'ജനങ്ങള്‍ ഒപ്പം ഉണ്ടെങ്കില്‍ എല്ലാം സാധ്യം'; വയനാട് പുനരധിവാസം ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

'ജനങ്ങള്‍ ഒപ്പം ഉണ്ടെങ്കില്‍ എല്ലാം സാധ്യം'; വയനാട് പുനരധിവാസം ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജനങ്ങള്‍ ഒപ്പം നില്‍ക്കുമെങ്കില്‍ ഒന്നും അസാധ്യമല്ലെന്നും മറികടക്കാനാവാത്ത ഒരു വെല്ലുവിളിയും ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കല്‍പ്പറ്റയിലെ നെല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ജൂലൈ 30 നെ കണ്ണീരോടെയല്ലാതെ ഓര്‍ക്കാന്‍ കഴിയില്ല. ഇപ്പോള്‍ നമുക്കൊപ്പം ജീവിക്കേണ്ടിയിരുന്നവര്‍ അന്ന് ഇല്ലാതായി. എത്രയോ പേര്‍ക്ക് അതിഗുരുതരമായ ശാരീരിക-മാനസിക വൈഷമ്യങ്ങള്‍ നേരിട്ടു. ആ ഘട്ടത്തില്‍ നമുക്ക് കരഞ്ഞിരുന്നാല്‍ മാത്രം പോരായിരുന്നു. വയനാട് പുനരധിവാസം ചരിത്രത്തില്‍ രേഖപ്പെടുത്തും. നാടിന്റെ ഒരുമയും ഐക്യവും, ഒപ്പം സര്‍ക്കാരും കൂടെനിന്ന് അസാധ്യത്തെ സാധ്യമാക്കി. രാഷ്ട്രീയപ്പാര്‍ട്ടികളും വിവിധ സ്ഥാപനങ്ങളും കൂട്ടായ്മകളും എല്ലാം സഹകരിച്ച് പ്രവര്‍ത്തിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

2221 കോടി രൂപയാണ് പുനരധിവാസത്തിന് വേണ്ടിയിരുന്നത്. കേന്ദ്ര സഹായമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. ഇതുവരെ ഒന്നും ലഭിച്ചില്ല. പഴയ അനുഭവം വെച്ച് ഇനി കിട്ടുമോയെന്നും അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 529 കോടി രൂപയുടെ വായ്പയാണ് ലഭിച്ചത്. അത് തിരിച്ചടയ്ക്കേണ്ടതാണ്. എന്നാലും നാം ഇത് സാധ്യമാക്കുന്നു. കേരളത്തിന്റെ തനത് അതിജീവനമായി ചരിത്രം ഇത് രേഖപ്പെടുത്തും. സഹായം നല്‍കിക്കൊണ്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ നല്‍കിയ കത്തും മുഖ്യമന്ത്രി വേദിയില്‍വെച്ച് വായിച്ചുകേള്‍പ്പിച്ചു.

പ്രിയങ്കാ ഗാന്ധി എം.പി, റവന്യൂ മന്ത്രി കെ. രാജന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മറ്റ് വിവിധ മന്ത്രിമാര്‍, പി.കെ കുഞ്ഞാലിക്കുട്ടി, എം.എല്‍.എമാര്‍, മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങിന്റെ ഭാഗമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.