വാക്‌സിനേഷന്‍ രണ്ടാം ഘട്ടം നാളെ; സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസിന് 250 രൂപ

വാക്‌സിനേഷന്‍ രണ്ടാം ഘട്ടം നാളെ; സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസിന് 250 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടം നാളെ ആരംഭിക്കും. അറുപത് വയസിന് മുകളിലുള്ളവര്‍ക്കും നാല്‍പത്തിയഞ്ച് വയസ് പിന്നിട്ട ഇതര രോഗബാധിതര്‍ക്കുമാണ് രണ്ടാംഘട്ടത്തില്‍ കുത്തിവയ്പ്.

ആരോഗ്യസേതു ആപ്പിലോ, കോവിൻ വെബ്സൈറ്റിലോ രജിസ്റ്റര്‍ ചെയ്യാം. പേര്, വയസ്, ലിംഗം, ആധാര്‍ നമ്പർ, മൊബൈല്‍ നമ്പർ എന്നിവ നല്‍കണം. വാക്സിന്‍ കേന്ദ്രം, തിയതി, സമയം എന്നിവ തിരഞ്ഞെടുക്കാം. അതേസമയം എത് വാക്സിന്‍ വേണമെന്ന് തിരഞ്ഞെടുക്കാന്‍ കഴിയില്ല.

സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്സിന്‍ തികച്ചും സൗജന്യമായിരിക്കും. സ്വകാര്യ ആശുപത്രികളില്‍ വാക്സിന്‍ (ഒരു ഡോസിന്) 250 രൂപ നിരക്കില്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കുത്തിവയ്പ്പിന് അനുമതിയുള്ള ആയുഷ്‌മാന്‍ ഭാരത് പി.എം.ജെ.വൈ പദ്ധതിയില്‍ എംപാനല്‍ ചെയ്ത 10,000 സ്വകാര്യ ആശുപത്രികളുടെയും സി.ജി.എച്ച്‌.എസിന് കീഴിലുള്ള 600 ആശുപത്രികളുടെയും പട്ടിക കേന്ദ്ര ആരോഗ്യമന്ത്രാലയം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആയുഷ്മാന്‍ ഭാരത് എംപാനല്‍ സ്വകാര്യ ആശുപത്രികള്‍, കേന്ദ്രസ‍ര്‍ക്കാര്‍ ആരോഗ്യപദ്ധതിയിലെ സ്വകാര്യ ആശുപത്രികള്‍, സംസ്ഥാന സ‍ര്‍ക്കാര്‍ ആരോഗ്യപദ്ധതിയിലെ ആശുപത്രികള്‍ തുടങ്ങിയ കേന്ദ്രങ്ങളിലായിരിക്കും കുത്തിവയ്പ് നടത്തുക. അതേസമയം ഇതുവരെ എഴുപത് ശതമാനം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രണ്ട് ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.