ആനസംരക്ഷണ കേന്ദ്രങ്ങൾക്കും ആനത്താരകൾക്കും നിയമപദവി നൽകാൻ ആലോചന

ആനസംരക്ഷണ കേന്ദ്രങ്ങൾക്കും ആനത്താരകൾക്കും നിയമപദവി നൽകാൻ ആലോചന

ന്യൂഡൽഹി: കടുവ സംരക്ഷണ കേന്ദ്രങ്ങൾക്ക് സമാനമായി രാജ്യത്തെ ആനസംരക്ഷണ കേന്ദ്രങ്ങൾക്കും (എലിഫന്റ് റിസർവുകൾ) നിയമപരമായ പദവി നൽകാൻ ആലോചന. ആനത്താരകൾക്കും നിയമപദവി ലഭിക്കും. പദ്ധതി നടപ്പാക്കിയാൽ ഇവയ്ക്ക് സമീപം ഖനനം, വ്യവസായം എന്നിവ അനുവദിക്കില്ല. ഇതുസംബന്ധിച്ച് അഭിപ്രായം അറിയിക്കാൻ ആനകളേറെയുള്ള പത്തുസംസ്ഥാനങ്ങൾക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കത്തെഴുതി.

ആനസംരക്ഷണ കേന്ദ്രങ്ങൾക്ക് നിയമപദവി നൽകാൻ 1972-ലെ വന്യജീവിസംരക്ഷണനിയമം ഭേദഗതിചെയ്യാനാണ് കേന്ദ്രം ആലോചിക്കുന്നത്. മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷം കുറയ്ക്കാനുള്ള നടപടികൾക്കായി സമഗ്രമായ നാഷണൽ എലിഫന്റ് ആക്‌ഷൻ പ്ലാൻ തയ്യാറാക്കാനും നടപടിയുണ്ടാകും. ആക്‌ഷൻ പ്ലാനിനായി ഉൾപ്പെടുത്തിയിരിക്കുന്ന സംസ്ഥാനങ്ങളിൽ കേരളവുമുണ്ട്.

ആനസംരക്ഷണ കേന്ദ്രങ്ങൾക്ക് നിയമപദവി വേണമെന്ന് കാലങ്ങളായി ഉയരുന്ന ആവശ്യമാണ്. പദവി നൽകിക്കഴിഞ്ഞാൽ ആനറിസർവുകളിൽ കടുത്ത നിയന്ത്രണങ്ങളാണ് നിലവിൽവരുക. ദേശീയ വന്യമൃഗ ബോർഡിന്റെ മുൻകൂർ അനുമതിയില്ലാതെ റിസർവുകളുടെ അതിർത്തി മാറ്റാനാവില്ല. അതിനാൽ, നിയന്ത്രണങ്ങൾ വരുമാനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾ ഈ നിർദേശത്തെ എതിർത്തുവരികയാണ്.

വന്യജീവിസംരക്ഷണ നിയമപ്രകാരം ടൈഗർ റിസർവ് മാനേജ്‌മെന്റ് പ്ലാൻ സംസ്ഥാന വനംവകുപ്പാണ് നടപ്പാക്കുന്നത്. യുക്തമായനിലയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കർമപരിപാടി തയ്യാറാക്കും. രാജ്യത്തെ 50 കടുവസംരക്ഷണ കേന്ദ്രങ്ങളുടെ നിയന്ത്രണാധികാരമുള്ള ദേശീയ കടുവസംരക്ഷണ അതോറിട്ടിക്ക് ലീഗൽ സ്റ്റാറ്റസ് നൽകാനും നിയമം വ്യവസ്ഥചെയ്യുന്നുണ്ട്. ഈനിലയിൽ രാജ്യത്തെ 15 സംസ്ഥാനങ്ങളിലായി പടർന്നുകിടക്കുന്ന 30 എലിഫന്റ് റിസർവുകൾക്ക് സമാനമായ നിയമപരിരക്ഷ നൽകാനാണ് നീക്കം. പ്രോജക്ട് എലിഫന്റ് പദ്ധതിക്ക് സ്റ്റാറ്റ്യൂട്ടറി സ്റ്റാറ്റസും നൽകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.