ന്യൂഡല്‍ഹി: അമേരിക്ക-ഇന്ത്യ വ്യാപാര കരാറിനുള്ള ശ്രമത്തിന്റെ ഭാഗമായി നടപടികള്‍ ഊര്‍ജിതമാക്കി കേന്ദ്ര സര്‍ക്കാര്‍. ഇരുരാജ്യങ്ങള്‍ക്കും പ്രയോജനം ചെയ്യുന്ന തരത്തിലുള്ള നികുതി ഇളവുകള്‍ ഉള്‍പ്പെടുന്ന കരാറിനാണ് ഇന്ത്യ ശ്രമിക്കുന്നത്. നികുതിയുടെ കാര്യത്തില്‍ എന്തൊക്കെ സമീപനങ്ങള്‍ സ്വീകരിക്കണം എന്നതിലുള്ള ചര്‍ച്ചകളാണ് വിവിധ മന്ത്രാലയങ്ങള്‍ ഇപ്പോള്‍ നടത്തുന്നത്.
യു.എസ് ഉല്‍പ്പന്നങ്ങള്‍ക്ക് മറ്റ് രാജ്യങ്ങള്‍ ചുമത്തുന്ന നികുതിക്ക് തുല്യമായ നികുതി അവരുടെ ഉല്‍പന്നങ്ങള്‍ക്ക് യു.എസിലും ചുമത്തുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇത് ഏതെങ്കിലും രാജ്യങ്ങളെ മാത്രം ലക്ഷ്യമിട്ടാണോ, അതോ മറ്റേതെങ്കിലും മാനദണ്ഡങ്ങള്‍ ഇതിന് പിന്നിലുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ വിശദമായാലെ നികുതി സംബന്ധിച്ച കാര്യങ്ങളില്‍ എന്തൊക്കെ സമീപനം വേണമെന്ന് തീരുമാനിക്കാനാകൂ.
അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ ഉയര്‍ന്ന നികുതി ചുമത്തുന്നു എന്നതാണ് ട്രംപിന്റെ ആരോപണം. ശരാശരി 17 ശതമാനം നികുതിയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ ചുമത്തുന്നത്. നികുതി 50 ശതമാനത്തില്‍ കൂടാന്‍ പാടില്ല എന്നതാണ് ലോക വ്യാപാര സംഘടനയുടെ നയം. ഇത് അനുസരിച്ചാണ് ഇന്ത്യ നികുതി അതിനുള്ളില്‍ നിര്‍ത്തിയിരിക്കുന്നത്. 17 ശതമാനത്തില്‍ നിന്ന് ഇനിയും നികുതി കുറയ്ക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് അറിയിച്ചിട്ടുമുണ്ട്.
2030 ആകുമ്പോഴേക്കും ഇരുരാജ്യങ്ങളും തമ്മില്‍ 500 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ലക്ഷ്യമിടുന്നത്. ട്രംപിന്റെ ആദ്യത്തെ ടേമില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ ചെറിയൊരു വ്യാപാര കരാറിലെത്തിയിരുന്നു. എന്നാല്‍ ബൈഡന്‍ സര്‍ക്കാര്‍ വന്നതിന് പിന്നാലെ ഇത് മരവിപ്പിച്ചു. പഴയ കരാറിന്റെ മാതൃകയില്‍ പുതിയ വ്യപാര കരാറിനാണ് ഇന്ത്യ ശ്രമിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.