തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് പുതിയ മദ്യനയം വൈകും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം പുതിയ മദ്യനയം അംഗീകരിച്ചില്ല. പല അവ്യക്തതകള്‍ക്കുമൊപ്പം പുതിയ കള്ള് ഷാപ്പുകള്‍ അനുവദിക്കുന്നതിലും മദ്യനയത്തില്‍ വ്യക്തയില്ലെന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അഭിപ്രായപ്പെട്ടത്.
എക്സൈസ് മന്ത്രി എം.ബി രാജേഷ് പുതിയ മദ്യനയം കാബിനറ്റില്‍ അവതരിപ്പിച്ചെങ്കിലും ഏതാനും ഘടകകക്ഷി മന്ത്രിമാര്‍ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കള്ള് ഷാപ്പുകളുടെ ക്ലാസിഫിക്കേഷന്‍, ദുരപരിധി തുടങ്ങിയവയില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്നാണ് ആവശ്യം.
കഴിഞ്ഞ വര്‍ഷം ചര്‍ച്ച ചെയ്ത കാര്യങ്ങളെല്ലാം കൂട്ടിച്ചേര്‍ത്ത് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള മദ്യനയമാണ് കാബിനറ്റില്‍ അവതരിപ്പിച്ചത് എന്നാണ് വിവരം. ടോഡി ബോര്‍ഡ് നിലവില്‍ വന്നിട്ടുണ്ട്. കള്ള് വ്യവസായത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടി കള്ള് ഷാപ്പുകളെ ആധുനിക രീതിയില്‍ സ്റ്റാര്‍ പദവി നല്‍കി ക്ലാസിഫൈഡ് ഷാപ്പുകളായി മാറ്റാനുള്ള നിര്‍ദേശവും പുതിയ നയത്തിലുണ്ട്.
രണ്ട് കള്ള് ഷാപ്പുകളുടെ ദൂരപരിധിയില്‍ ഇളവു വേണമെന്ന ആവശ്യം നിലവിലുണ്ട്. പുതിയ ഷാപ്പുകള്‍ അനുവദിക്കുമ്പോള്‍ ദൂരപരിധി സംബന്ധിച്ച അവ്യക്തത നിലനില്‍ക്കുന്നുണ്ട്. കൂടാതെ ലേലത്തില്‍ പോകാത്ത ഷാപ്പുകള്‍ ആര് ഏറ്റെടുക്കണം എന്ന വിഷയത്തിലും വ്യക്തത വരുത്തേണ്ടതുണ്ട്. എല്ലാ മാസവും ഒന്നാം തിയതിയിലെ ഡ്രൈഡേ പൂര്‍ണമായും മാറ്റുന്നതിലും കൂടുതല്‍ ചര്‍ച്ച വേണമെന്നും ഘടകകക്ഷി മന്ത്രിമാര്‍ ആവശ്യപ്പെട്ടു.
വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഡ്രൈഡേയില്‍ മദ്യം വിളമ്പുന്നതിന് അംഗീകാരം നല്‍കുന്ന കാര്യത്തിലും വിശദമായ ചര്‍ച്ച വേണമെന്ന് മന്ത്രിമാര്‍ നിര്‍ദേശം വെച്ചു. ഇടത് മുന്നണിയിലും ഉദ്യോഗസ്ഥ തലത്തിലും കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി, ആശയക്കുഴപ്പങ്ങള്‍ പരിഹരിച്ച് പുതിയ മദ്യനയം കാബിനറ്റില്‍ കൊണ്ടുവരാനാണ് മന്ത്രിസഭാ യോഗത്തില്‍ ധാരണയായത് എന്നാണ് സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.