കോട്ടയം: ഏറ്റുമാനൂരില്‍ അമ്മയും രണ്ട് പെണ്‍മക്കളും തീവണ്ടിക്ക് മുന്നില്‍ ചാടി മരിച്ച സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ ചുങ്കം ചേരിയില്‍ വലിയപറമ്പില്‍ നോബിയെയാണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് ഉച്ചയോടെ പോലീസ് നോബിയെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നോബിയുടെ ഭാര്യ ഷൈനി (42), മക്കളായ അലീന(11), ഇവാന(10) എന്നിവരാണ് തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയത്.
ഏറ്റുമാനൂരിന് സമീപം പാറോലിക്കലില്‍ കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. റെയില്‍വേ പാളത്തിലേക്ക് ചാടിയ അമ്മയും മക്കളും ലോക്കോ പൈലറ്റ് നിരന്തരം ഹോണ്‍ മുഴക്കിയിട്ടും പാളത്തില്‍ നിന്ന് മാറിയിരുന്നില്ല. അമ്മയെ ചേര്‍ത്തുപിടിച്ചാണ് രണ്ട് മക്കളും പാളത്തിലിരുന്നത്.
പിന്നാലെ ട്രെയിന്‍ ഇവരെ ഇടിച്ചിട്ട് കടന്നു പോയി. ഉടന്‍ തന്നെ ലോക്കോ പൈലറ്റ് ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസെത്തിയപ്പോള്‍ ചിതറിയനിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ഷൈനിയും മക്കളുമാണെന്ന് തിരിച്ചറിഞ്ഞത്.
കുടുംബ പ്രശ്നങ്ങളാണ് മക്കളേയും കൂട്ടി ഷൈനി ജീവനൊടുക്കാന്‍ കാരണമായതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഷൈനിയുടെ ഭര്‍ത്താവ് നോബി മര്‍ച്ചന്റ് നേവി ജീവനക്കാരനാണ്.
കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒമ്പത് മാസമായി ഷൈനിയും രണ്ട് മക്കളും പാറോലിക്കലിലെ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. ഇവരുടെ മറ്റൊരു മകനായ എഡ്വിന്‍ (14) എറണാകുളത്ത് സ്പോര്‍ട്‌സ് സ്‌കൂളില്‍ പഠിക്കുകയാണ്. ബി.എസ്.സി നഴ്സിങ് ബിരുദധാരിയായ ഷൈനി നാട്ടില്‍ ജോലിക്ക് ശ്രമിച്ചു വരുകയായിരുന്നു.
അതേസമയം നോബിയും കുടുംബാംഗങ്ങളും ഷൈനിക്ക് ജോലി കിട്ടാതിരിക്കാന്‍ ശ്രമിച്ചതായി ആരോപണമുയര്‍ന്നിരുന്നു. നേരത്തെ നോബിക്കെതിരേ ഷൈനി ഗാര്‍ഹിക പീഡനത്തിന് പരാതിയും നല്‍കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.