ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്: ഇതുവരെ സ്വീകരിച്ച നടപടികള്‍ രേഖയായി പുറത്തു വിടണം: കെസിബിസി ജാഗ്രത കമ്മീഷന്‍

ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്:  ഇതുവരെ സ്വീകരിച്ച നടപടികള്‍ രേഖയായി പുറത്തു വിടണം:  കെസിബിസി ജാഗ്രത കമ്മീഷന്‍

കൊച്ചി: ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് രേഖയായി പുറത്തു വിടണമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍ ആവശ്യപ്പെട്ടു.

കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണ രൂപത്തില്‍ പ്രസിദ്ധപ്പെടുത്താനും തുടര്‍ ചര്‍ച്ചകളില്‍ ക്രൈസ്തവ സമൂഹത്തിന്റെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്താനും സര്‍ക്കാര്‍ തയ്യാറാകണമെന്നും കെസിബിസി ജാഗ്രത കമ്മീഷന്‍ ആവശ്യപ്പെട്ടു.

ഈ വിഷയത്തില്‍ സത്യസന്ധമായ ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ക്രൈസ്തവ സമൂഹത്തിന് ബോധ്യമാകണമെങ്കില്‍ ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ സുതാര്യത പുലര്‍ത്തുകയും ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുകയും വേണം.

റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഉടന്‍ മന്ത്രിസഭ പരിഗണിക്കുമെന്നും വകുപ്പുകള്‍ക്ക് നടപ്പാക്കാന്‍ കഴിയുന്നതും ഇനിയും നടപ്പാകാത്തതുമായ നിര്‍ദേശങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്നുമുള്ള മുഖ്യമന്ത്രിയുടെ വാക്കുകള്‍ ആശ്വാസകരമാണ്.

എന്നാല്‍ ഇതുവരെ നടപ്പാക്കിയ നിര്‍ദേശങ്ങള്‍ എന്തൊക്കെയെന്നും നടപടി ക്രമങ്ങളിലെ പുരോഗതികളെന്തെന്നും വ്യക്തമാക്കാതെ മുഖ്യമന്ത്രിയുടെ വാക്കുകള്‍ മുഖവിലയ്ക്കെടുക്കാനാവില്ല.

മാത്രമല്ല, കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന ആവശ്യവും ക്രൈസ്തവ സഭകളുടെയും സമുദായ സംഘടനാ നേതൃത്വങ്ങളുടെയും പ്രതിനിധികളുമായി ചര്‍ച്ചകള്‍ ഉണ്ടാകണമെന്ന ആവശ്യവും പരിഗണിക്കാന്‍ ഇനിയും സര്‍ക്കാര്‍ തയ്യാറാകാത്തത് ദുരൂഹമാണന്നും കെസിബിസി ജാഗ്രത കമ്മീഷന്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26