'ഭാര്യ കറുത്തവള്‍, ഭര്‍ത്താവിന് വെളുപ്പ്'; നിറത്തിന്റെ പേരില്‍ അധിക്ഷേപം നേരിട്ടതായി ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍

'ഭാര്യ കറുത്തവള്‍, ഭര്‍ത്താവിന് വെളുപ്പ്'; നിറത്തിന്റെ പേരില്‍ അധിക്ഷേപം നേരിട്ടതായി ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍

'കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു'- ശാരദ മുരളീധരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

തിരുവനന്തപുരം: നിറത്തിന്റെ പേരില്‍ അപമാനം നേരിട്ടതിനെക്കുറിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വൈറല്‍. തന്റേയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വി. വേണുവിന്റേയും നിറ വ്യത്യാസത്തെ കുറിച്ച് ഒരാള്‍ നടത്തിയ മോശം പരാമര്‍ശമാണ് അവര്‍ കുറിപ്പില്‍ സൂചിപ്പിക്കുന്നത്.

തന്റെ നിറം കറുപ്പാണെന്നും ഭര്‍ത്താവിന്റെ നിറം വെളുപ്പാണെന്നുമുള്ള തരത്തില്‍ ഒരു കമന്റ് കേട്ടു എന്നായിരുന്നു ശാരദ ആദ്യം പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നത്. ഇതിന് താഴെ വന്ന കമന്റുകളില്‍ അസ്വസ്ഥയായി അത് ഡിലീറ്റ് ചെയ്തു.

എന്നാല്‍ ഇത് ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്ന് ചില അഭ്യുദയകാംക്ഷികള്‍ സൂചിപ്പിച്ചതിനാലാണ് വിശദമായ പോസ്റ്റ് ഇടുന്നതെന്നും ശാരദ മുരളീധരന്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ചീഫ് സെക്രട്ടറി എന്ന നിലയ്ക്കുള്ള തന്റെ പ്രവര്‍ത്തന കാലഘട്ടം കറുപ്പും ഭര്‍ത്താവ് വേണുവിന്റെ പ്രവര്‍ത്തനം വെളുപ്പുമാണെന്നായിരുന്നു ആ പരാമര്‍ശം. കറുപ്പ് എന്ന നിറത്തെ എന്തിനാണ് ഇത്ര മോശമായി കാണുന്നത്?

കറുപ്പ് മനോഹരമായ നിറമാണ്. കറുപ്പ് എന്നത് എന്തും ആഗിരണം ചെയ്യാന്‍ കഴിയുന്ന ഒന്നാണ്. കറുപ്പിനെ എന്തിനാണ് നിന്ദിക്കുന്നതെന്നും പ്രപഞ്ചത്തിലെ സര്‍വ വ്യാപിയായ സത്യമാണ് അതെന്നും ശാരദ മുരളീധരന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

'നാല് വയസുള്ളപ്പോള്‍ ഞാന്‍ അമ്മയോട് ചോദിച്ചിട്ടുണ്ട്, വീണ്ടും ഗര്‍ഭപാത്രത്തിലേക്ക് തിരിച്ചെടുത്ത് എന്നെ വെളുത്ത നിറമുള്ള കുട്ടിയായി ഒന്നുകൂടെ ജനിപ്പിക്കാമോ എന്ന്. നല്ലതെന്ന സല്‍പ്പേരില്ലാത്ത ആഖ്യാനങ്ങളുടെ ഭാരത്തിനടിയില്‍ അര നൂറ്റാണ്ടിലേറെക്കാലമായി ജീവിക്കുന്നു. ആ ആഖ്യാനത്തില്‍ സ്വാധീനിക്കപ്പെട്ടും പോയിട്ടുണ്ട്.

കറുപ്പിലെ ഭംഗി തിരിച്ചറിയാത്തതില്‍, വെളുത്ത തൊലിയില്‍ ആകൃഷ്ടയായതില്‍ ഉള്‍പ്പെടെ എനിക്ക് പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ട്. കറുപ്പില്‍ ഞാന്‍ കണ്ടെത്താത്ത സൗന്ദര്യം എന്റെ മക്കളാണ് കണ്ടെത്തിയത്. ഞാന്‍ കാണാതിരുന്ന ഭംഗി അവരതില്‍ കണ്ടത്തിക്കൊണ്ടേയിരുന്നു. കറുപ്പിന്റെ അഴക് എനിക്കവര്‍ കാട്ടിത്തന്നു. കറുപ്പ് മനോഹരമാണ്, കറുപ്പ് അതി മനോഹരമാണ്'. ശാരദ മുരളീധരന്‍ കുറിച്ചു.

ചീഫ് സെക്രട്ടറിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന് പിന്തുണയുമായി നിരവധി പേരെത്തി. കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

'കേരളത്തിന്റെ ചീഫ് സെക്രട്ടറി പവര്‍ഫുള്‍ ആയ ഫെയ്‌സ് ബുക്ക് പോസ്റ്റാണ് ഇട്ടിട്ടുള്ളത്. അതില്‍ അഭിമാനം തോന്നി.സാധാരണ ആരും ആ ധൈര്യം കാണിക്കാറില്ല. എന്നാല്‍ ചീഫ് സെക്രട്ടറി ആ ധൈര്യം കാണിച്ചു.

ഇത്രയും ഉന്നതമായ പദവിയിലിരിക്കുന്ന കേരളത്തിന്റെ ചീഫ് ഓഫ് സ്റ്റാഫായ സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് പോലും അങ്ങനെ എഴുതേണ്ടി വന്നുവെന്നത് നാം കാണണം. പുരോഗമനമായ കേരളം എന്ന് അഭിമാനിക്കുന്നുണ്ടെങ്കിലും ഒരുപാട് പേരുടെ മനസില്‍ യാഥാസ്ഥിതികമായ ചിന്തയുണ്ട്.'

എന്റെ അമ്മയുടെ നിറം കറുപ്പായിരുന്നു. ചെറുപ്പത്തില്‍ അമ്മയുടെ നിറം കിട്ടിയില്ലല്ലോ എന്നതായിരുന്നു എന്റെ സങ്കടം. കറുപ്പിന് എന്താണ് കുഴപ്പമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.