'ഒഴിവാക്കാനാവാത്ത സാഹചര്യം': ഇന്ത്യയിലെ വിസ സര്‍വീസുകള്‍ താല്‍കാലികമായി നിര്‍ത്തിവച്ച് ബംഗ്ലാദേശ്

'ഒഴിവാക്കാനാവാത്ത സാഹചര്യം': ഇന്ത്യയിലെ വിസ സര്‍വീസുകള്‍ താല്‍കാലികമായി നിര്‍ത്തിവച്ച് ബംഗ്ലാദേശ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ വിസ സേവനങ്ങള്‍ നിര്‍ത്തിവച്ച് ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍. ബംഗ്ലാദേശിലെ ചിറ്റഗോങ് അസിസ്റ്റന്റ് ഹൈക്കമ്മീഷനില്‍ നിന്നുള്ള വിസ സര്‍വീസ് ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിറുത്തി വയ്ക്കാന്‍ ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെയാണ് ബംഗ്ലാദേശിന്റെ നടപടി.

ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളാല്‍ ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനില്‍ നിന്നുള്ള എല്ലാ കോണ്‍സുലാര്‍, വിസ സേവനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താല്‍കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു എന്നാണ് ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍ ഓഫീസിന് പുറത്ത് ഒട്ടിച്ച നോട്ടീസില്‍ ഉള്ളത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ബംഗ്ലാദേശിലെ യുവ നേതാവ് ഷെരീഫ് ഒസ്മാന്‍ ഹാദിയുടെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ കലാപത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് വിള്ളല്‍ വീണത്. ഹാദിയുടെ കൊലയാളികള്‍ ഇന്ത്യയിലേക്ക് കടന്നു എന്ന് ഇടക്കാല സര്‍ക്കാരിലെ ചിലര്‍ പ്രചരിപ്പിച്ചതാണ് ഇന്ത്യ വിരുദ്ധ പ്രകടനങ്ങള്‍ക്ക് ഇടയാക്കിയത്. എന്നാല്‍ ബംഗ്ലാദേശ് പൊലീസ് തന്നെ ഈ വാദം തള്ളി രംഗത്തെത്തിയിരുന്നു. ഒരു തെളിവും ഇതിനില്ല എന്നാണ് ബംഗ്ലാദേശ് സ്‌പെഷ്യല്‍ ബ്രാഞ്ച് മേധാവി ഖന്‍ഡേക്കര്‍ റഫീഖുല്‍ ഇസ്ലാം പ്രതികരിച്ചത്.

കൂടാതെ ബംഗ്ലാദേശില്‍ ഹിന്ദുവായ ദിപു ചന്ദര്‍ ദാസ് എന്നയാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യ ആശങ്ക അറിയിച്ചിരുന്നെങ്കിലും ഇതിനോട് യോജിക്കാത്ത മറുപടിയാണ് ബംഗ്ലാദേശ് നല്‍കിയത്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമം ആയി ദിപു ചന്ദ്ര ദാസിന്റെ കൊലപാതകത്തെ കാണേണ്ടതില്ലെന്നായിരുന്നു ബംഗ്ലാദേശ് പ്രസ്താവനയില്‍ അറിയിച്ചത്. മാത്രമല്ല ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും ബാധ്യതയുണ്ടെന്ന് ഇന്ത്യയ്‌ക്കെതിരായി പരോക്ഷ വിമര്‍ശനവും പ്രസ്താവനയില്‍ നടത്തിയിരുന്നു.

ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ ഇന്ത്യാ വിരുദ്ധ വികാരം നിലനിര്‍ത്താനാണ് ഇത്തരം നിലപാട് സ്വീകരിക്കുന്നതെന്നായിരുന്നു ഇക്കാര്യത്തില്‍ ഇന്ത്യയുടെ പ്രതികരണം. ചിറ്റഗോംഗിലെ ഇന്ത്യന്‍ അസിസ്റ്റന്റ് ഹൈക്കമ്മീഷന് മുന്നില്‍ മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. ഇതേ തുടര്‍ന്നാണ് നിര്‍ത്തിവച്ച വിസ സര്‍വീസ് ഉടന്‍ തുടങ്ങേണ്ടതില്ലെന്ന് ഇന്ത്യ തീരുമാനിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.