'ദൈവം ആശ്വസിപ്പിക്കാത്ത ഒരു നിലവിളിയുമില്ല, നമ്മുടെ കണ്ണീര്‍ തുള്ളികള്‍ അവിടുത്തെ ഹൃദയത്തില്‍ നിന്ന് അകലെയുമല്ല': ഏഴ് നവവിശുദ്ധരുടെ നാമകരണ വേളയില്‍ മാര്‍പാപ്പ

'ദൈവം ആശ്വസിപ്പിക്കാത്ത ഒരു നിലവിളിയുമില്ല, നമ്മുടെ കണ്ണീര്‍ തുള്ളികള്‍ അവിടുത്തെ ഹൃദയത്തില്‍ നിന്ന് അകലെയുമല്ല': ഏഴ് നവവിശുദ്ധരുടെ നാമകരണ വേളയില്‍ മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ജീവിതത്തില്‍ പരീക്ഷണങ്ങളും പ്രതിസന്ധികളും നേരിടേണ്ടി വരുന്ന കാലങ്ങളിലും തീക്ഷ്ണതയോടും വിശ്വാസത്തോടും കൂടെ പ്രാര്‍ത്ഥിക്കേണ്ടതിന്റെ ആവശ്യകത വിശ്വാസികളെ ഓര്‍മ്മപ്പെടുത്തി ലിയോ പതിനാലാമന്‍ മാര്‍പാപ്പ.

കത്തോലിക്കാ സഭ ആഗോള മിഷന്‍ ഞായറാഴ്ചയില്‍, വിവിധ രാജ്യക്കാരായ ഏഴ് നവ വിശുദ്ധരുടെ നാമകരണ ചടങ്ങിനോട് അനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം വ്യക്തമാക്കിയത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ തന്റെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലി മധ്യേയാണ് വാഴ്ത്തപ്പെട്ടവരായ ഏഴ് പേരെയും മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിക്കുകയും അള്‍ത്താരയിലെ വണക്കത്തിനായി ഉയര്‍ത്തുകയും ചെയ്തത്.

തുര്‍ക്കിയില്‍ 1869 ഏപ്രില്‍ 15 ന് ജനിച്ച് 1915 ജൂണ്‍ 11 ന് രക്തസാക്ഷിത്വം വരിച്ച അര്‍മേനിയന്‍ കത്തോലിക്കാ ആര്‍ച്ചുബിഷപ്പ് ഇഗ്‌നേഷ്യസ് ചൗക്രള്ളാ മലൊയാന്‍, പാപുവ ന്യൂ ഗിനിയില്‍ 1912 മാര്‍ച്ച് അഞ്ചിന് ജനിച്ച് 1945 ജൂലൈ ഏഴിന് വിശ്വസത്തെ പ്രതി വധിക്കപ്പെട്ട മതബോധകനായിരുന്ന രക്തസാക്ഷി പീറ്റര്‍ തൊറോത്ത്, കരുണയുടെ സഹോദരികള്‍ എന്ന സന്ന്യാസിനി സമൂഹത്തിന്റെ സഹസ്ഥാപകയും ഇറ്റലിയിലെ വെറോണയില്‍ 1802 ജനുവരി 26 ന് ജനിച്ച് 1855 നവമ്പര്‍ 11 ന് മരണമടഞ്ഞ വാഴ്ത്തപ്പെട്ട വിന്‍ചേന്‍സ മരിയ പൊളോണി, കരക്കാസിലെ യേശുവിന്റെ ദാസികള്‍ എന്ന സന്യാസിനി സമൂഹത്തിന്റെ സ്ഥാപക വെനെസ്വേലയിലെ കരക്കാസില്‍ 1903 ല്‍ ജനിച്ച് 1977 മെയ് ഒന്‍പതിന് മരണമടഞ്ഞ വാഴ്ത്തപ്പെട്ട കാര്‍മെന്‍ എലേന റെന്തീലെസ് മര്‍ത്തീനെസ്, ഇറ്റലിയിലെ ബ്രേഷ്യ പ്രവിശ്യയില്‍ 1883 ഫെബ്രുവരി 16 ന് ജനിക്കുകയും പ്രേഷിതയായിരിക്കെ വിമാനാപകടത്തില്‍1969 ആഗസ്റ്റ് 25 ന് മരണമടയുകയും ചെയ്ത സലേഷ്യന്‍ സന്യാസിനി വാഴ്ത്തപ്പെട്ട മരിയ ത്രൊങ്കാത്തി, 1864 ഓക്ടോബര്‍ 26 ന് വെനെസ്വേലയിലെ ഇസ്‌നൊത്തുവില്‍ ജനിക്കുയും 1919 ല്‍ അമ്പത്തിനാലാമത്തെ വയസില്‍ മരണമടയുകയും ചെയ്ത ഭിഷഗ്വരന്‍ വാഴ്ത്തപ്പെട്ട ഹൊസേ ഗ്രെഗോറിയൊ ഹെര്‍ണാണ്ടെസ് സിസ്‌നേരോസ്, ഡൊമിനിക്കന്‍ മൂന്നാംസഭയിലെ അംഗവും ഇറ്റലിയിലെ ബ്രിന്തീസി പ്രവിശ്യയില്‍ 1841 ഫെബ്രുവരി 10 ന് ജനിക്കുകയും 1926 ഒക്ടോബര്‍ അഞ്ചിന് മരണമടയുകയും ചെയ്ത അഭിഭാഷകന്‍ ബര്‍ത്തോളൊ ലോംഗൊ എന്നീ പുണ്യാത്മാക്കളെയാണ് ലിയോ മാര്‍പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയത്.

'മനുഷ്യപുത്രന്‍ വീണ്ടും വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ' എന്ന യേശുവിന്റെ ചോദ്യത്തെക്കുറിച്ചാണ് പരിശുദ്ധ പിതാവ് തന്റെ പ്രസംഗത്തില്‍ വിചിന്തനം ചെയ്തത്. ദൈവവും അവിടുത്തെ ജനവും തമ്മിലുള്ള വിലപ്പെട്ട സ്‌നേഹ ബന്ധത്തെ വെളിപ്പെടുത്തുന്നതാണ് ഈ ചോദ്യമെന്ന് പാപ്പാ വ്യക്തമാക്കി.

'ഇന്ന് നമുക്ക് മുമ്പിലുള്ള ഈ ഏഴ് നവവിശുദ്ധര്‍ വിശ്വാസത്തിന്റെ വിളക്ക് ഒരിക്കലും കെടാതെ കാത്തവരാണ്. ക്രിസ്തുവിന്റെ പ്രകാശം പരത്തുന്ന വിളക്കുകളായി അവര്‍ സ്വയം മാറുകയായിരുന്നു' എന്നും പാപ്പാ പറഞ്ഞു.

മഹത്തായതും വിലകുറച്ചു കാണാന്‍ കഴിയാത്തതുമായ ഭൗതികവും സാംസ്‌കാരികവും ശാസ്ത്രീയവും കലാപരവുമായ നിധികള്‍ ലോകത്തില്‍ ഉണ്ടെങ്കിലും വിശ്വാസത്തെ മാറ്റി നിര്‍ത്തിയാല്‍ അവയ്‌ക്കെല്ലാം ശരിയായ അര്‍ത്ഥം നഷ്ടപ്പെടുമെന്ന് മാര്‍പാപ്പ വിശദീകരിച്ചു. വിശ്വാസമില്ലെങ്കില്‍ ലോകം അനാഥരായ കുട്ടികളെപ്പോലെ ആകുമെന്നും നിത്യരക്ഷയിലുള്ള പ്രത്യാശ ഇല്ലാതെ വരുന്നതിനാല്‍ ജീവിക്കാനുള്ള അഭിലാഷം മനുഷ്യര്‍ക്ക് നഷ്ടപ്പെടുമെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേര്‍ത്തു.

'ശ്വാസോച്ഛ്വാസം ശരീരത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത് പോലെയാണ് പ്രാര്‍ഥന ആത്മാവിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. വിശ്വാസം പ്രാര്‍ത്ഥനയിലൂടെ പ്രകടമാക്കപ്പെടുന്നു. പ്രാര്‍ത്ഥന വിശ്വാസത്തിലൂടെ ജീവസുറ്റതാവുകയും ചെയ്യുന്നു' - ലിയോ മാര്‍പാപ്പ പറഞ്ഞു. ഇക്കാരണത്താലാണ് എപ്പോഴും പ്രാര്‍ത്ഥിക്കാനും അങ്ങനെ ദൈവവുമായുള്ള നമ്മുടെ ബന്ധം നിലനിര്‍ത്തി അവിടുന്ന് നല്‍കുന്ന രക്ഷ സ്വാഗതം ചെയ്യാനും യേശു നമ്മെ വിളിക്കുന്നത്.

പ്രാര്‍ഥിക്കുന്ന അവസരങ്ങളില്‍ രണ്ട് പ്രലോഭനങ്ങളാണ് വിശ്വാസികള്‍ക്ക് സാധാരണയായി നേരിടേണ്ടി വരുന്നതെന്ന് മാര്‍പാപ്പ അഭിപ്രായപ്പെട്ടു. നമ്മുടെ കഷ്ടപ്പാടുകള്‍ ദൈവം ശ്രദ്ധിക്കുന്നില്ല എന്ന് തോന്നല്‍ ഉളവാക്കി തിന്മയുടെ ദുഷ്ചിന്തകള്‍ നമ്മെ കീഴ്‌പ്പെടുത്തുന്നതാണ് ഒന്നാമത്തെ പ്രലോഭനം. മറ്റ് ചിലപ്പോള്‍, യാഥാര്‍ത്ഥ്യങ്ങളെ നാം തന്നെ വ്യാഖ്യാനിക്കുന്നതനുസരിച്ച്, ദൈവ നീതി പ്രവര്‍ത്തിക്കണമെന്ന് ഒരു കല്‍പ്പനയെന്നപോലെ അവിടുത്തോട് പ്രാര്‍ത്ഥിക്കാനുള്ള പ്രലോഭനം നമുക്കുണ്ടാകുന്നു. എന്നാല്‍ ദൈവഹിതം നിറവേറട്ടെ എന്നുള്ള കുരിശിലെ തന്റെ പ്രാര്‍ത്ഥനയാല്‍ ഈ രണ്ട് പ്രലോഭനങ്ങളില്‍ നിന്നും യേശു നമ്മെ മോചിപ്പിക്കുന്നു.

പരീക്ഷണങ്ങള്‍ക്കിടയില്‍ ദൈവം എവിടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നാം ആശങ്കപ്പെടുമ്പോള്‍, മനുഷ്യര്‍ കഷ്ടപ്പെടുന്നിടത്തെല്ലാം ദൈവം സന്നിഹിതനാണ് എന്നുള്ള തിരിച്ചറിവിലൂടെ ആ സംശയത്തെ നമുക്ക് ഒരു പ്രാര്‍ഥനയാക്കി മാറ്റാമെന്ന് പാപ്പാ പറഞ്ഞു.

വേദനയും അക്രമവും വിദ്വേഷവും യുദ്ധവും മൂലം നാം കുരിശിലേറ്റപ്പെടുമ്പോള്‍ ക്രൂശിതനായ ക്രിസ്തു നമ്മോടൊപ്പമുണ്ട്. ദൈവം ആശ്വസിപ്പിക്കാത്ത ഒരു നിലവിളിയുമില്ല, നമ്മുടെ കണ്ണീര്‍ തുള്ളികള്‍ അവിടുത്തെ ഹൃദയത്തില്‍ നിന്ന് അകലെയുമല്ലെന്ന് പാപ്പാ പറഞ്ഞു.
ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ എന്ന യേശുവിന്റെ ചോദ്യത്തിലേക്ക് വീണ്ടും ശ്രദ്ധ തിരിച്ച പാപ്പാ, ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിശ്വാസം മുറുകെപിടിക്കാന്‍ ക്രൈസ്തവരോട് ആഹ്വാനം ചെയ്തു. കാരണം വിശ്വാസത്തിലൂടെയാണ് നീതിയോടുള്ള നമ്മുടെ പ്രതിബദ്ധതയും ലോകത്തെ രക്ഷിക്കുന്ന ദൈവ സ്‌നേഹത്തിന് വേണ്ടിയുള്ള നമ്മുടെ ആഗ്രഹവും നിലനില്‍ക്കുന്നത്.

വിശുദ്ധിയിലേക്കുള്ള നമ്മുടെ വിളിയില്‍ ഈ ഏഴ് വിശുദ്ധരും നമ്മെ സഹായിക്കട്ടെയെന്നും ഭൂമിയില്‍ നമുക്കുള്ള വിശ്വാസം വഴി സ്വര്‍ഗ രാജ്യത്തെ കുറിച്ചുള്ള പ്രത്യാശയില്‍ നിലനില്‍ക്കാന്‍ നമുക്ക് സാധിക്കട്ടെയെന്നും പ്രാര്‍ത്ഥിച്ചുകൊണ്ടാണ് ലിയോ മാര്‍പാപ്പാ സന്ദേശം ഉപസംഹരിച്ചത്.

മാർപാപ്പമാരുടെ ഇതുവരെയുള്ള ഞായറാഴ്ച ദിന സന്ദേശങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.