സംസ്ഥാനത്ത് 3,872 റേഷന്‍ കടകള്‍ പൂട്ടണം; പൊതുവിതരണ സംവിധാനത്തില്‍ കാര്യമായ മാറ്റങ്ങള്‍ നിര്‍ദേശിച്ച് വിദഗ്ധ സമിതി

സംസ്ഥാനത്ത് 3,872 റേഷന്‍ കടകള്‍ പൂട്ടണം; പൊതുവിതരണ സംവിധാനത്തില്‍ കാര്യമായ മാറ്റങ്ങള്‍ നിര്‍ദേശിച്ച് വിദഗ്ധ സമിതി

കൊച്ചി: സംസ്ഥാനത്തെ പൊതുവിതരണ സംവിധാനത്തില്‍ കാര്യമായ മാറ്റങ്ങള്‍ നിര്‍ദേശിച്ച് കേരള സര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ദ്ധ സമിതി. റേഷന്‍ കടകളുടെ എണ്ണം 13,872 ല്‍ നിന്ന് 10,000 ആയി കുറയ്ക്കാനും മുന്‍ഗണനേതര വിഭാഗത്തിന് (സബ്സിഡി) നല്‍കുന്ന അരിയുടെയും പഞ്ചസാരയുടെയും ചില്ലറ വില്‍പന വില വര്‍ധിപ്പിക്കാനും വിദഗ്ദ്ധ സമിതി ശുപാര്‍ശ ചെയ്തു.

പുതിയ റേഷന്‍ കടകള്‍ തുറക്കുന്നതില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ശുപാര്‍ശയില്‍ വ്യക്തമാക്കുന്നു. ന്യായ വില ഷോപ്പ് (എഫ്പിഎസ്) ഡീലര്‍മാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ കേരള സര്‍ക്കാര്‍ രൂപീകരിച്ചതാണ് സമിതി. പൊതുവിഭാഗത്തില്‍ നീല കാര്‍ഡുടമകളാണ് മുന്‍ഗണനേതര വിഭാഗം (സബ്സിഡി) എന്നതില്‍ വരുന്നത്.

2024 അവസാനത്തോടെ ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പിന് സമര്‍പ്പിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് ഇതുവരെ ചര്‍ച്ച ചെയ്യുകയോ ശുപാര്‍ശയിന്മേല്‍ നടപടിയെടുക്കുകയോ ചെയ്തിട്ടില്ല. എന്നിരുന്നാലും 2018 മുതല്‍ മാറ്റമില്ലാതെ തുടരുന്ന റേഷന്‍ വ്യാപാരികളുടെ വേതന വ്യവസ്ഥയില്‍ സമയബന്ധിതമായ പരിഷ്‌കരണം വേണമെന്ന ആവശ്യത്തെ റിപ്പോര്‍ട്ട് പിന്താങ്ങുന്നു.

സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം നേടുന്നതിനായി വേതനം വര്‍ധിപ്പിക്കുന്നത് സുസ്ഥിരമായ ഒരു പരിഹാരമല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഭാവിയില്‍ ഇത് ഒരു വലിയ പ്രതിസന്ധിയിലേക്ക് നയിച്ചേക്കാം. പകരം ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പരമ്പരാഗത ന്യായ വില ഷോപ്പുകള്‍ നവീകരിക്കാന്‍ ലക്ഷ്യമിടുന്ന കെ-സ്റ്റോര്‍ പദ്ധതിയിലൂടെ റേഷന്‍ കടകള്‍ വൈവിധ്യവല്‍ക്കരിക്കാനും കൂടുതല്‍ സേവനങ്ങള്‍ നല്‍കാനും സമിതി നിര്‍ദേശിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.