പെട്രോളിനും ഡീസലിനും വില കുറച്ച് യുഎഇ; ഏപ്രിലിലെ നിരക്കുകള്‍ അറിയാം

പെട്രോളിനും ഡീസലിനും വില കുറച്ച് യുഎഇ; ഏപ്രിലിലെ നിരക്കുകള്‍ അറിയാം

ദുബായ്: ഏപ്രില്‍ മാസത്തിലെ ഇന്ധന വിലയില്‍ കുറവ് വരുത്തി യുഎഇ. ഫെബ്രുവരിയില്‍ വര്‍ധിപ്പിച്ചതിന് ശേഷം തുടര്‍ച്ചയായ രണ്ടാം മാസമാണ് യുഎഇ ഇന്ധന വിലയില്‍ കുറവ് വരുത്തിയിരിക്കുന്നത്.

2015 ല്‍ യുഎഇ പെട്രോള്‍ വില നിയന്ത്രണം നീക്കി ആഗോള നിരക്കുകളുമായി യോജിപ്പിച്ചിരുന്നു. ഇതിന് ശേഷം എല്ലാം മാസാവസാനവും യുഎഇയിലെ ഇന്ധന നിരക്കുകള്‍ പരിഷ്‌കരിക്കാറുണ്ട്. ഇത് പ്രകാരമാണ് ഏപ്രിലിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മുതല്‍ പുതിയ നിരക്കുകള്‍ ബാധകമാകും.
ഏപ്രില്‍ ഒന്ന് മുതല്‍ സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 2.57 ദിര്‍ഹമായിരിക്കും. മാര്‍ച്ചില്‍ ഇത് 2.73 ദിര്‍ഹമായിരുന്നു. സ്‌പെഷ്യല്‍ 95 പെട്രോള്‍ വില ലിറ്ററിന് 2.61 ദിര്‍ഹം എന്നുള്ളതില്‍ നിന്ന് ലിറ്ററിന് 2.46 ദിര്‍ഹമായി കുറച്ചു. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.38 ദിര്‍ഹമായും വില കുറച്ചു.

മാര്‍ച്ചില്‍ ഇത് 2.54 ദിര്‍ഹമായിരുന്നു. ഡീസലിന് ലിറ്ററിന് 2.63 ദിര്‍ഹമായിരിക്കും പുതിയ വില. നിലവിലെ നിരക്ക് 2.77 ദിര്‍ഹമായിരുന്നു. മാര്‍ച്ചില്‍ ആഗോള വിപണിയില്‍ ഇന്ധന വില താഴ്ന്ന നിലയില്‍ തുടര്‍ന്നിരുന്നു. ഇത് കണക്കിലെടുത്താണ് ഏപ്രില്‍ മാസത്തിലെ വില കുറച്ചിരിക്കുന്നത്. ആഗോള വിപണിയില്‍ ഫെബ്രുവരിയിലെ 75 ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ മാര്‍ച്ചില്‍ ബ്രെന്റ് വില ശരാശരി 70.93 ഡോളറായിരുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആദ്യ വ്യാപാരത്തില്‍ ബ്രെന്റ് ബാരലിന് 74.11 ഡോളറും ഡബ്ല്യുടിഐ ബാരലിന് 70.01 ഡോളറുമായിരുന്നു വില. ആഗോള സംഭവ വികാസങ്ങളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വമാണ് അസംസ്‌കൃത എണ്ണയുടെ വിലയിലെ ചാഞ്ചാട്ടത്തിന് കാരണമാകുന്നത്. വെനിസ്വേലന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് യു.എസ് തീരുവ ചുമത്തും എന്ന് പ്രഖ്യാപിച്ചിരുന്നു.

ഇതിനൊപ്പം വ്യാപാര പിരിമുറുക്കങ്ങളുടെയും സാമ്പത്തിക ആഘാതങ്ങളേയും കുറിച്ചുള്ള ആശങ്കകളും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. ഒപെക് പ്ലസ് ക്രൂഡ് ഓയില്‍ ഉല്‍പ്പാദനത്തിലെ മാറ്റങ്ങളും വിപണിയെ ബാധിക്കുന്നുണ്ട് എന്നാണ് വിവരം. മിഡില്‍ ഈസ്റ്റില്‍ വര്‍ധിച്ചു വരുന്ന സംഘര്‍ഷങ്ങളും എണ്ണവിലയെ സ്വാധീനിച്ചിട്ടുണ്ട്. ചെങ്കടലില്‍ ഹൂതി വിമതര്‍ക്കെതിരെ യു.എസ് നടത്തിയ സൈനിക ആക്രമണങ്ങള്‍ ഇതില്‍ പ്രധാനമാണ്.

ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്രയേലിന്റെ ആക്രമണങ്ങളും മേഖലയിലെ ആശങ്കകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. വിപണിയിലെ അസ്ഥിരതയ്ക്ക് പുറമേ 2025 ഏപ്രില്‍ രണ്ട് മുതല്‍ പ്രാബല്യത്തില്‍ വരുന്ന വെനിസ്വേലന്‍ എണ്ണ വാങ്ങുന്നവര്‍ക്ക് പുതിയ താരിഫ് ചുമത്തുമെന്ന യു.എസ് പ്രഖ്യാപനവും ആഗോള എണ്ണ വിപണികളെ കാര്യമായി ബാധിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.