ഇരിട്ടി: കര്‍ഷകന്റെ കൃഷി സ്ഥലത്തിറങ്ങുന്ന വന്യമൃഗങ്ങളെ കൊന്നാല്‍ കേസെടുത്ത് പീഡിപ്പിക്കാനാണ് ശ്രമമെങ്കില്‍ സംഘടിതമായി നേരിടുമെന്ന് തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി.
കര്‍ഷകരെ ദ്രോഹിക്കാനായി ഉണ്ടാക്കാന്‍ ശ്രമിച്ച കരിനിയമത്തെ മാറ്റി മറിക്കാന്‍ മലയോര കര്‍ഷകന്റെ ഇച്ഛാശക്തിക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഒരു ഭീഷണിക്കും മര്‍ദനത്തിനും കര്‍ഷക സമൂഹത്തെ ഭയപ്പെടുത്താനാകില്ലെന്ന് അധികാരികള്‍ ഓര്‍ക്കണമെന്നും മാര്‍ പാംപ്ലാനി മുന്നറിയിപ്പ് നല്‍കി.
വന്യമൃഗങ്ങളില്‍ നിന്ന് ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് കെസിവൈഎം തലശേരി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ എടൂരില്‍ സംഘടിപ്പിക്കപ്പെട്ട രാപ്പകല്‍ ഉപവാസ സമരത്തില്‍ മുഖ്യ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദേഹം.
കാട്ടുമൃഗ ആക്രമണങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. ആറളം ഫാമിലെ കാട്ടാനകളുടെ മനുഷ്യക്കുരുതി അവസാനിപ്പിക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന് കഴിയുമായിരുന്നു. 2020 ല്‍ ആരംഭിച്ച ആനമതില്‍ പൂര്‍ത്തിയാക്കാനായില്ലെന്നത് സര്‍ക്കാരിന്റെ പരാജയമാണ്.
വന്യമൃഗശല്യം ഏതെങ്കിലും മത വിഭാഗക്കാരുടെയോ രാഷ്ട്രീയ കാഴ്ചപ്പാടുകളുടെയോ വിഷയമല്ല. ജീവിക്കാന്‍ അവകാശം നിഷേധിക്കപ്പെട്ട കര്‍ഷകര്‍ സംഘടിക്കണം. കര്‍ഷകര്‍ക്ക് വേണ്ടിയുള്ള ഇത്തരം സമരത്തില്‍ നിന്ന് കര്‍ഷക പുത്രനായ തനിക്ക് മാറി നില്‍ക്കാനാകില്ലെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു.
വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥ തകര്‍ത്തത് വനം വകുപ്പ് തന്നെയാണ്. വയനാട്ടിലെ കാടുകളില്‍ അക്കേഷ്യ മരങ്ങളും യൂക്കാലിപ്‌സ് മരങ്ങളും വച്ചുപിടിപ്പിച്ചതിലൂടെ വനംവകുപ്പ് കാടിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥ തകര്‍ക്കുകയാണ് ചെയ്തത്.
കാടിന്റെ സ്വാഭാവിക അവസ്ഥ നശിപ്പിച്ച വനം വകുപ്പോ അതോ കൃഷി ഭൂമിയില്‍ ഫല വൃക്ഷങ്ങള്‍ വച്ചു പിടിപ്പിച്ച കര്‍ഷകരോ വനം നശിപ്പിച്ചതെന്ന ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി പറയണമെന്നും അദേഹം ആവശ്യപ്പെട്ടു.
ആനമതില്‍ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുക, താല്‍ക്കാലിക ഫെന്‍സിങ് സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുക, ആറളം ഫാമിനുള്ളിലെ വനഭൂമി വെട്ടിത്തെളിക്കുക, സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ധനസഹായം പൂര്‍ണ തോതില്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടന്നത്.
ഉപവാസ സമരമനുഷ്ടിച്ച കെസിവൈഎം തലശേരി അതിരൂപത പ്രസിഡന്റ് ജോയല്‍ പുതുപ്പറമ്പില്‍, ഡയറക്ടര്‍ ഫാ.അഖില്‍ മുക്കുഴി, സംസ്ഥാന സെക്രട്ടറി വിപിന്‍ ജോസഫ്, ജനറല്‍ സെക്രട്ടറി അബിന്‍ വടക്കേക്കര, കൗണ്‍സിലര്‍ ജോയല്‍ പി.ജെ, എടൂര്‍ ഫൊറോന പ്രസിഡന്റ് റോണിറ്റ് പള്ളിപ്പറമ്പില്‍ എന്നിവര്‍ക്ക് കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എബിന്‍ കണിവയലില്‍ നാരങ്ങാനീര് നല്‍കി ഉപവാ സസമരം അവസാനിപ്പിച്ചു.
ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ഇരിക്കൂര്‍ എംഎല്‍എ അഡ്വ. സജീവ് ജോസഫ് എന്നിവര്‍ സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് സംസാരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.