തിരുവനന്തപുരം: പാറശാലയില്‍ ഷാരോണ്‍ രാജിനെ (23) കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയെന്ന കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ പ്രതി ഗ്രീഷ്മയുടെ (22) ശിക്ഷാ വിധി ഇന്നുണ്ടാവില്ല. ഇന്ന് കോടതിയില്‍ ശിക്ഷാവിധിയില്‍ വാദം നടക്കും. ശിക്ഷ പിന്നിട് വിധിക്കും.
കേസില്‍ ഗ്രീഷ്മയും തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്ന, മൂന്നാം പ്രതി അമ്മാവന്‍ നിര്‍മല കുമാരന്‍ നായരും കുറ്റക്കാരെന്ന് നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. തെളിവില്ലാത്തതിനാല്‍ രണ്ടാം പ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധുവിനെ കോടതി കുറ്റവിമുക്തയാക്കി.
കൊലപാതകം, വിഷം നല്‍കല്‍, തട്ടിക്കൊണ്ടുപോകല്‍, പൊലീസിനെ തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങി ഗ്രീഷ്മയ്ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തിയെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു. തെളിവ് നശിപ്പിക്കാന്‍ സഹായിച്ച ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ നായരും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ.എം ബഷീര്‍ ആണ് വിധി പ്രസ്താവിച്ചത്. മറ്റൊരാളെ വിവാഹം കഴിക്കാനായി, കാമുകനായ ഷാരോണിനെ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.
2022 ഒക്ടോബര്‍ 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വര്‍ഷങ്ങളായി ഷാരോണും ഗ്രീഷ്മയും അടുപ്പത്തിലായിരുന്നു. ഒരു സൈനികനുമായി വിവാഹം നിശ്ചയിച്ചതോടെ, ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ആദ്യം ജൂസ് ചലഞ്ച് നടത്തി, പാരസെറ്റാമോള്‍ കലര്‍ത്തിയ ജൂസ് ഷാരോണിനെ കുടിപ്പിച്ചു. എന്നാല്‍ ദേഹാസ്വാസ്ഥ്യമുണ്ടായെങ്കിലും ഷാരോണ്‍ രക്ഷപ്പെടുകയായിരുന്നു.
പിന്നീടാണ് പളുകിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി കൊടുത്തത്. ഇതേത്തുടര്‍ന്ന് ശാരീരിക അവശത നേരിട്ട ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 11 ദിവസത്തിന് ശേഷം മരിക്കുകയായിരുന്നു. ഫൊറന്‍സി ഡോക്ടര്‍ പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ ശാസ്ത്രീയ തെളിവുകളാണ് കേസില്‍ നിര്‍ണായകമായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.