ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെ നാട് കടത്തുന്നത് ആദ്യ സംഭവമൊന്നുമല്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. 2009 മുതല്‍ അമേരിക്ക അനധികൃത കുടിയേറ്റക്കാരെ നാട് കടത്തുന്നുണ്ട്. 2012 മുതല്‍ യു.എസ് നാടുകടത്തുന്നവരെ വിലങ്ങണിയിക്കാറും ഉണ്ട്. സ്ത്രീകളെയും കുട്ടികളെയും വിലങ്ങ് ഇട്ടിരുന്നില്ലെന്നും വിദേശകാര്യമന്ത്രി ജയശങ്കര്‍ പറഞ്ഞു. രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിയമവിരുദ്ധ കുടിയേറ്റക്കാരെ തിരിച്ചെടുക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും ബാധ്യതയുണ്ട്. ഇത് പൊതുവായി അംഗീകരിക്കപ്പെട്ട തത്വമാണെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. നിയമവിരുദ്ധ കുടിയേറ്റം പാടില്ലാത്തതാണ്. നമ്മുടെ രാജ്യം നിയമവിരുദ്ധ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നില്ല. തിരിച്ച് അയക്കുന്നവരോട് ഒരു തരത്തിലും മോശമായി പെരുമാറുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ യുഎസ് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. തിരിച്ചയക്കുന്നവരോട് മേശമായി പെരുമാറാതെ, നിയമങ്ങള്‍ പാലിച്ചാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
അമേരിക്കയുടെ നാട് കടത്തല്‍ സംഘടിപ്പിക്കുന്നതും നടപ്പിലാക്കുന്നതും ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് അതോറിറ്റിയാണ്. 2012 മുതല്‍ പ്രാബല്യത്തില്‍ വന്ന ഐസിഇ ഉപയോഗിക്കുന്ന വിമാനങ്ങള്‍ വഴിയുള്ള നാടുകടത്തലിന് മാര്‍ഗ നിര്‍ദേശങ്ങള്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. സ്ത്രീകളെയും കുട്ടികളെയും ഒരു തരത്തിലും നിയന്ത്രിക്കുന്നില്ലെന്ന് ഐസിഇ അറിയിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. കൂടാതെ അമേരിക്ക കയറ്റിവിട്ട കുടിയേറ്റക്കാരുടെ കണക്കുകളും വിദേശകാര്യമന്ത്രി പുറത്തു വിട്ടു.
നൂറുകണക്കിന് അനധികൃത താമസക്കാരായ ഇന്ത്യക്കാരെയാണ് ഓരോ വര്‍ഷവും അമേരിക്ക നാട് കടത്തുന്നത്. 2009 മുതല്‍ നാട് കടത്തിയവരുടെ എണ്ണവും കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. 2019 ലാണ് ഏറ്റവും കൂടുതല്‍ പേരെ നാടു കടത്തിയത്. 2042 പേരെയാണ് ആ വര്‍ഷം നാടു കടത്തിയതെന്ന് കേന്ദ്ര മന്ത്രി ജയശങ്കര്‍ പറഞ്ഞു.
2009 മുതലുള്ള കണക്കുകള്‍ ഇപ്രകാരമാണ്. 2009: 734, 2010: 799, 2011: 597, 2012: 530, 2013: 550, 2014: 591, 2015: 708, 2016: 1,303, 2017: 1,024, 2018: 1,180, 2019: 2,042, 2020: 1,889, 2021: 805, 2022: 862, 2023: 670, 2024: 1,368, 2025: 104 എന്നിങ്ങനെയാണ് നാടുകടത്തപ്പെട്ട ഇന്ത്യാക്കാരെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി അറിയിച്ചു.
നാടുകടത്താന്‍ ഏതു വിമാനവും ഉപയോഗിക്കാന്‍ യു.എസിന് അവകാശമുണ്ട്. ഏതുതരം വിമാനം ചാര്‍ട്ടര്‍ ചെയ്യണണെന്ന് അമേരിക്കയുടെ എമിഗ്രേഷന്‍ വിഭാഗമാണ് തീരുമാനിക്കുന്നത്. നാട് കടത്തലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അമേരിക്ക ഇന്ത്യന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. നാടുകടത്തപ്പെട്ടവര്‍ പലരും കോണ്‍സുലാര്‍ സഹായം തേടിയിരുന്നില്ല. 104 പേരുടെ കാര്യത്തില്‍ ഇന്ത്യന്‍ എംബസിക്ക് ഇടപെടാന്‍ കഴിഞ്ഞില്ല. ഇവര്‍ എങ്ങനെ അമേരിക്കയില്‍ നിയമവിരുദ്ധമായി എത്തിയെന്ന് അന്വേഷിക്കും. വിദ്യാര്‍ത്ഥികളുടെ വിസ അമേരിക്ക റദ്ദാക്കില്ലെന്നും കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ രാജ്യസഭയില്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.