മുന്നണി ബന്ധങ്ങളിലെ മാറ്റം: സിപിഎമ്മിനും സിപിഐക്കും സ്ഥാനാര്‍ത്ഥികള്‍ കുറയും; കോണ്‍ഗ്രസിനും ലീഗിനും കൂടും

മുന്നണി ബന്ധങ്ങളിലെ മാറ്റം: സിപിഎമ്മിനും സിപിഐക്കും  സ്ഥാനാര്‍ത്ഥികള്‍ കുറയും; കോണ്‍ഗ്രസിനും ലീഗിനും കൂടും

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം, എല്‍ജെഡി എന്നീ കക്ഷികള്‍ മുന്നണിയിലേക്കു വന്നതോടെ എല്‍ഡിഎഫിലെ പ്രധാന പാര്‍ട്ടികളായ സിപിഎമ്മിനും സിപിഐക്കും സീറ്റുകള്‍ കുറയും. രണ്ട് ഘടക കക്ഷികളുടെ കൊഴിഞ്ഞു പോക്കോടെ യുഡിഎഫില്‍ കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും സീറ്റുകള്‍ കൂടും.

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനും സീറ്റുകളുടെ എണ്ണത്തില്‍ കഴിഞ്ഞ പ്രാവശ്യക്കെക്കാള്‍ ചെറിയ വര്‍ദ്ധനവുണ്ടാകും. പിളര്‍പ്പിനെത്തുടര്‍ന്നു ബിഡിജെഎസ് ദുര്‍ബലമായതിനാല്‍ ബിജെപിയും ഇത്തവണ കൂടുതല്‍ സീറ്റില്‍ മത്സരിക്കും.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ ആയിരുന്നപ്പോള്‍ മാണി വിഭാഗം 15 സീറ്റിലാണ് മത്സരിച്ചത്. അന്ന് ജെഡിയു ആയിരുന്ന എല്‍ജെഡി ഏഴു സീറ്റിലും മത്സരിച്ചിരുന്നു. ഇവര്‍ മത്സരിച്ചു വന്ന 22 സീറ്റില്‍ 15 എണ്ണമെങ്കിലും ഇത്തവണ ഇടതു മുന്നണി നല്‍കുമെന്നാണ് സൂചനകള്‍. ഇതിനായി മുന്നണിയിലെ മുഖ്യകക്ഷികളായ സിപിഎമ്മും സിപിഐയും വിട്ടുവീഴ്ച ചെയ്യും.

കഴിഞ്ഞ തവണ സിപിഎം 87 പേരെ പാര്‍ട്ടി ചിഹ്നത്തിലും അഞ്ചു പേരെ സ്വതന്ത്രരായും മത്സരിപ്പിച്ചു. സിപിഐക്ക് 27 സ്ഥാനാര്‍ഥികളാണ് ഉണ്ടായിരുന്നത്. ഇക്കുറി കേരള കോണ്‍ഗ്രസിനും എല്‍ജെഡിക്കുമായുള്ള വിഭജനം പൂര്‍ത്തിയാവുമ്പോള്‍ സിപിഎമ്മിന്റെ സീറ്റുകളുടെ എണ്ണം 85 ആയി കുറഞ്ഞേക്കും. സിപിഐ രണ്ടു സീറ്റുകളാണ് വിട്ടുനല്‍കുക. കഴിഞ്ഞ തവണത്തെ അത്രയും സീറ്റുകളില്‍ മത്സരിക്കാനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനാം രാജേന്ദ്രന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സിപിഐ നേതാക്കളുമായുള്ള സിപിഎമ്മിന്റെ ഉഭയകക്ഷി ചര്‍ച്ച നാളെയാണ്.

കഴിഞ്ഞ തവണ 87 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ഇത്തവണ കൂടുതല്‍ മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളുണ്ടാവും. കേരള കോണ്‍ഗ്രസും എല്‍ജെഡിയും പോയതിലൂടെ ഒഴിവു വരുന്ന 22 സീറ്റുകളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസും മുസ്ലിം ലീഗും പങ്കുവയ്ക്കും. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകള്‍ക്കായി പിജെ ജോസഫ് രംഗത്തുണ്ടെങ്കിലും ജോസഫ് വിഭാഗത്തിന് പരമാവധി 12 സീറ്റുകള്‍ നല്‍കാനാണ് നീക്കം.

ലീഗ് കഴിഞ്ഞ തവണ 24 സീറ്റിലാണ് മത്സരിച്ചത്. 30 സീറ്റു വേണമെന്നാണ് ഇത്തവണ അവരുടെ ആവശ്യം. 27 സീറ്റ് എന്ന ധാരണയില്‍ ലീഗ് നേതൃത്വം കോണ്‍ഗ്രസുമായി എത്തിയതായാണ് അറിയുന്നത്. ലീഗുമായുള്ള സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. ബുധനാഴ്ച യുഡിഎഫ് സീറ്റ് വിഭജന പ്രഖ്യപനമുണ്ടാവും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.