കും സര്‍ക്കാരിനും കേരള കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നും അത്തരമൊരു ചുവടുമാറ്റം ഉണ്ടാകുന്നത് ചിന്തിക്കാന്‍ പോലുമാകില്ല താനും. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും.

ഇതിനെല്ലാം പുറമേയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തില്‍ വനനിയമ ഭേദഗതിക്കെതിരെ മലയോര മേഖലകളില്‍ വന്‍ പ്രതിഷേധം സംഘടിപ്പിക്കാനുള്ള യുഡിഎഫ് നീക്കമുണ്ടായത്. നിയമ ഭേദഗതി ഉപേക്ഷിച്ചതിലൂടെ യുഡിഎഫിന്റെ അത്തരം ശ്രമങ്ങള്‍ക്ക് തടയിടാനും സര്‍ക്കാരിനായി.

മാത്രമല്ല, പി.വി അന്‍വര്‍ രാജി വച്ചതിനെ തുടര്‍ന്ന് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ കുടിയേറ്റ കര്‍ഷകര്‍ നിരവധിയുള്ള മലയോര മണ്ഡലത്തില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിക്ക് പച്ച തൊടാനികില്ലെന്ന തിരിച്ചറിവും വനനിയമ ഭേദഗതിയില്‍ സര്‍ക്കാരിന്റെ പിന്നാക്കം പോകലിന് പിന്നിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.