കൊച്ചി: സിഎസ്ആര്‍ തട്ടിപ്പില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും പങ്ക്. കേസില്‍ മുഖ്യ പ്രതിയായ അനന്തു കൃഷ്ണന്‍ രാഷ്ട്രീയ ഭേദമന്യേ നേതാക്കളെ തന്റെ തട്ടിപ്പില്‍ ഉള്‍പ്പെടുത്തിയെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കേസില്‍ കോണ്‍ഗ്രസ് നേതാവ് അഡ്വ. ലാലി വിന്‍സെന്റിനെ പൊലീസ് ഇതിനോടകം പ്രതി ചേര്‍ത്തിട്ടുണ്ട്.
അനന്തു കൃഷ്ണന്റെ സീഡ് എന്ന സന്നദ്ധ സംഘടനയുടെ ലീഗല്‍ അഡൈ്വസറാണ് ലാലി വിന്‍സെന്റ്. അതേസമയം സിഎസ്ആര്‍ ഫണ്ടിന്റെ മറവില്‍ അനന്തു കൃഷ്ണന്‍ നടത്തിയ വന്‍കിട തട്ടിപ്പുകളില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറും. സാമ്പത്തിക കുറ്റകൃത്യം അന്വേഷിക്കുന്ന സംഘമാണ് തട്ടിപ്പ് അന്വേഷിക്കുക. കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല.
അനന്തു കൃഷ്ണനെതിരെ പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിലേക്ക് മാറ്റുന്നത്. പൊലീസ് ആസ്ഥാനത്ത് ലഭിച്ച ആറ് പരാതികളില്‍ അടക്കം അനന്തു കൃഷ്ണനെതിരെ 15 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലക്കാരാണ് തട്ടിപ്പിന് ഇരയായവരില്‍ കൂടുതലും.
നാഷണല്‍ എന്‍ജിഒ ഫെഡറേഷന്‍ എന്ന സംഘടനയുടെ നാഷനല്‍ കോ-ഓഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു അനന്തുവിന്റെ തട്ടിപ്പ്. സ്വന്തം പേരില്‍ വിവിധ കണ്‍സള്‍ട്ടന്‍സികള്‍ ഉണ്ടാക്കി അതിന്റെ പേരിലാണ് ഇടപാടുകള്‍ നടത്തിയത്.
എന്നാല്‍, ഇതുവരെ ഒരു കമ്പനിയില്‍ നിന്നും സിഎസ്ആര്‍ ഫണ്ട് ലഭ്യമായിട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ അനന്തു പൊലീസിനോട് സമ്മതിച്ചിരുന്നു. പകുതി വിലയ്ക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്താണ് അനന്തു വന്‍ തട്ടിപ്പ് നടത്തിയത്. പ്രതിയുടെ അറസ്റ്റിന് പിന്നാലെ തട്ടിപ്പിനിരയായ 1,200 ഓളം സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു.
വിമണ്‍ ഓണ്‍ വീല്‍സ് എന്ന പദ്ധതിയുടെ പേരിലായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നത്. വാഹനത്തിന്റെ പകുതി തുക അടച്ചാല്‍ ബാക്കി പകുതി തുക കേന്ദ്ര സര്‍ക്കാര്‍ സഹായമായും വലിയ കമ്പനികളുടേതടക്കം സിഎസ്ആര്‍ ഫണ്ടായി ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം.
പണം അടച്ച് 45 ദിവസത്തിനുള്ളില്‍ വാഹനം ലഭ്യമാകുമെന്നും ഇയാള്‍ പറഞ്ഞിരുന്നു. അനന്തു കൃഷ്ണന്റെ വാക്കുകള്‍ വിശ്വസിച്ച സ്ത്രീകള്‍ ഇയാളുടെ സ്ഥാപനത്തിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം അയച്ചു നല്‍കിയത്.
ആളുകളുടെ വിശ്വാസം നേടുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് വരെയുള്ളവരുമായി എടുത്ത ചിത്രങ്ങള്‍ ഇയാള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.