നാട്ടിലെത്തിയത് പുതിയ വീടിന്റെ കൂദാശയ്ക്കായി നാല് ദിവസത്തെ ലീവിന്
കൊല്ലം: വിദേശത്ത് നിന്നെത്തി വീട്ടിലേക്ക് പോകവേ വനിതാ ഡോക്ടര്‍ വാഹനാപകടത്തില്‍ മരിച്ചു. ചന്ദനപ്പള്ളി വടക്കേക്കര വീട്ടില്‍ ഡോ. ബിന്ദു ഫിലിപ്പ് (48) ആണ് മരിച്ചത്. കൊട്ടാരക്കര എംസി റോഡില്‍ വയയ്ക്കല്‍ കമ്പംകോടിന് സമീപം തിങ്കളാഴ്ച രാവിലെ ആറോടെയാണ് അപകടം.
ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിന്ദുവിനെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കാര്‍ ഡ്രൈവര്‍ ബൈജു ജോര്‍ജ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
10 വര്‍ഷമായി ദുബായില്‍ ഗൈനക്കോളജിസ്റ്റായ ബിന്ദു ഫിലിപ്പ് തിങ്കളാഴ്ച പുലര്‍ച്ചെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഇവിടെ നിന്നു വീട്ടിലേക്കുള്ള യാത്രയിലായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.
മെയ് നാലിന് കൂദാശ നടത്താന്‍ നിശ്ചയിച്ചിരുന്ന പുതിയ വീടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ആവശ്യങ്ങള്‍ക്കായി നാല് ദിവസത്തെ അവധിക്കാണ് അവര്‍ നാട്ടിലേക്ക് വന്നത്. ഭര്‍ത്താവ് അജി പി. വര്‍ഗീസ് രണ്ട് വര്‍ഷം മുന്‍പ് മരിച്ചു.
മക്കള്‍: എയ്ഞ്ചലീന (മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ അവസാന വര്‍ഷ വിദ്യാര്‍ഥിനി, ദുബായ്), വീനസ് അജി (ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി, എസ്‌യുടി മെഡിക്കല്‍ കോളജ്, തിരുവന്തപുരം). സംസ്‌കാരം നാളെ 11 ന് ചന്ദനപ്പള്ളി സെയ്ന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി സെമിത്തേരിയില്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.