തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 77.17 ഹെക്ടര്‍ സ്ഥലം കടല്‍ നികത്തി കണ്ടെത്തും. നേരത്തെ ഒന്നാംഘട്ടത്തില്‍ തുറമുഖത്തിനായി 63 ഹെക്ടര്‍ ഭൂമി കടല്‍ നികത്തിയെടുത്തിരുന്നു. രണ്ടും മൂന്നും ഘട്ടത്തിനായാണ് ഇപ്പോള്‍ സ്ഥലം കണ്ടെത്തുന്നത്.
നിലവില്‍ തുറമുഖത്തിന്റെ യാര്‍ഡ് നിലനില്‍ക്കുന്നത് ആദ്യഘട്ടത്തില്‍ നികത്തിയെടുത്ത ഭൂമിയിലാണ്. ഇതോടെ രണ്ടും മൂന്നും ഘട്ടത്തില്‍ തുറമുഖ വികസനത്തിനായി സ്വകാര്യഭൂമി ഏറ്റെടുക്കേണ്ടതില്ല. ഡ്രഡ്ജ് ചെയ്തായിരിക്കും കടല്‍ നികത്തുന്നതിനുള്ള മണല്‍ കണ്ടെത്തുക. പദ്ധതിപ്രദേശത്ത് തന്നെ ഡ്രെജ്ജിങ് നടത്തി കടല്‍പ്രദേശം കരയാക്കി മാറ്റും. യാര്‍ഡ് നിര്‍മാണത്തിനാണ് കടല്‍ നികത്തി സ്ഥലം കണ്ടെത്തുക. അടുത്തഘട്ടത്തില്‍ നിലവിലുള്ളതിന്റെ മൂന്നിരട്ടിയിലധികം സംഭരണ ശേഷിയാണ് തുറമുഖം ലക്ഷ്യമിടുന്നത്.
നിലവില്‍ ഡ്രഡ്ജ് ചെയ്യേണ്ട ഭാഗത്ത് കണ്ടല്‍ക്കാടുകള്‍ ഇല്ലാത്തതിനാല്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ കണ്ടെയ്നര്‍ ടെര്‍മിനല്‍ 800 മീറ്റര്‍ എന്നത് അടുത്ത ഘട്ടത്തില്‍ 2000 മീറ്റര്‍ എന്ന നിലയില്‍ വികസിപ്പിക്കും. 1200 മീറ്റര്‍ കൂടി അടുത്ത ഘട്ടത്തില്‍ വികസിപ്പിക്കുമ്പോള്‍ ലോകത്തെ നീളം കൂടിയ വിഭാഗത്തിലുള്ള അഞ്ച് കപ്പലുകള്‍ക്ക് ഒരേസമയം വിഴിഞ്ഞത്ത് ബെര്‍ത്ത് ചെയ്യാനാകും. കൂടാതെ നാവികസേന, കോസ്റ്റ് ഗാര്‍ഡ് എന്നിവയ്ക്കും കൂടി ഉപയോഗിക്കാവുന്ന തരത്തിലായിരിക്കും അടുത്ത ഘട്ടത്തിലെ ബെര്‍ത്ത് നിര്‍മാണം.
നിലവില്‍ മൂന്ന് കിലോമീറ്റര്‍ നീളത്തിലാണ് ബ്രേക്ക്വാട്ടര്‍. ഇത് നാല് കിലോമീറ്ററായി ഉയര്‍ത്തും. തുറമുഖത്തിന്റെ കണ്ടെയ്നര്‍ ശേഷി ഉയര്‍ത്തുകയാണ് അടുത്ത ഘട്ടത്തില്‍ പ്രധാനം. നിലവില്‍ 10 ലക്ഷം ടിഇയു(ഒരു ടിഇയു- 20 അടി നീളമുള്ള കണ്ടെയ്നര്‍) ആണ്. ഇത് 44.5 ലക്ഷം ടിഇയു ആയാണ് ഉയര്‍ത്തുന്നത്.
രണ്ടും മൂന്നും ഘട്ടം പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ പ്രത്യക്ഷമായും പരോക്ഷമായും 2700 പേര്‍ക്ക് ജോലി ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്. കേരളത്തിന്റെ കയറ്റുമതി-ഇറക്കുമതി മേഖലയില്‍ വലിയ കുതിപ്പ് ഈ രണ്ടുഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ഉണ്ടാകുമെന്ന്, പാരിസ്ഥിതിക അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തുറമുഖത്തോടനുബന്ധിച്ചുള്ള ക്രൂയിസ് ടെര്‍മിനല്‍കൂടി പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ വിനോദസഞ്ചാര മേഖലയിലും വലിയ കുതിപ്പുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.