അമേരിക്കയിൽ ഒരു വർഷത്തിനുള്ളിൽ കോവിഡിന് കീഴടങ്ങിയത് അഞ്ച് ലക്ഷം ജീവനുകൾ

അമേരിക്കയിൽ ഒരു വർഷത്തിനുള്ളിൽ കോവിഡിന് കീഴടങ്ങിയത് അഞ്ച് ലക്ഷം ജീവനുകൾ

വാഷിങ്ടണ്‍: അമേരിക്കയിൽ കോവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു. അമേരിക്കയിലെ ആദ്യത്തെ ജീവൻ കോവിഡിന് കീഴടങ്ങിയിട്ട് ഇന്ന് ഒരു വർഷം തികയുന്നു. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

കോവിഡ് ബാധിച്ച് മരിച്ചവരെ ആദരിക്കാൻ വെള്ളിയാഴ്ച സൂര്യാസ്തമനം വരെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാൻ പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടു. വാഷിങ്ടണിലെ നാഷണൽ കത്തീഡ്രലിൽ അഞ്ച് ലക്ഷം മരണങ്ങളെ പ്രതിനിധീകരിച്ച് അഞ്ഞൂറ് തവണ ഇന്ന് മണി മുഴങ്ങി.

" മരിച്ച ഓരോ വ്യക്തിയെയും അവർ ജീവിച്ച ജീവിതത്തെയും ഓർക്കുന്നു" കത്തീഡ്രലിലെ മണി അടിച്ചതിന് ശേഷം വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിൽ ബൈഡൻ പറഞ്ഞു. ബൈഡനും ഭാര്യയും വൈസ് പ്രസിഡന്റ് കമല ഹാരിസും അവരുടെ ഭർത്താവും കറുത്ത വസ്ത്രവും കറുത്ത മാസ്കും ധരിച്ചെത്തി മരിച്ചവരോടുള്ള ആദരസൂചകമായി ഏതാനും നിമിഷങ്ങൾ മൗനമായി നിന്നു.

പൊതുജനാരോഗ്യ വിവരങ്ങളുടെ കണക്കുകൾ പ്രകാരം തിങ്കളാഴ്ച ഉച്ചവരെ രാജ്യത്ത് 28 ദശലക്ഷത്തിലധികം കോവിഡ് കേസുകളാണ് ഉണ്ടായിട്ടുള്ളത്. 500,264 പേർക്ക്‌ ജീവൻ നഷ്ടപ്പെട്ടു. എന്നിരുന്നാലും ഇപ്പോഴത്തെ കോവിഡ് ബാധിതരുടെ എണ്ണം ക്രിസ്മസിന് മുൻപുള്ള കോവിഡ് കേസുകളിൽ നിന്ന്‌ വളരെ താഴ്ന്നിട്ടുണ്ട്.

“ഈ അവസരത്തിൽ, പ്രിയപ്പെട്ടവർ നഷ്ടപ്പെട്ടവരെയും മരണമടഞ്ഞവരെയും ഓർക്കുന്നു" ബൈഡൻ പറഞ്ഞു. ഈ മരണക്കണക്ക് ഹൃദയം തകര്‍ക്കുന്നതാണെന്ന് ബൈഡന്‍ പ്രതികരിച്ചു. കോവിഡിനെതിരെ ഒരുമിച്ച് നില്‍ക്കാന്‍ അമേരിക്കന്‍ ജനതയോട് ബൈഡന്‍ ആഹ്വാനം ചെയ്തു.

എല്ലാവരും ജാഗ്രതയോടെ ഇരിക്കാനും സാമൂഹ്യ അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും വാക്‌സിൻ സ്വീകരിക്കാനും അമേരിക്കന്‍ പ്രസിഡന്റ് ആഹ്വാനം ചെയ്തു. അമേരിക്കയിലെ കോവിഡ് മരണ നിരക്ക് ലോകത്തെ മറ്റേത് രാജ്യത്തേക്കാളും കൂടുതലാണ്.

ലോകത്ത് ഏറ്റവും ഗുരുതരമായി കോവിഡ് ബാധിച്ചിരിക്കുന്ന രാജ്യം അമേരിക്കയാണ്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് രാജ്യം ഇതിനകം കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പ് എടുത്തു കഴിഞ്ഞു. ശൈത്യകാലത്ത് വര്‍ധിച്ച കോവിഡ് നിരക്കുകള്‍ ഇപ്പോള്‍ താരതമ്യേനെ രാജ്യത്ത് കുറഞ്ഞ് വരികയുമാണ്.

ലോകജനസംഖ്യയുടെ വെറും നാല് ശതമാനം മാത്രമുള്ള അമേരിക്കയിലാണ് ആഗോള കോറോണ വൈറസ് മരണങ്ങളിൽ 19 ശതമാനവും സംഭവിച്ചിരിക്കുന്നത്. 100 വർഷത്തിനുള്ളിൽ രാജ്യത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഈ രാജ്യത്ത് സംഭവിച്ച ഏറ്റവും മോശമായ കാര്യമാണിത്, ഇന്ഫേക്ഷ്യസ് ഡിസീസ് കണ്ട്രോൾ ഡിറാക്റ്റർ ഡോ. ആന്റണി ഫൗസി തിങ്കളാഴ്ച റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.