ശനിയാഴ്ച്ചയ്ക്ക് മുമ്പ് ബന്ദികളെ കൈമാറണം; ഇല്ലെങ്കില്‍ ഹമാസിനെതിരെ 'നരകത്തിന്റെ കവാടങ്ങള്‍' തുറക്കും: നെതന്യാഹു

ശനിയാഴ്ച്ചയ്ക്ക് മുമ്പ് ബന്ദികളെ കൈമാറണം; ഇല്ലെങ്കില്‍ ഹമാസിനെതിരെ 'നരകത്തിന്റെ കവാടങ്ങള്‍' തുറക്കും: നെതന്യാഹു

ടെല്‍ അവീവ്: ശനിയാഴ്ച്ച് ഉച്ചയ്ക്ക് മുമ്പ് ബന്ദികളെ കൈമാറിയില്ലെങ്കില്‍ ഗാസയില്‍ വീണ്ടും യുദ്ധം ആരംഭിക്കുമെന്ന് ഹമാസിന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പ്.

ഹമാസിനെതിരെ 'നരകത്തിന്റെ കവാടങ്ങള്‍' തുറക്കുമെന്നാണ് മന്ത്രിസഭ യോഗത്തിന് ശേഷം നെതന്യാഹുവിന്റെ മുന്നറിയിപ്പ്. വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, എത്ര ബന്ദികളെ മോചിപ്പിക്കണമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഇസ്രയേലികളായ ബന്ദികളെ മോചിപ്പിക്കുന്നത് ഹമാസ് നിര്‍ത്തി വെച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ എന്തിനും തയാറായി നില്‍ക്കാന്‍ സൈന്യത്തിന് ഇസ്രയേല്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ അന്തിമ താക്കീതുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഗാസയില്‍ നിന്ന് എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നും ഇതിനായി ശനിയാഴ്ച്ചവരെ സമയം നല്‍കുന്നുവെന്നും അദേഹം പറഞ്ഞു. ഇത് അനുസരിച്ചില്ലെങ്കില്‍ വീണ്ടും ആക്രമണം തുടങ്ങുമെന്നും ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ റദ്ദാക്കാന്‍ ആഹ്വാനം ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

'ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കണം. നമുക്ക് അവരെയെല്ലാം തിരികെ വേണം. ഞാന്‍ എന്റെ കാര്യമാണ് പറയുന്നത്. ഇസ്രയേലിന് വേണ്ടത് ചെയ്യാം. പക്ഷേ എന്റെ കാര്യത്തില്‍, ശനിയാഴ്ച രാത്രി 12 മണിക്ക് അവര്‍ ഇവിടെ ഇല്ലെങ്കില്‍ വീണ്ടും നരകം സൃഷ്ടിക്കും'- ബന്ദികളെ കൈമാറില്ലെന്ന് ഹമാസ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.

അതേസമയം, ഗാസയെ അമേരിക്ക ഏറ്റെടുക്കുമെന്നും പുനര്‍വികസനം സാധ്യമാക്കാനുള്ള ചുമതല മധ്യപൂര്‍വ ദേശത്തെ മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കുമെന്നും ആവര്‍ത്തിച്ച ഡൊണാള്‍ഡ് ട്രംപിനെതിരെ ഹമാസ് രംഗത്തെത്തിയിരുന്നു.

ഗാസ വാങ്ങാനും വില്‍ക്കാനും കഴിയുന്ന റിയല്‍ എസ്റ്റേറ്റ് വസ്തുവല്ലെന്നും പാലസ്തീന്റെ അവിഭാജ്യ ഘടകമാണെന്നും ഹമാസിന്റെ മുതിര്‍ന്ന നേതാവ് ഇസത്തുല്‍ റിഷ്ഖ് പറഞ്ഞു. ഗാസക്കാര്‍ എങ്ങോട്ടെങ്കിലും പോകുകയാണെങ്കില്‍ അത് ഇസ്രയേല്‍ കൈയേറിയ ഇടങ്ങളിലേക്കായിരിക്കുമെന്നും ടെലഗ്രാമില്‍ പങ്കുവച്ച പ്രസ്താവനയില്‍ റിഷ്ഖ് വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.