വത്തിക്കാൻ സിറ്റി: നിരന്തരമായ പ്രാർത്ഥനയാണ് സുപ്രധാന ചുമതലകൾ നിർവഹിക്കുന്നതിനുള്ള ശക്തിയുടെ ഉറവിടമെന്ന് സായുധ സേനാംഗങ്ങളെ ഓർമ്മപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. സേനാംഗങ്ങളായ എല്ലാവരെയും അവരുടെ പ്രയത്നങ്ങളെയും കർത്താവിന് ഭരമേൽപ്പിക്കുന്നതായി മാർപാപ്പ പറഞ്ഞു. ക്രിസ്തുവിന്റെ സാന്നിധ്യമായി അവരുടെയിടയിൽ ശുശ്രൂഷ ചെയ്യുന്ന ചാപ്ലെയ്ൻമാരെയും പാപ്പ പ്രത്യേകം അഭിനന്ദിച്ചു.
സായുധസേനകളുടെയും പോലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ജൂബിലിയോടനുബന്ധിച്ച് ഞായറാഴ്ച ദിവ്യബലി മധ്യേ പ്രസംഗിക്കുകയായിരുന്നു പാപ്പാ. ഫെബ്രുവരി എട്ട്, ഒമ്പത് തീയതികളിലായി വത്തിക്കാനിൽ നടന്ന ദ്വിദിന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ അങ്കണത്തിൽ ദിവ്യബലി അർപ്പിക്കപ്പെട്ടത്.
സായുധ സേനാംഗങ്ങളും സുരക്ഷാപ്രവർത്തകരുമായ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്കൊപ്പം പതിനായിരക്കണക്കിന് തീർത്ഥാടകരും വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. പിതാവായ ദൈവത്തിന് നമ്മോടുള്ള സ്നേഹത്തിന്റെ ധീരസാക്ഷികളാകണമെന്ന് പാപ്പാ അവരോട് ആഹ്വാനം ചെയ്തു
രാത്രി മുഴുവൻ അധ്വാനിച്ചിട്ടും ഒന്നും കിട്ടാതിരുന്ന ശിമയോനോട് ആഴത്തിലേക്കു നീക്കി വലയെറിയാൻ ഗനേസറത്തു തടാകത്തിൻ്റെ കരയിൽ നിന്നുകൊണ്ട് യേശു പറയുന്നതും അപ്രകാരം ചെയ്തപ്പോൾ വള്ളം നിറയെ മത്സ്യം ലഭിച്ചതുമായ ലൂക്കായുടെ സുവിശേഷം അഞ്ചാം അധ്യായത്തിലെ സംഭവത്തെ ആധാരമാക്കിയാണ് പാപ്പാ വിചിന്തനങ്ങൾ നൽകിയത്. 'അവൻ കണ്ടു, അവൻ കയറി, അവൻ ഇരുന്നു' എന്നീ മൂന്നു ക്രിയാപദങ്ങളിലൂടെയാണ് സുവിശേഷകൻ യേശുവിന്റെ ഈ പ്രവൃത്തിയെ വിവരിക്കുന്നതെന്ന് പാപ്പാ പറഞ്ഞു.
എല്ലാം നഷ്ടപ്പെട്ടതായി തോന്നുമ്പോഴും ദൈവദത്തമായ പ്രത്യാശ നിലനിൽക്കും
വലിയ ജനക്കൂട്ടത്തിനിടയിലായിരുന്നെങ്കിലും കടലിൽനിന്നു മടങ്ങിവരുന്ന രണ്ടു വള്ളങ്ങളും അവയിലുണ്ടായിരുന്ന മുക്കുവരുടെ നൈരാശ്യമാർന്ന മുഖഭാവവും യേശുവിന്റെ ശ്രദ്ധയിൽപ്പെട്ടു. അവിടുത്തെ നോട്ടം അവരോടുള്ള അനുകമ്പയാൽ നിറഞ്ഞതായിരുന്നു. യേശുവിന്റെ മുഖത്ത് പ്രതിഫലിക്കുന്ന ദൈവത്തിന്റെ അനുകമ്പയും ആർദ്രതയും അവിടുത്തെ സാമീപ്യവും നാം തിരിച്ചറിയണമെന്ന് പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.
രണ്ടാമതായി, അവരുടെ നിരാശ മനസ്സിലാക്കിയ യേശു, വള്ളം കരയിൽനിന്ന് അല്പം അകലേക്ക് മാറ്റാൻ ശിമയോനോട് ആവശ്യപ്പെടുകയും തുടർന്ന് അതിൽ കയറുകയും ചെയ്തു. അതിലൂടെ നിരാശയും നിരർത്ഥകതയും നിറഞ്ഞ അവൻ്റെ ജീവിതത്തിലേക്ക് അവിടുന്ന് പ്രവേശിക്കുകയായിരുന്നു.
കാര്യങ്ങൾ തെറ്റിപ്പോകുമ്പോൾ, നമ്മിൽ പലരും ചെയ്യുന്നതുപോലെ, വെറുതെ നോക്കി നിന്ന് കുറ്റപ്പെടുത്തുകയല്ല യേശു ചെയ്തത്. മറിച്ച്, അവിടുന്നുതന്നെ മുൻകൈയെടുത്ത് ശിമയോനെ സമീപിക്കുകയും നിരാശ നിറഞ്ഞ ആ രാത്രിയിൽ അവനോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു.
മൂന്നാമതായി, വള്ളത്തിൽ കയറിയശേഷം യേശു ഇരുന്ന് പഠിപ്പിക്കുകയാണ് ചെയ്തതെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. എല്ലാം നഷ്ടപ്പെട്ടതായി തോന്നുമ്പോഴും പ്രത്യാശ നിലനിൽക്കുമെന്ന ഉറപ്പുതരാനാണ് അവിടുന്ന് ഇപ്രകാരം ചെയ്തത്. സുവിശേഷം പ്രഘോഷിച്ചുകൊണ്ട്, നിരാശയുടെ ആ ഇരുണ്ട രാത്രിയിലേക്ക് അവിടുന്ന് വെളിച്ചം കൊണ്ടുവന്നു.
ദൈവസ്നേഹത്തിന്റെ സദ്വാർത്ത അറിയിക്കാനാണ് കർത്താവ് നമ്മുടെ ജീവിതയാനങ്ങളിലേക്ക് കടന്നുവരുന്നത്. സായുധ സേനാംഗങ്ങളുടെ ജൂബിലി ആഘോഷിക്കുന്ന ഈ വേളയിലും പ്രത്യാശയുടെ ആ സന്ദേശമാണ് നമുക്കൊപ്പമുള്ളതെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു.
'ധൈര്യമാണ് നിങ്ങളുടെ മുഖമുദ്ര'
സാമൂഹികവും രാഷ്ട്രീയവുമായ ജീവിതത്തിൻ്റെ വിവിധ വശങ്ങൾ ഉൾക്കൊള്ളുന്ന ഉയർന്ന ഒരു ദൗത്യമാണ് സായുധ സേനാംഗങ്ങൾക്ക് നിർവഹിക്കാനുള്ളതെന്ന് പാപ്പാ എടുത്തുപറഞ്ഞു. രാജ്യങ്ങളുടെ പ്രതിരോധം, സാമൂഹ്യ സുരക്ഷ, നീതിയും ന്യായവും ഉയർത്തിപ്പിടിക്കുക എന്നിവയെല്ലാം അതിൽ ഉൾപ്പെടുന്നു. 'നിങ്ങളെ രൂപപ്പെടുത്തിയ അച്ചടക്കം, നിങ്ങളുടെ മുഖമുദ്രയായ ധൈര്യം, നിങ്ങൾ എടുത്ത പ്രതിജ്ഞ, ധരിക്കുന്ന യൂണിഫോം ഇവയെല്ലാം ഓർമ്മപ്പെടുത്തുന്നത്, നിങ്ങൾ കാണുന്ന തിന്മകൾ റിപ്പോർട്ട് ചെയ്യണമെന്നു മാത്രമല്ല, അതിലുപരി, കൊടുങ്കാറ്റിൽ ആടിയുലയുന്ന വഞ്ചിയിലേക്ക് പ്രവേശിക്കണമെന്നും കൂടിയാണ്' - പാപ്പാ പറഞ്ഞു.
ക്രിസ്തുവിന്റെ സാന്നിധ്യമായ ചാപ്ലെയ്ന്മാർ
പൗരോഹിത്യ സാന്നിധ്യമായി അവരോടൊപ്പം യാത്ര ചെയ്യുന്ന ചാപ്ലെയ്ന്മാരെയും ഫ്രാൻസിസ് പാപ്പാ അഭിനന്ദിച്ചു. 'ചരിത്രത്തിൽ നിർഭാഗ്യവശാൽ സംഭവിക്കുന്ന യുദ്ധങ്ങൾ ആശിർവദിക്കുക എന്നതല്ല ചാപ്ലെയ്ന്മാരുടെ ജോലി. മറിച്ച്, നിങ്ങൾക്കൊപ്പം യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ക്രിസ്തുവിൻ്റെ സാന്നിധ്യമാണ് അവർ. ധാർമികവും ആത്മീയവുമായ പിന്തുണ നൽകിക്കൊണ്ട്, ഓരോ ചുവടിലും അവർ നിങ്ങളെ അനുഗമിക്കുന്നു. സുവിശേഷത്തിന്റെ വെളിച്ചത്തിൽ നിങ്ങളുടെ ദൗത്യം നിർവഹിക്കാൻ അവർ സഹായിക്കുകയും ചെയ്യുന്നു - പാപ്പാ പറഞ്ഞു.
അവസാനമായി, എപ്പോഴും ജാഗ്രതയുള്ളവരാകണമെന്ന് പാപ്പ ആവശ്യപ്പെട്ടു. അധികാരത്തിന്റെ മിഥ്യാധാരണയിലും ആയുധങ്ങളുടെ ഗർജ്ജനങ്ങളിലും മുഴുകി, യുദ്ധവീര്യം വളർത്തിയെടുക്കുക എന്ന പ്രലോഭനത്തിനെതിരെ ജാഗ്രത പുലർത്തണമെന്ന് പാപ്പാ പറഞ്ഞു.
എല്ലാവരും സഹോദരീസഹോദരന്മാരെപ്പോലെ വർത്തിക്കാൻ ആഗ്രഹിക്കുന്ന നമ്മുടെ പിതാവായ ദൈവത്തിന്റെ ധീര സാക്ഷികളാകാൻ ഉത്സാഹിക്കണമെന്നും പാപ്പാ കൂട്ടിച്ചേർത്തു. നമുക്കൊരുമിച്ച് സമാധാനത്തിന്റെയും നീതിയുടെയും സാഹോദര്യത്തിന്റെയും ഒരു പുതിയ യുഗം നിർമ്മിക്കുന്ന വിദഗ്ധ ശില്പികളാകാം എന്ന ആഹ്വാനം നൽകി പരിശുദ്ധ പിതാവ് തൻ്റെ പ്രസംഗം അവസാനിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.