പരീക്ഷണങ്ങളുടെ അനന്ത സാധ്യതകളുമായി പെർസെവെറൻസ് റോവർ ചൊവ്വയുടെ മണ്ണിൽ

പരീക്ഷണങ്ങളുടെ അനന്ത സാധ്യതകളുമായി പെർസെവെറൻസ്  റോവർ ചൊവ്വയുടെ മണ്ണിൽ

വാഷിങ്ടൺ: യുഎസ് ബഹിരാകാശ ഏജൻസിയായ നാസ തിങ്കളാഴ്ച ചൊവ്വയുടെ ഉപരിതലത്തിൽ നിന്നുള്ള സ്വരങ്ങൾ റെക്കോർഡ് ചെയ്ത ആദ്യ ഓഡിയോ പുറത്തിറക്കി. പെർസെവെറൻസ് റോവർ പിടിച്ചെടുത്ത കാറ്റിന്റെ സ്വരമാണ് ഓഡിയോയിലുള്ളത്. ചുവന്ന ഗ്രഹത്തിൽ ജീവന്റെ കണികകൾ ഉണ്ടായിരുന്നുവോ എന്ന അന്വേഷണ ദൗത്യത്തിലാണ് നാസ.

റോവർ ഉപരിതലത്തിലേക്ക് ഇറങ്ങുന്ന അവസരത്തിൽ മൈക്രോഫോൺ പ്രവർത്തനക്ഷമമല്ലായിരുന്നു ലാൻഡിങ്ങിനു ശേഷമാണ് പ്രവർത്തിച്ചു തുടങ്ങിയത്. നാസ എഞ്ചിനീയർമാർ 60 സെക്കൻഡ് ഉള്ള റെക്കോർഡിംഗ് ആണ് പൊതുജനങ്ങളുമായി പങ്കുവച്ചത്. കഴിഞ്ഞയാഴ്ച റോവർ ലാൻഡിംഗിന്റെ ആദ്യ വീഡിയോയും നാസ പുറത്തിറക്കിയിരുന്നു. മൂന്ന് മിനിറ്റും 25 സെക്കൻഡും നീണ്ടുനിൽക്കുന്ന ഹൈ-ഡെഫനിഷൻ വീഡിയോ ക്ലിപ്പ്, ചുവപ്പും വെള്ളയും നിറമുള്ള പാരച്യൂട്ടിന്റെ വിന്യാസം കാണിക്കുന്നു.

ചൊവ്വയിലെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ പെർസെവെറൻസിനെ ചൂടിൽ നിന്നും സംരക്ഷിച്ചിരുന്ന കവചങ്ങൾ താഴെ വീഴുന്നതും ചൊവ്വ ഗ്രഹത്തിന്റെ മധ്യരേഖയ്ക്ക് വടക്കുള്ള ജെസെറോ ഗർത്തത്തിലെ പൊടിപടലങ്ങളിലേക്ക് താണിറങ്ങുന്നതും വീഡിയോയിൽ കാണാം. റോവർ ഇതുവരെ പ്രതീക്ഷിച്ചപോലെ പ്രവർത്തിക്കുന്നുണ്ടെന്നും എഞ്ചിനീയർമാർ അതിന്റെ സംവിധാനങ്ങളെയും ഉപകരണങ്ങളെയും കുറിച്ച് പരിശോധന നടത്തുന്നുണ്ടെന്നും പെർസെവെറൻസിന്റെ ഉപരിതല മിഷൻ മാനേജർ ജെസീക്ക സാമുവൽസ് പറഞ്ഞു.

റോവറിൽ ഉള്ള ഹെലികോപ്റ്റർ ഡ്രോൺ ഉപയോഗിച്ച് ഉപരിതല പര്യവേക്ഷണത്തിനായി തയ്യാറെടുപ്പുകൾ നടത്തുന്നതായി അവർ അറിയിച്ചു. മറ്റൊരു ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ നടത്തുന്ന ആദ്യ പറക്കലായിരിക്കും എന്ന പ്രത്യേകത കൂടി ഉണ്ട് ഇതിന്. ഭൂമിയുടെ സാന്ദ്രതയുടെ ഒരു ശതമാനം മാത്രമുള്ള അന്തരീക്ഷത്തിൽ ഡ്രോണിന് പറക്കാനാകും എന്ന് കരുതുന്നു. ഇതിന്റെ പ്രധാന ദൗത്യം രണ്ട് വർഷം നീണ്ടുനിൽക്കുമെങ്കിലും അതിനുശേഷവും അത് പ്രവർത്തനക്ഷമമായി തുടരും. ഇതിന്റെ മുൻഗാമിയായ ക്യൂരിയോസിറ്റി ചൊവ്വയിൽ വന്നിട്ട് എട്ട് വർഷങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും പ്രവർത്തനക്ഷമമാണ്. വരും വർഷങ്ങളിൽ, ലാബ് വിശകലനത്തിനായി 2030 കളിൽ എപ്പോഴെങ്കിലും ഭൂമിയിലേക്ക് തിരിച്ചയക്കുന്നതിനായി മുദ്രയിട്ട ട്യൂബുകളിൽ 30 പാറകൾ, മണ്ണിന്റെ സാമ്പിളുകൾ എന്നിവ ശേഖരിച്ച് വയ്ക്കുവാൻ പെർസെവെറൻസ് ശ്രമിക്കും .

ഒരു ടൺ ഭാരമുള്ള പെർസെവെറൻസിന് ഏഴടി നീളമുള്ള റോബോട്ടിക്കരങ്ങൾ, 19 ക്യാമറകൾ, രണ്ട് മൈക്രോഫോണുകൾ, കട്ടിംഗ് എഡ്ജ് ഉപകരണങ്ങൾ എന്നിവയുണ്ട്. വളരെ പണ്ട് ചൊവ്വ ചൂടുള്ളതും നനവുള്ളതുമായിരുന്നു എന്ന് നേരെത്തെ നടത്തിയ പര്യവേക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിനെക്കുറിച്ചു കൂടുതൽ അന്വേഷണങ്ങൾ നടത്തുവാൻ പെർസെവെറൻസിന് കഴിയും എന്ന് കരുതുന്നു. വേനൽക്കാലത്ത് ആദ്യത്തെ സാമ്പിളുകൾ ശേഖരിക്കാൻ തുടങ്ങും. കൂടാതെ ജൈവവസ്തുക്കൾ, കെമിക്കൽ കോമ്പോസിഷനുകൾ, ജലത്തിന്റെ സാന്നിദ്ധ്യം എന്നിവ സ്കാൻ ചെയ്യുന്നതിന് പുതിയ ഉപകരണങ്ങൾ വിന്യസിക്കും.

ചൊവ്വയുടെ അന്തരീക്ഷത്തിലുള്ള കാർബൺ ഡൈ ഓക്സൈഡിനെ സ്വീകരിച്ചുകൊണ്ട് ഓക്സിജൻ നിർമ്മിക്കുവാൻ സാധിക്കുന്ന ഒരു പ്ലാന്റ് പോലെയുള്ള ഉപകരണവും ഈ ദൗത്യത്തിൽ ഉൾപ്പെടുന്നു. ഇത് വിജയമാകുകയാണെങ്കിൽ ഭാവി യാത്രകളിൽ മനുഷ്യർക്ക് സ്വന്തമായി ഓക്സിജൻ വഹിക്കേണ്ട ആവശ്യമില്ല. കൂടാതെ ഇത് റോക്കറ്റ് ഇന്ധനത്തിനും നിർണ്ണായകമാണ്. ചൊവ്വയിലേക്ക് വിദൂര ഭാവിയിൽ മനുഷ്യ ദൗത്യത്തിനായി അമേരിക്ക ഒരുങ്ങുകയാണ്.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.