വത്തിക്കാൻ സിറ്റി: സെപ്റ്റംബർ അഞ്ചാം തീയതി അഗതികളുടെ അമ്മയായ വിശുദ്ധ മദർ തെരേസയുടെ തിരുനാളായി റോമൻ കലണ്ടറിൽ ഉൾപ്പെടുത്തി. ആരാധനാ കാര്യങ്ങൾക്കായുള്ള തിരുസംഘമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
“വി. മദർ തെരേസ പ്രത്യാശയുടെ ഒരു ദീപനാളമായിരുന്നു. മദർ വലിയ സ്നേഹത്തിന് ഉടമയായിരുന്നു. ഉപേക്ഷിക്കപ്പെട്ടവരെയും ആരോരുമില്ലാത്തവരെയുമൊക്കെ ശുശ്രൂഷിക്കുന്നതിലും മനുഷ്യമഹത്വം സംരക്ഷിക്കുന്നതിലും അവർ ഉദാത്തമായ മാതൃക നൽകി” – തിരുസംഘത്തിന്റെ തലവൻ കർദിനാൾ ആർതർ റോക്കെ പറഞ്ഞു.
ഇനി മുതൽ സെപ്റ്റംബർ അഞ്ചാം തീയതി വി. മദർ തെരേസയുടെ തിരുനാൾ ഓപ്ഷണൽ മെമ്മോറിയ ആയി ആഗോളസഭയിൽ ആഘോഷിക്കും. അതിന് വേണ്ടിയുള്ള ആരാധനക്രമം പ്രത്യേക പ്രാർഥനകൾ പുറത്തിറക്കിയിട്ടുണ്ട്.
ജീവിച്ചിരിക്കെ തന്നെ വിശുദ്ധയെന്ന് ലോകം വാഴ്ത്തിയ മദർ തെരേസയെ 2016 ലാണ് ഫ്രാന്സിസ് മാർപാപ്പ കത്തോലിക്ക സഭയിലെ വിശുദ്ധരുടെ ഗണത്തിലേയ്ക്ക് ഉയർത്തിയത്. 1910 ഓഗസ്റ്റ് 26ന് അൽബേനിയിലാണ് മദര് തെരേസയുടെ ജനനം. യഥാർഥ പേര് ആഗ്നസ് ബൊജക്സ്യൂ. 18ാം വയസിൽ അഗതികളെ ശുശ്രൂഷിക്കാനുള്ള ആഗ്രഹത്തോടെ അയർലൻഡിലെ ഡബ്ലിനിലെ കന്യാസ്ത്രീ മഠത്തിൽ അന്തേവാസിയായി. അവിടെവെച്ചാണ് തെരേസ എന്ന പേര് സ്വീകരിച്ചത്.
കൊൽക്കത്തയിൽ മിഷനറി പ്രവർത്തനത്തിനെത്തിയ ജസ്യൂട്ട് മിഷനറിമാരുടെ കത്തുകളിൽ നിന്നാണ് നഗരത്തിലെ മനുഷ്യ വേദനകളെക്കുറിച്ച് അറിയുന്നത്. 19ാം വയസിൽ കൊൽക്കത്തയിലെത്തി. നഗരത്തിലെ ചേരികളായിരുന്നു പ്രവർത്തനമേഖല. കുട്ടികൾക്കായി സ്കൂൾ തുടങ്ങിയായിരുന്നു സേവനങ്ങളുടെ തുടക്കം.
നീല ബോർഡറുള്ള വെള്ള സാരി ധരിച്ച് 1948 ഓഗസ്റ്റ് 17ന് കൊൽക്കത്ത കേന്ദ്രമാക്കി മദർ തെരേസ തുടക്കം കുറിച്ച മിഷനറീർക്കും രോഗബാധിതർക്കും ആരോരുമില്ലാത്തവർക്കും മദർ തെരേസ കാവൽ മാലാഖയായി. കുഷ്ഠരോഗത്തിനും എയ്ഡ്സിനും മുന്നില് ലോകം ഭയത്തോടെ വിറങ്ങലിച്ച് നിന്ന കാലത്ത് ശങ്കയൊന്നുമില്ലാതെ പരിചരണമൊരുക്കി.
മനുഷ്യൻ എന്ന സഹജീവിയുടെ സങ്കടങ്ങളും വേദനകളും മാത്രം കണ്ടു. 1951ൽ ഇന്ത്യൻ പൗരത്വമെടുത്ത മദർ തെരേസയെ പത്മശ്രീയും ഭാരത രത്ന പുരസ്കാരവും നൽകി രാജ്യം ആദരിച്ചു. 1979 സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം തേടിയെത്തി. 1997 സെപ്റ്റംബർ അഞ്ചിന് 87–ാം വയസിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു വിയോഗം. 2016 സെപ്റ്റംബർ നാലിനാണ് ഫ്രാൻസിസ് മാർപാപ്പ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.