ഷഹബാസിന്റെ മരണം തലയോട്ടി തകര്‍ന്ന്; പോസ്റ്റ്‌മോര്‍ട്ടത്തില്‍ നിര്‍ണായക കണ്ടെത്തല്‍

ഷഹബാസിന്റെ മരണം തലയോട്ടി തകര്‍ന്ന്; പോസ്റ്റ്‌മോര്‍ട്ടത്തില്‍ നിര്‍ണായക കണ്ടെത്തല്‍

കോഴിക്കോട്: താമരശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസിന്റെ മരണം ക്രൂര മര്‍ദ്ദനമേറ്റെന്ന് സ്ഥിരീകരിക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഷഹബാസിന്റെ വലത് ചെവിയുടെ മുകളിലായി തലയോട്ടി തകര്‍ന്നു, നെഞ്ചിനേറ്റ മര്‍ദ്ദനത്തില്‍ അന്തരിക രക്ത സ്രവം ഉണ്ടായി, ചെവിയുടെ പിന്നിലും, കണ്ണിലും മര്‍ദ്ദനമേറ്റതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. കട്ടിയേറിയ ആയുധം കൊണ്ട് ഷഹബാസിന് അടിയേറ്റെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തല്‍.

എലൈറ്റില്‍ വട്ടോളി എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസ് ആണ് പുലര്‍ച്ചെ ഒരു മണിയോടെ മരണത്തിന് കീഴടങ്ങിയത്. വ്യാഴാഴ്ച വൈകുന്നേരം താമരശേരിയില്‍ ഷഹബാസ് ഉള്‍പ്പെടുന്ന എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളും താമരശേരി കോരങ്ങാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും തമ്മില്‍ ട്യൂഷന്‍ സെന്ററിലെ കലാപരിപാടിയെ ചൊല്ലി ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു.

സംഘര്‍ഷത്തിനിടെ നഞ്ചക്ക് കൊണ്ട് തലയ്ക്ക് അടിയേറ്റ ഷഹബാസ് വീട്ടിലെത്തി വൈകാതെ ബോധരഹിതനാവുകയായിരുന്നു. രക്ഷിതാക്കള്‍ ആദ്യം താമരശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും വെന്റിലേറ്റര്‍ സഹായത്തോടെ ഒരു ദിവസം മാത്രമാണ് ഷഹബാസ് ജീവന്‍ നിലനിര്‍ത്താന്‍ ആയത്.

അക്രമിച്ച അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെയും പൊലീസ് കൊലക്കുറ്റം ചുമത്തി. അഞ്ച് പേരെയും വെള്ളിമാടുകുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റാന്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് തീരുമാനിച്ചു. എസ്എസ്എല്‍സി വിദ്യാര്‍ത്ഥികളായ ഇവര്‍ക്ക് പരീക്ഷ എഴുതാന്‍ ബോര്‍ഡ് അനുമതി നല്‍കി.

ആക്രമണം ബോധപൂര്‍വം ആയിരുന്നുവെന്ന് തെളിയിക്കുന്ന അക്രമികളുടെ ശബ്ദ സന്ദേശങ്ങള്‍ പുറത്ത് വന്നിരുന്നു. ഷഹബാസിനെ ആക്രമിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടി തന്നെയെന്ന് ഒരു സന്ദേശത്തില്‍ പറയുന്നു. സംഘം ചേര്‍ന്ന് ആക്രമിച്ചാല്‍ കേസ് ഉണ്ടാകില്ലെന്ന് അക്രമി സംഘത്തിലെ ഒരു വിദ്യാര്‍ത്ഥി മറ്റുള്ളവര്‍ക്ക് ഉപദേശവും നല്‍കുന്നുണ്ട്.

അതേസമയം ഷഹബാസിന്റെ സംസ്‌കാരം നടത്തി. ചുങ്കം ജുമാ മസ്ജിദിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. കിടവൂര്‍ മദ്രസയില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ സുഹൃത്തുക്കളും നാട്ടുകാരും ബന്ധുക്കളും ഉള്‍പ്പെടെ നൂറ് കണക്കിന് ആളുകളാണ് അവസാനമായി ഷഹബാസിനെ കാണാന്‍ എത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.