മെൽബൺ:ഓസ്ട്രേലിയയിലെ സീറോ മലബാർ സഭയെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഓൺലൈൻ മാധ്യമ വാർത്തക്കെതിരെ വിശ്വാസികൾക്കിടയിൽ കടുത്ത അമർഷവും പ്രതിഷേധവും. ദേവാലയ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള കണക്കുകൾ വിശ്വാസപരിശീലനവുമായി താരതമ്യപ്പെടുത്തി വാർത്തകൾ സൃഷ്ടിച്ച് വിശ്വാസികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന വികല മാധ്യമ സംസ്കാരത്തിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് വിശ്വാസികളിൽ പലരുടെയും അഭിപ്രായം. ഓസ്ട്രേലിയയിലെ സീറോ മലബാർ പള്ളികളിൽ വേദപാഠം പഠിപ്പിക്കാൻ ഉയർന്ന ഫീസ് എന്ന തലക്കെട്ടിൽ കഴിഞ്ഞദിവസം ഒരു ഓൺലൈൻ മാധ്യമത്തിൽ വന്ന വാർത്തയായിരുന്നു ഇതിനാധാരം. തികച്ചും അസംബന്ധവും തെറ്റിദ്ധാരണ പരുത്തുന്നതുമായ വാർത്ത എന്നാണ് വിശ്വാസികൾ ഒന്നടങ്കം ഇതിനോട് അഭിപ്രായപ്പെട്ടത്. ബ്രിസ്റ്റ്ബെയ്ൻ സൗത്ത് പള്ളിയുടെ പേര് എടുത്ത് പറഞ്ഞുകൊണ്ട് ഇടവക പൊതുയോഗത്തിന്റെ തീരുമാനങ്ങൾ വിശദീകരിച്ച് ഉള്ള ഇ-മെയിലിന്റെ കോപ്പി പുറത്തുവിട്ടു. ഓൺലൈൻ പത്രം നടത്തിയ വാർത്ത സഭ വിരോധികളും കളപ്പുര സംരക്ഷണ സമിതിയംഗങ്ങളും വീറോടെ പ്രചരിപ്പിക്കുകയുണ്ടായി. ഇടവകയിൽ നിന്നും വേദപാഠം പഠിച്ചിറങ്ങുമ്പോൾ ഏതൊരു പ്രൊഫഷണൽ കോഴ്സിനും തുല്യമായ ചിലവ് വരും എന്ന രീതിയിൽ പടച്ചുവിട്ട സെൻസേഷണൽ വാർത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല എന്നതാണ് വസ്തുത.
ഇടവക വികാരിയുടെ ഫോട്ടോയ്ക്കും പേരിനുമൊപ്പം പാരിഷ് കൗൺസിൽ സെക്രട്ടറിയുടെ പേരും വാർത്തയിൽ ഇടം പിടിച്ചിരുന്നു. വേദപാഠം പഠിപ്പിക്കാനായി ഓസ്‌ട്രേലിയയിൽ ഒരിടത്തും സീറോ മലബാർ സഭ ഫീസ് വാങ്ങുന്നില്ലായെന്നതാണ് യാഥാർത്ഥ്യം. ഇടവകയ്ക്ക് സ്വന്തമായി സൗകര്യം ഇല്ലാത്ത സ്ഥലങ്ങളിൽ വാടകയ്ക്കെടുക്കുന്ന ഹാളുകളിലാണ് വിശ്വാസ പരിശീലന ക്ലാസുകളും കുർബാനയും നടത്തുന്നത്. ഇത്തരത്തിലുള്ള ഹാൾ വാടക, കുട്ടികളുടെ പഠനത്തിനാവശ്യമായ പുസ്തകം, ഫയൽ, പരീക്ഷാ നടത്തിപ്പ്, ചോദ്യപേപ്പർ തയ്യാറാക്കൽ, വിശ്വാസ പരിശീലനവുമായി ബന്ധപ്പെട്ടുള്ള വിവിധ ആഘോഷ പരിപാടികൾ, മത്സരങ്ങൾ, ആദ്യകുർബാന സ്വീകരണം തുടങ്ങിയ ചിലവുകളുടെ ഭാഗമായി ചെറിയ ഒരു തുക രജിസ്ട്രേഷൻ സമയത്ത് ചില ഇടവകകൾ വാങ്ങാറുണ്ട്. ഇതിൽ എന്താണ് തെറ്റുള്ളത് എന്നാണ് വിശ്വാസികളുടെ ചോദ്യം. കുട്ടികളുടെ വിശ്വാസ പരിശീലനത്തിനുള്ള ചിലവ് മാതാപിതാക്കൾ നൽകാതെ മറ്റു വല്ലവരും നൽകുമോ എന്നാണ് രക്ഷിതാക്കളിൽ ചിലരുടെ പ്രതികരണം. സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവർക്ക് ഇടവക വികാരിയെ സമീപിച്ച് ഇളവ് നേടാം എന്നതാണ് പൊതുവെയുള്ള രീതി. വേദപാഠം പഠിക്കാനായി ഇടവക രജിസ്ട്രേഷൻ നിർബന്ധമാണ് എന്നതായിരുന്നു വാർത്തയിലെ മറ്റൊരാരോപണം. ഓസ്ട്രേലിയയിലെ നിയമമനുസരിച്ച് ഏതെങ്കിലും ക്ലാസ്സുകളിൽ പ്രവേശിക്കുന്ന കുട്ടികളുടെ മുഴുവൻ വിവരങ്ങളും രക്ഷിതാക്കളുടെ വിവരങ്ങളും വേണം എന്നിരിക്കെ മറ്റെന്ത് രീതിയാണ് സ്വീകരിക്കാനാവുകയെന്നും ഇടവകാംഗങ്ങൾ ചോദിക്കുന്നു.
ഓരോവർഷവും പഠിക്കുന്ന കുട്ടികളുടെ വിവരങ്ങൾ പലവിധ ഓഡിറ്റിംഗിനും വിധേയമാക്കേണ്ട രാജ്യത്ത് ഇത്തരം ബാലിശമായ ആരോപണങ്ങൾക്ക് പിന്നിൽ സഭ വിരോധം ഒന്ന് മാത്രമാണെന്നാണ് ബഹുഭൂരിപക്ഷത്തിന്റെയും അഭിപ്രായം. അടുത്തകാലത്തായി ഓസ്ട്രേലിയയിലെ സീറോ മലബാർ സഭയിൽ ഉണ്ടായിട്ടുള്ള വളർച്ച ഏവരേയും അത്ഭുതപ്പെടുത്തുന്നതാണ്. കേവലം ആറ് വർഷം മുൻപ് രൂപംകൊണ്ട രൂപതയ്ക്ക് ഇപ്പോൾ 13 ഇടവകകളും 28 മിഷൻ സെൻസറുകളും ആയി കഴിഞ്ഞു. മെൽബൺ, ബ്രിസ്റ്റ്ബെൻ, സിഡ്നി, പെർത്ത് തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം സീറോ മലബാർ സഭ ദേവാലയങ്ങളുടെ പണി തുടങ്ങിക്കഴിഞ്ഞു. അഡ്ലെയ്ഡിലും ബ്രിസ്റ്റ്ബെഡിലും ഇതിനോടകം സ്വന്തമായി ദേവാലയമായി കഴിഞ്ഞു. ഓസ്‌ട്രേലിയയിൽ സഭ ശക്തിപ്പെടേണ്ടതും പള്ളികൾ ഉണ്ടാകേണ്ടതും വൈദികർക്കുവേണ്ടി അല്ല മറിച്ചു തങ്ങൾക്കും വരും തലമുറകൾക്കും ആണെന്ന ആഴമേറിയ ബോധ്യമാണ് അനേകരെ ദേവാലയ നിർമ്മാണവുമായി സഹകരിക്കാൻ പ്രേരിപ്പിക്കുന്നത്. വൈദികർ സ്ഥലം മാറിപോവുകയോ, കേരളത്തിലേക്ക് മടങ്ങുകയോ ചെയ്യും. എന്നാൽ ശക്തമായ ഇടവകയും ദേവാലയവും ഇല്ലെങ്കിൽ വരും തലമുറയുടെ വിശ്വാസം നഷ്ട്ടപ്പെട്ടേക്കുമെന്ന കടുത്ത ആശങ്കയാണ് പല മാതാപിതാക്കളും പങ്കുവെയ്ക്കുന്നത്.
ആദ്യകാലങ്ങളിൽ ഇടവക കൂട്ടയ്മയോട് സഹകരിക്കാത്ത പലരും അടുത്തനാളുകളിലായി സജീവമാവുകയും ചെയ്യുന്നുണ്ട്. വിശ്വാസപരിശീലനത്തിനു പുറമേ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെയും ഡിപ്പാർട്ട്മെന്റുകളുടെയും പ്രവർത്തനവും പുരോഗമിച്ചുവരുന്നു. സീറോ മലബാർ യൂത്ത് മൂവ്‌മെന്റ്, മാതൃവേദി, കത്തോലിക്കാ കോൺഗ്രസ്, മിഷൻ ലീഗ്, നഴ്സസ് മിനിസ്ട്രി തുടങ്ങിയവയുടെ പ്രവർത്തനം രൂപത തലത്തിൽ ശക്തിപ്പെട്ടു വരുന്നു. ഇതിൽ യൂത്ത് മൂവ്‌മെന്റിന്റെ പ്രവർത്തനം ഏറെ ശ്രദ്ധേയമാണ്. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ കത്തോലിക്ക സംഗമമായ ഓസ്ട്രേലിയൻ കാതലിക് യൂത്ത് ഫെസ്റ്റിവലിൽ (എ സി വൈ എഫ്) സീറോ മലബാർ യുവജനങ്ങളുടെ സാന്നിധ്യം ഏവരാലും ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം പെർത്തിൽ നടന്ന എ സി വൈ എഫിൽ മലയാളി യുവാക്കൾക്ക് ശ്രദ്ധേയമായ പങ്കാളിത്തമുണ്ടായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.