കളമശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലില്‍ വന്‍ ലഹരി ശേഖരം: കഞ്ചാവ്, മദ്യക്കുപ്പി, ഗര്‍ഭനിരോധന ഉറകള്‍; റെയ്ഡില്‍ ഞെട്ടി പൊലീസ്

കളമശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലില്‍ വന്‍ ലഹരി ശേഖരം: കഞ്ചാവ്, മദ്യക്കുപ്പി, ഗര്‍ഭനിരോധന ഉറകള്‍; റെയ്ഡില്‍ ഞെട്ടി പൊലീസ്

കൊച്ചി: കളമശേരി ഗവ. പോളിടെക്നിക് കോളജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടി. വ്യാഴാഴ്ച രാത്രി പൊലീസ് നടത്തിയ റെയ്ഡിലാണ് കഞ്ചാവ് ശേഖരം പിടികൂടിയത്.

കളമശേരി പൊലീസിനും ഡാന്‍സാഫിനും ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയത്. മുറികളില്‍ നടത്തിയ പരിശോധനയില്‍ ഒരു മുറിയില്‍ നിന്ന് മാത്രം 1.9 കിലോ കഞ്ചാവ് കണ്ടെത്തി. മറ്റൊരു മുറിയില്‍ നിന്ന് ഒമ്പത് ഗ്രാം കഞ്ചാവും പിടികൂടി.

കൊല്ലം സ്വദേശിയായ ആകാശിന്റെ മുറിയില്‍ നിന്നാണ് 1.9 കിലോ കഞ്ചാവ് കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയായ ആദിത്യന്‍, കൊല്ലം സ്വദേശിയായ അഭിരാജ് എന്നിവരുടെ മുറിയില്‍ നിന്നാണ് ഒമ്പതുഗ്രാം കഞ്ചാവ് പിടികൂടിയത്. മൂവരും പൊലീസ് കസ്റ്റഡിയിലാണ്. പരിശോധനയ്ക്കായി എത്തിയ പൊലീസ് സംഘത്തെ കണ്ട് മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ഹോളി ആഘോഷത്തിനായി എത്തിച്ച രണ്ട് കിലോ കഞ്ചാവാണ് പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ഹോസ്റ്റല്‍ മുറിയിലെ ഷെല്‍ഫില്‍ പോളിത്തീന്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവ്. മദ്യക്കുപ്പികളും ഗര്‍ഭനിരോധന ഉറകളും പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി.

ഹോളി ആഘോഷത്തിനായി വന്‍തോതില്‍ കഞ്ചാവ് എത്തിച്ചിട്ടുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധനക്കെത്തിയത്. രാത്രി ഒന്‍പതോടെ ആരംഭിച്ച മിന്നല്‍ പരിശോധന പുലര്‍ച്ചെ നാലോടെയാണ് അവസാനിച്ചത്. പൊലീസ് നടത്തിയ പരിശോധനക്കിടെ കഞ്ചാവ് തൂക്കുന്നതിനുള്ള ത്രാസും കണ്ടെത്തി.

ഇത്രയേറെ കഞ്ചാവ് കോളേജ് ഹോസ്റ്റലില്‍ ഉണ്ടാകുമെന്ന് കരുതിയില്ലെന്ന് എസിപി മാധ്യമങ്ങളോട് വ്യക്തമാക്കി. കഞ്ചാവ് എത്തിച്ച ആളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കുകയാണെന്നും പൊലീസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.