ആണവ പദ്ധതി: ട്രംപിന്റെ മുന്നറിയിപ്പ് അവഗണിച്ച് ഇറാന്‍; ഭൂഗര്‍ഭ മിസൈല്‍ കേന്ദ്രത്തില്‍ നിന്നുള്ള വീഡിയോ പുറത്തുവിട്ട് വെല്ലുവിളി

ആണവ പദ്ധതി: ട്രംപിന്റെ മുന്നറിയിപ്പ് അവഗണിച്ച് ഇറാന്‍;  ഭൂഗര്‍ഭ  മിസൈല്‍ കേന്ദ്രത്തില്‍ നിന്നുള്ള വീഡിയോ പുറത്തുവിട്ട് വെല്ലുവിളി

ഇറാന്റെ ഭൂഗര്‍ഭ ആയുധ കേന്ദ്രം സുരക്ഷിതമല്ലെന്നാണ് പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഒരു ആക്രമണം നേരിടേണ്ടി വന്നാല്‍ ഭൂഗര്‍ഭ കേന്ദ്രത്തിലുണ്ടാവുക ചിന്തിക്കാനാകാത്ത വിധമുള്ള സ്ഫോടനമാകാമെന്നും അവര്‍ പറയുന്നു.

ടെഹ്റാന്‍: ആണവ പദ്ധതികള്‍ നിര്‍ത്തി വയ്ക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ തങ്ങളുടെ ആയുധ ശേഖരത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന വീഡിയോ പുറത്തുവിട്ട് ഇറാന്‍.

ഇറാനിലെ ഒരു ഭൂഗര്‍ഭ മിസൈല്‍ കേന്ദ്രത്തില്‍ നിന്നുള്ള 85 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് ഇറാന്‍ സൈന്യമായ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് പുറത്തു വിട്ടത്. ഇത് കൂടാതെ മറ്റ് രണ്ട് മിസൈല്‍ കേന്ദ്രങ്ങള്‍ കൂടി ഇറാന് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഖൈബര്‍ ഷെഖാന്‍, ഖാദര്‍-എച്ച്, സെജില്‍, പവെ തുടങ്ങി ഇറാന്‍ സ്വന്തമായി വികസിപ്പിച്ച മിസൈലുകളുടെ ശേഖരമാണ് ഈ ഭൂഗര്‍ഭ കേന്ദ്രങ്ങളിലുള്ളത്. ഈ മിസൈലുകളാണ് ഇസ്രയേലിനെ ആക്രമിക്കാനായി ഇറാന്‍ പ്രയോഗിച്ചിരുന്നത്.

2020 ലാണ് ഇറാന്‍ ആദ്യമായി തങ്ങളുടെ ഭൂഗര്‍ഭ മിസൈല്‍ കേന്ദ്രം പരസ്യപ്പെടുത്തിയത്. മൂന്ന് വര്‍ഷത്തിന് ശേഷം മറ്റൊരു കേന്ദ്രത്തിന്റെ വിവരങ്ങളും പരസ്യപ്പെടുത്തി. ഇതില്‍ യുദ്ധ വിമാനങ്ങളുള്‍പ്പെടെ സൂക്ഷിക്കാനുള്ള സംവിധാനങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നാമതൊരു ഭൂഗര്‍ഭ ആയുധ കേന്ദ്രം കൂടിയുണ്ട് എന്ന് ഇറാന്‍ വെളിപ്പെടുത്തിയത്.

യുറേനിയം സംപുഷ്ടീകരണവും മിസൈല്‍ വികസനവും ഉള്‍പ്പെടെ എല്ലാ ആണവ പദ്ധതികളും രണ്ട് മാസത്തിനകം അവസാനിപ്പിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ഇറാനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി പുതിയ കരാറില്‍ ഒപ്പിടണമെന്നായിരുന്നു ട്രംപിന്റെ നിര്‍ദേശം.

ഇതിന് വഴങ്ങിയില്ലെങ്കില്‍ കടുത്ത ഉപരോധവും വേണ്ടി വന്നാല്‍ സൈനിക നടപടിയും ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനെ വെല്ലുവിളിച്ചു കൊണ്ടാണ് ഇറാന്‍ പുതിയ വീഡിയോ പുറത്തുവിട്ടത്.

നിലവില്‍ പുറത്തുവിട്ട വീഡിയോ പ്രകാരം ഇറാന്റെ ഭൂഗര്‍ഭ ആയുധ കേന്ദ്രം സുരക്ഷിതമല്ലെന്നാണ് പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ കേന്ദ്രം ആക്രമിക്കപ്പെട്ടാല്‍ വലിയ നാശനഷ്ടമുണ്ടാകാതെ തടയാനുള്ള സംവിധാനങ്ങള്‍ ഇല്ലെന്നതാണ് വലിയ ഭീഷണി.

തുറന്ന ടണലിനോട് ചേര്‍ന്നാണ് ആയുധങ്ങളും വെടിക്കോപ്പുകളും സൂക്ഷിച്ചിരിക്കുന്നത്. സ്ഫോടനത്തെ ചെറുക്കാനുള്ള ബ്ലാസ്റ്റ് ഡോറുകളോ പ്രത്യേക ആയുധ അറകളോ ഇല്ല. അതിനാല്‍ ഒരു ആക്രമണം നേരിടേണ്ടി വന്നാല്‍ ഭൂഗര്‍ഭ കേന്ദ്രത്തിലുണ്ടാവുക ചിന്തിക്കാനാകാത്ത വിധമുള്ള സ്ഫോടനമാകാമെന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്.

അമേരിക്കയുടെ പിന്തുണയോടെ 1950 കളില്‍ ആറ്റംസ് ഫോര്‍ പീസ് പ്രോഗ്രാമിന് കീഴില്‍ ആരംഭിച്ച ഇറാന്റെ ആണവ പദ്ധതി. സമാധാനപരമായ ശാസ്ത്രീയ പര്യവേക്ഷണത്തിന് വേണ്ടിയായിരുന്നു അത്. 1970 ല്‍ ആണവ പ്രവര്‍ത്തനങ്ങള്‍ ഐക്യരാഷ്ട്ര സഭയുടെ ഇന്റര്‍ നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ (ഐഎഇഎ) പരിശോധനയ്ക്ക് വിധേയമാക്കി ഇറാന്‍ ആണവ നിര്‍വ്യാപന ഉടമ്പടി അംഗീകരിക്കുകയുണ്ടായി.

എന്നാല്‍, 1979 ലെ ഇറാനിയന്‍ വിപ്ലവത്തിന് ശേഷം സഹകരണം അവസാനിപ്പിക്കുകയും ഇറാന്‍ രഹസ്യമായി ആണവ പദ്ധതി പിന്തുടരുകയും ചെയ്തു. ഇതിനെതിരെയാണ് ട്രംപ് ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.