സര്‍ക്കാരുകള്‍ തമ്മിലടിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കരുത്: ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍

സര്‍ക്കാരുകള്‍ തമ്മിലടിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കരുത്: ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍

കോട്ടയം: വൈസ് ചാന്‍സിലര്‍, അധ്യാപക നിയമന മാനദണ്ഡ കരട് നിര്‍ദേശങ്ങളുടെ പേരില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലടിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ ബോധപൂര്‍വം തകര്‍ക്കുവാന്‍ ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ ആഗോളവല്‍ക്കരണം ഇന്ന് യാഥാര്‍ത്ഥ്യമായിരിക്കുമ്പോള്‍ അവസരങ്ങളും സാധ്യതകളും തേടി പുതുതലമുറ വിദേശ രാജ്യങ്ങളിലേയ്ക്ക് ഒഴുകുന്ന സാഹചര്യം വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. രാജ്യാന്തര നിലവാരവും തൊഴില്‍ സാധ്യത ഉള്ളതുമായ ഉന്നത വിദ്യാഭ്യാസം പുതുതലമുറയ്ക്ക് പങ്കുവെയ്ക്കാന്‍ ഉത്തരവാദിത്വപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരസ്പരം പോരടിച്ച് തുഗ്ലക് പരിഷ്‌കാരങ്ങള്‍ നടത്തി രാഷ്ട്രീയ നാടകം കളിച്ച് വരും തലമുറയുടെ ഭാവി പന്താടുകയാണെന്നും അഡ്വ. വി.സി സെബാസ്റ്റ്യന്‍ കുറ്റപ്പെടുത്തി.

യുജിസിയുടെ പുതിയ കരട് നിര്‍ദേശങ്ങള്‍ രാജ്യത്തെ ഫെഡറല്‍ ഭരണസംവിധാനത്തിന്മേലുള്ള കടന്നുകയറ്റം ആണെന്നതില്‍ സംശയമില്ല. സംസ്ഥാന സര്‍ക്കാരുകള്‍ നിയമനിര്‍മാണത്തിലൂടെ ആരംഭിച്ച സര്‍വ്വകലാശാലകള്‍ ആര് ഭരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്നത് എതിര്‍ക്കപ്പെടണം. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് സമഗ്ര സംഭാവനകള്‍ ചെയ്യുന്ന ഉന്നത നിലവാരവും അന്തര്‍ദേശീയ അംഗീകാരവുമുള്ള സംസ്ഥാനത്തെ സ്വയംഭരണ കോളജുകളേയും സ്വാശ്രയ കോളജുകളയും കൂച്ചുവിലങ്ങിടുന്ന സര്‍ക്കാര്‍ മനോഭാവവും മാറണം.

വിദ്യാര്‍ത്ഥി പരിശീലന പാഠ്യപദ്ധതികളിലും അധ്യാപന രീതികളിലും കാലോചിതമായ മാറ്റങ്ങളും വേണം. അധികാരത്തിന്റെ മറവില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നടത്തുന്ന പിന്നാമ്പുറ നിയമനങ്ങളും അംഗീകരിക്കാനാവില്ല. അധ്യാപകരുടെ യോഗ്യതകളും അവരുടെ പ്രവര്‍ത്തനങ്ങളുടെ കാലാനുസൃത വിലയിരുത്തലുകളും കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ചുള്ള യോഗ്യത പുനര്‍നിര്‍ണയവും ഇന്നത്തെ സാഹചര്യത്തില്‍ അത്യാവശ്യ കാര്യങ്ങളാണ്.
അധികാര വടംവലിയുടെ പേരില്‍ രാഷ്ട്രീയ ഭരണ നേതൃത്വങ്ങള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ പുതുതലമുറ രാജ്യം വിട്ടോടുന്ന പ്രക്രിയ കൂടുതല്‍ ശക്തിപ്പെടുമെന്ന് തിരിച്ചറിയണമെന്നും രാജ്യാന്തര കാഴ്ചപ്പാടോടുകൂടിയ ഉന്നത വിദ്യാഭ്യാസ മുന്നേറ്റത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം സഹകരിക്കണമെന്നും വി.സി സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.