ലേഖനം കേന്ദ്രത്തിന്റെയും അന്താരാഷ്ട്ര ഏജന്‍സിയുടെയും ഡേറ്റ പ്രകാരം; വേറെ കണക്കുകള്‍ ലഭിച്ചാല്‍ നിലപാട് മാറ്റാം: ശശി തരൂര്‍

ലേഖനം കേന്ദ്രത്തിന്റെയും അന്താരാഷ്ട്ര ഏജന്‍സിയുടെയും ഡേറ്റ പ്രകാരം; വേറെ കണക്കുകള്‍ ലഭിച്ചാല്‍ നിലപാട് മാറ്റാം: ശശി തരൂര്‍

ഡിവൈഎഫ്‌ഐയുടെ പരിപാടിയില്‍ തരൂര്‍ പങ്കെടുക്കില്ലെന്ന് കെ. സുധാകരന്‍.

തിരുവനന്തപുരം: കേന്ദ്രത്തിന്റെയും അന്താരാഷ്ട്ര ഏജന്‍സിയുടെയും ഡേറ്റ അവലംബമാക്കിയാണ് തന്റെ ലേഖനമെന്നും ഇതിന് വിരുദ്ധമായ കണക്കുകള്‍ കിട്ടിയാല്‍ നിലപാടുകള്‍ തിരുത്താന്‍ തയാറാണെന്നും ശശി തരൂര്‍ എം.പി. താന്‍ എഴുതിയ ലേഖനത്തെ കുറിച്ചുള്ള വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു തരൂര്‍.

താന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് അടിസ്ഥാനമായ വിവരങ്ങള്‍ എവിടെനിന്ന് ലഭിച്ചു എന്ന കാര്യം ലേഖനത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഗ്ലോബല്‍ സ്റ്റാര്‍ട്ട്-അപ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ടും ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങിനെയും അടിസ്ഥാനമാക്കിയാണ് ലേഖനം.

ഇതു രണ്ടും സിപിഎമ്മിന്റേത് അല്ലല്ലോ? വേറെ സ്രോതസില്‍ നിന്ന് വേറെ വിവരങ്ങള്‍ ലഭിച്ചാല്‍ അതും പരിശോധിക്കാന്‍ തയ്യാറാണ്. കേരളത്തിന് വേണ്ടി മാത്രമാണ് സംസാരിക്കുന്നത്. വേറെ ആര്‍ക്കും വേണ്ടിയല്ലെന്നും ശശി തരൂര്‍ പറഞ്ഞു.

അതിനിടെ ഡിവൈഎഫ്‌ഐയുടെ സ്റ്റാര്‍ട്ട് അപ് ഫെസ്റ്റിവലിലേക്ക് ക്ഷണം ലഭിച്ചെങ്കിലും തരൂര്‍ പങ്കെടുക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ വ്യക്തമാക്കി. പാര്‍ട്ടി തീരുമാനത്തോടെ വിവാദങ്ങളെല്ലാം അവസാനിച്ചുവെന്നും വലിയ ദ്രോഹമൊന്നും ശശി തരൂര്‍ പറഞ്ഞിട്ടില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു.

'നേതൃത്വത്തില്‍ ഇരുന്നു പറയാന്‍ പാടില്ലാത്തതാണ് തരൂര്‍ പറഞ്ഞത്. പക്ഷേ അതിന്റെ പേരില്‍ തൂക്കിക്കൊല്ലാന്‍ പറ്റില്ല. ചിലര്‍ അതിനെ വ്യാഖ്യാനിച്ച് വലുതാക്കി. നേതാക്കളുടെ പ്രതികരണം അവരുടെ സ്വഭാവം അനുസരിച്ചാണ്. വ്യാവസായിക വളര്‍ച്ചയില്‍ ശശി തരൂരിന്റെ പ്രസ്താവന പൂര്‍ണ അര്‍ത്ഥത്തില്‍ അല്ല. ചില അര്‍ധ സത്യങ്ങള്‍ ഉണ്ടെന്ന മട്ടില്‍ ആയിരുന്നു പ്രസ്താവന നടത്തിയതെന്നും സുധാകരന്‍ പറഞ്ഞു.

സിപിഎം നിക്ഷേപക സംഗമം നടത്തുന്നത് കാലത്തിന്റെ മധുര പ്രതികാരമാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിക്ഷേപക സംഗമം നടത്തിയപ്പോള്‍ സിപിഎം അത് ബഹിഷ്‌കരിച്ചെന്നും എന്നാല്‍ ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ നിക്ഷേപക സംഗമം നടന്നുന്നത് വൈകി വന്ന വിവേകമാണെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.