ആ സ്ത്രീ ആര്? വീട്ടില്‍ നിന്നും പണം മാറ്റിയത് എവിടേയ്ക്ക്? ജസ്റ്റിസ് യശ്വന്ത് വര്‍മ്മക്കെതിരായ അന്വേഷണത്തില്‍ പുതിയ ട്വിസ്റ്റ്

ആ സ്ത്രീ ആര്? വീട്ടില്‍ നിന്നും പണം മാറ്റിയത് എവിടേയ്ക്ക്? ജസ്റ്റിസ് യശ്വന്ത് വര്‍മ്മക്കെതിരായ അന്വേഷണത്തില്‍ പുതിയ ട്വിസ്റ്റ്

ന്യൂഡല്‍ഹി: ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഫയര്‍ഫോഴ്‌സ് തീ അണച്ച ശേഷം ജസ്റ്റിസിന്റെ വസതിയില്‍ ഒരു സ്ത്രീ എത്തിയെന്നാണ് കണ്ടെത്തല്‍. സംഭവ സമയത്ത് അവിടെ ഉണ്ടായിരുന്ന ഡല്‍ഹി പൊലീസുമായി ഇവര്‍ സംസാരിച്ചിരുന്നതായും സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന പണം ഇവരുടെ കാറില്‍ മറ്റൊരിടത്തേയ്ക്ക് മാറ്റിയെന്നുമാണ് സൂചന.

കത്തിയ നോട്ടുകളും കത്താത്ത നോട്ടുകളും സ്റ്റോര്‍ റൂമില്‍ നിന്ന് മാറ്റാന്‍ സ്ത്രീയ്ക്ക് പൊലീസിന്റെ സഹായം ലഭിച്ചോ എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഒരു ജൂനിയര്‍ പൊലീസ് ഉദ്യോഗസ്ഥനുമെതിരെയാണ് അന്വേഷണം നടക്കുന്നത്. ഈ മൂന്ന് പേരും സ്ത്രീയുടെ വാക്കുകളില്‍ വീണോ എന്നാണ് അന്വേഷിക്കുന്നത്. തീപിടത്തമുണ്ടായ സ്റ്റോര്‍ റൂമില്‍ സ്ത്രീയെ പ്രവേശിക്കാന്‍ അനുവദിച്ചത് ഈ പൊലീസുകാരനാണോ എന്നും അന്വേഷിക്കുന്നുണ്ട്.

നോട്ടുകള്‍ കത്തിയെങ്കില്‍ അവ എവിടെയെന്ന ചോദ്യം പല കോണുകളിലും നിന്ന് ഉയര്‍ന്നിരുന്നു. ഈ സഹചര്യത്തില്‍ സ്ത്രീക്കെതിരെയും പൊലീസുകാര്‍ക്കെതിരെയും നടക്കുന്ന അന്വേഷണം നിര്‍ണായകമാണ്. തീപിടത്തം ഉണ്ടായതിന് പിന്നാലെ ജസ്റ്റിസ് വര്‍മ്മയുടെ വസതിയില്‍ എത്തിയ അഞ്ച് പൊലീസുകാരുടെ ഫോണും പരിശോധനയ്ക്കായി അയച്ചിരുന്നു. ഈ ഫോണുകളില്‍ നിര്‍ണായക വിവരം ഉണ്ടാകാം എന്നാണ് അന്വേഷണ സമിതി കരുതുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പൊലീസുകാരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഡല്‍ഹി ഫയര്‍ ഫോര്‍സ് മേധാവി അതുല്‍ ഗാര്‍ഗിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ തീപിടിച്ചത് അണയ്ക്കാന്‍ എത്തിയ ഫയര്‍ഫോഴ്‌സ് അംഗങ്ങളാണ് വീട്ടില്‍ കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയത്. തുടര്‍ന്ന് സര്‍ക്കാര്‍ ഇക്കാര്യം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അറിയിക്കുകയായിരുന്നു. ഫുള്‍ കോര്‍ട്ട് യോഗത്തില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിഷയം ധരിപ്പിച്ചിരുന്നു. ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മടക്കിയയക്കാനുള്ള കൊളീജിയം തീരുമാനവും ചീഫ് ജസ്റ്റിസ് യോഗത്തെ അറിയിച്ചു. ഇതിനിടെ യശ്വന്ത് വര്‍മയ്‌ക്കെതിരെ കടുത്ത നടപടി വേണമെന്ന് ചില ജഡ്ജിമാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ആഭ്യന്തര അന്വേഷണത്തിന് ഫുള്‍ കോര്‍ട്ട് യോഗം തീരുമാനം എടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.