കരിപ്പൂരിന് തിരിച്ചടി: ഏഴ് വര്‍ഷം നീണ്ട സര്‍വീസ് ഗള്‍ഫ് എയര്‍ അവസാനിപ്പിക്കുന്നു

കരിപ്പൂരിന് തിരിച്ചടി: ഏഴ് വര്‍ഷം നീണ്ട സര്‍വീസ് ഗള്‍ഫ് എയര്‍ അവസാനിപ്പിക്കുന്നു

കരിപ്പൂരിനെതിരെ ലോബി പ്രവര്‍ത്തിക്കുന്നതായി വിമാനത്താവള ഉപദേശക സമിതി

കോഴിക്കോട്: ഒരു വിദേശ വിമാനക്കമ്പനി കൂടി കരിപ്പൂര്‍ വിടുന്നു. കോഴിക്കോട്ട് നിന്ന് ബഹ്റൈന്‍, ദോഹ മേഖലകളില്‍ സര്‍വീസ് നടത്തുന്ന ഗള്‍ഫ് എയറാണ് സര്‍വീസ് അവസാനിപ്പിക്കുന്നത്. 31 ന് പുലര്‍ച്ചെ അഞ്ചിനുള്ള വിമാനത്തോടെ ഏഴ് വര്‍ഷം നീണ്ട ഗള്‍ഫ് എയര്‍ സര്‍വീസ് അവസാനിക്കും.

എയര്‍ ഇന്ത്യ തുടങ്ങിവച്ച സര്‍വീസ് പിന്‍വലിക്കലില്‍ കരിപ്പൂര്‍ വിടുന്ന മൂന്നാമത്തെ കമ്പനിയാണ് ഗള്‍ഫ് എയര്‍. സര്‍വീസ് പുനക്രമീകരണത്തിന്റെ ഭാഗമായാണ് കോഴിക്കോട് സര്‍വീസ് പിന്‍വലിക്കുന്നതെന്ന് ഗള്‍ഫ് എയര്‍ വ്യക്തമാക്കുന്നു. ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സര്‍വീസ് നിര്‍ത്തലാക്കാനുള്ള തീരുമാനം യാത്രക്കാര്‍ക്ക് ഇരുട്ടടിയാണ്. മറ്റ് സര്‍വീസുകളെ അപേക്ഷിച്ച് കുറഞ്ഞ ടിക്കറ്റ് നിരക്കും ഭക്ഷണവും കൃത്യതയുള്ള സര്‍വീസും ഇവരുടെ പ്രത്യേകതയായിരുന്നു.

2018 ജൂണിലാണ് ഗള്‍ഫ് എയര്‍ കോഴിക്കോട്-ബഹ്റൈന്‍, ദോഹ സര്‍വീസ് ആരംഭിച്ചത്. ദുബായ്, അബുദാബി, ജിദ്ദ മേഖലകളിലേക്കും യൂറോപ്പിലേക്കും കണക്ഷന്‍ സര്‍വീസുമായാണ് കമ്പനി പ്രവര്‍ത്തിച്ചിരുന്നത്. തിങ്കള്‍, ബുധന്‍, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായാണ് സര്‍വീസ് നടത്തിയത്. 159 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനത്തില്‍ ദിവസവും നിറയെ യാത്രക്കാരും ഉണ്ടായിരുന്നു.

നേരത്തെ എയര്‍ ഇന്ത്യ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ഷാര്‍ജ, ദുബായ്, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കിയിരുന്നു. മൂന്ന് മാസം മുന്‍പ് സൗദി എയറും കോഴിക്കോട് സര്‍വീസില്‍ നിന്ന് പിന്‍മാറി. വേനല്‍ക്കാല ഷെഡ്യൂളില്‍ എയര്‍ ഇന്ത്യ ദോഹ, ബഹ്റൈന്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തു. മേഖലയില്‍ സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ ആവട്ടെ സര്‍വീസുകള്‍ വര്‍ധിപ്പിച്ചതുമില്ല. ദോഹ, ബഹ്റൈന്‍ മേഖലയില്‍ നിരക്ക് വര്‍ധനയ്ക്കും തിരക്ക് കൂടാനും ഗള്‍ഫ് എയര്‍ തീരുമാനം വഴിവെക്കുമെന്നാണ് വിലയിരുത്തല്‍.

അതേസമയം ഗള്‍ഫ് എയര്‍ പിന്‍മാറ്റത്തില്‍ കോഴിക്കോട് വിമാനത്താലളത്തിനെതിരെ ലോബി പ്രവര്‍ത്തിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് വിമാനത്താവള ഉപദേശക സമിതി വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.