ഐഎസ് തീവ്രവാദികൾ കൊലപ്പെടുത്തിയ കോപ്റ്റിക് രക്തസാക്ഷികൾക്ക് ആദരം; ജീവിതകഥ ആനിമേഷന്‍ സിനിമയാക്കി പുറത്തിറക്കി

ഐഎസ് തീവ്രവാദികൾ കൊലപ്പെടുത്തിയ കോപ്റ്റിക് രക്തസാക്ഷികൾക്ക് ആദരം; ജീവിതകഥ ആനിമേഷന്‍ സിനിമയാക്കി പുറത്തിറക്കി

കെയ്റോ: ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയ 21 കോപ്റ്റിക് ക്രൈസ്തവരുടെ ജീവിതകഥ ആനിമേഷന്‍ സിനിമയാക്കി പുറത്തിറക്കി. "ദി 21" എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് 13 മിനിറ്റാണ് ദൈര്‍ഘ്യം. ഗ്ലോബല്‍ കോപ്റ്റിക് കമ്മ്യൂണിറ്റിയുടെ സഹകരണത്തോടെ മോര്‍ പ്രൊഡക്ഷനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ദി ചോസണ്‍ സിനിമയിൽ യേശുവിന്റെ വേഷം ചെയ്തുകൊണ്ട് പ്രശസ്തനായ ജൊനാഥന്‍ റൂമിയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ്‌ പ്രൊഡ്യുസര്‍. www. the21film.com ലൂടെ ചിത്രം സൗജന്യമായി കാണാന്‍ കഴിയും. 21 ക്രൈസ്തവരെ അറിയാവുന്ന കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും കോപ്റ്റിക് വൈദികരുമായി കൂടിക്കാഴ്ച നടത്തി വിപുലമായ ഗവേഷണത്തിൻ്റെ അടിസ്ഥാനത്തിലാണ് ഹ്രസ്വ ആനിമേറ്റഡ് ചിത്രം യാഥാര്‍ത്ഥ്യമാക്കിയത്. കോപ്റ്റിക് ക്രൈസ്തവരുടെ ധീര രക്തസാക്ഷിത്വത്തിന് പത്ത് വര്‍ഷം പൂർത്തിയായ ഫെബ്രുവരി 16നാണ് ചിത്രം റിലീസ് ചെയ്തത്.

21 കോപ്‌റ്റിക് രക്തസാക്ഷികള്‍

2015 ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്തുവെച്ചായിരുന്നു ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ ഇസ്ളാമിക സൂക്തങ്ങള്‍ ഉരുവിട്ട് ക്രൈസ്തവ കൂട്ടക്കൊല നടത്തിയത്. ഇവരെ വധിക്കുന്നതിന് മുൻപ് കൈകൾ പുറകിൽ കെട്ടിയ നിലയിൽ വസ്ത്രങ്ങളണിയിച്ച് നിര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ തീവ്രവാദികൾ പുറത്തുവിട്ടിരിന്നു.

എന്നാൽ ഇവരുടെ മൃതദേഹം ഏറെനാൾ അജ്ഞാതമായി തുടരുകയായിരിന്നു. 2018 ഒക്ടോബര്‍ മാസത്തില്‍ സിര്‍ട്ടെയുടെ സമീപ പ്രദേശത്താണ് തലയറ്റ രീതിയില്‍ രക്തസാക്ഷികളുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ക്രിസ്തു വിശ്വാസത്തെ പ്രതി ജീവത്യാഗം ചെയ്ത ഇവരെ കോപ്റ്റിക്ക് ഓർത്തഡോക്സ് പാത്രിയർക്കീസ് തവദ്രോസ് രണ്ടാമൻ കോപ്റ്റിക് സഭയുടെ രക്തസാക്ഷികളായി ഉയർത്തി.

2021 ഫെബ്രുവരി മാസത്തില്‍ കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയാർക്കീസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വെബിനാറില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട 21 കോപ്റ്റിക് രക്തസാക്ഷികളും എല്ലാ ക്രൈസ്തവര്‍ക്കും വേണ്ടിയുള്ള വിശുദ്ധരാണെന്ന് ഫ്രാൻസിസ് പാപ്പ പറഞ്ഞിരിന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.