അക്രമവാസനയും കൊലപാതക പരമ്പരയും വര്‍ധിക്കുന്നു; സര്‍ക്കാര്‍ ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

 അക്രമവാസനയും കൊലപാതക പരമ്പരയും വര്‍ധിക്കുന്നു; സര്‍ക്കാര്‍ ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

 തിരുവനന്തപുരം: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന അക്രമവാസനകളും കൊലപാതക പരമ്പരകളും അമര്‍ച്ച ചെയ്യുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. സമൂഹത്തിലെ മൂല്യച്യുതിയും അരക്ഷിതാവസ്ഥയും അവസാനിപ്പിക്കുന്നതിനായി ആഭ്യന്തരം, വിദ്യാഭ്യാസം, റവന്യു, സാംസ്‌കാരികം എന്നി വകുപ്പുകളുടെ തലവന്‍മാരുമായി കൂടിയാലോചിച്ച് ചീഫ് സെക്രട്ടറി നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് വ്യക്തമാക്കി.

അക്രമവാസനയും കുറ്റകൃത്യങ്ങള്‍ക്കുള്ള ത്വരയും അവസാനിപ്പിക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ ആസൂത്രണം ചെയ്യണമെന്നും കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ ചീഫ് സെക്രട്ടറി രണ്ട് മാസത്തിനുള്ളില്‍ കമ്മീഷനില്‍ സമര്‍പ്പിക്കണം. പ്രണയമില്ലാതെ പ്രാപിക്കുകയും വിശപ്പില്ലാതെ കൊല്ലുകയും ചെയ്യുന്ന ഇരുകാലിമൃഗമാണ് ആധുനിക മനുഷ്യനെന്ന കവിയുടെ വാക്കുകള്‍ അന്വര്‍ത്ഥമായി തീര്‍ന്നതായി കെ. ബൈജുനാഥ് പറഞ്ഞു. സഹജീവികളെയും ഉറ്റവരെയും ഉന്മൂലനം ചെയ്യാന്‍ മടിയില്ലാത്ത തലമുറ ആശങ്കയായി മാറുകയാണ്.

ഇത് നിയമവാഴ്ചയെ തകിടം മറിക്കുകയും സമാധാനപൂര്‍ണമായ മനുഷ്യവാസം ഇല്ലാതാക്കുകയും ചെയ്യും. മനുഷ്യനില്‍ അന്തര്‍ലീനമായ മൃഗീയ വാസനകളെ ശോഷിപ്പിക്കുന്ന ഒരു സാഹചര്യം ഇവിടെ ഉണ്ടാകേണ്ടിയിരിക്കുന്നു. യുവാക്കളില്‍ അക്രമവാസനയും കുറ്റകൃത്യ പ്രേരണയും വര്‍ധിപ്പിക്കുന്നതിനുള്ള ഘടകങ്ങള്‍ സമൂഹത്തില്‍ സജീവമാണ്.

അക്രമത്തിനും കൊലപാതകത്തിനും പ്രാധാന്യം നല്‍കുന്ന സിനിമകള്‍ക്ക് കിട്ടുന്ന സ്വീകാര്യത പരിശോധിക്കപ്പെടണം. ബന്ധങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന സിനിമകളേക്കാള്‍ മറ്റ് സിനിമകള്‍ക്ക് കൂടുതല്‍ വിജയം ലഭിക്കുന്നതിനെക്കുറിച്ച് സിനിമാ പ്രവര്‍ത്തകര്‍ ഗൗരവമായി ചിന്തിക്കണമെന്നും അദേഹം പറഞ്ഞു.

ലഹരിയുടെ ഉപയോഗത്തിനൊപ്പം ജയിക്കാനായി എതിരാളികളെ കൊന്നൊടുക്കുന്ന വീഡിയോ ഗെയിമുകള്‍ യുവതലമുറയില്‍ ചെലുത്തുന്ന സ്വാധീനവും പരിശോധിക്കപ്പെടണം. കുടുംബം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമൂഹിക സംഘടനകള്‍, മതസംഘടനകള്‍ എന്നിവക്ക് വളര്‍ന്ന് വരുന്ന സാമൂഹിക വിപത്തിനെ തടയുന്നതില്‍ വലിയ പങ്ക് വഹിക്കാനുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.