ട്രംപിന്റെ പകരം തീരുവ ഇന്ന് മുതല്‍: കനത്ത ആശങ്കയില്‍ സാമ്പത്തിക രംഗം; ഇന്ത്യയെ എങ്ങനെ ബാധിക്കും

ട്രംപിന്റെ പകരം തീരുവ ഇന്ന് മുതല്‍: കനത്ത ആശങ്കയില്‍ സാമ്പത്തിക രംഗം; ഇന്ത്യയെ എങ്ങനെ ബാധിക്കും

ന്യൂഡല്‍ഹി: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് പകരം തീരുവ ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം ഇന്ന് പ്രാബല്യത്തില്‍ വരും. ഇതോടെ കനത്ത ആശങ്കയിലാണ് സാമ്പത്തിക രംഗം. ഓരോ രാജ്യത്തിനും ബാധകമാവുന്ന താരിഫ് പ്രാദേശിക സമയം ഇന്ന് വൈകുന്നേരം മൂന്നിന് ട്രംപ് പ്രഖ്യാപിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

വിമോചന ദിനമെന്നാണ് ട്രംപ് ബുധനാഴ്ചയെ വിശേഷിപ്പിച്ചിരിക്കുന്നത്. ആഗോള വിപണിയില്‍ അമേരിക്കയോട് മറ്റ് രാജ്യങ്ങള്‍ അന്യായമായി പെരുമാറുന്നു എന്ന ട്രംപിന്റെ വിശ്വാസമാണ് പകരച്ചുങ്കം ചുമത്താന്‍ ട്രംപിന് പ്രേരണയായത്. പല രാജ്യങ്ങളും അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഉയര്‍ന്ന തോതിലാണ് തീരുവ ചുമത്തുന്നത്.
പതിനഞ്ചോളം രാജ്യങ്ങള്‍ക്കായിരിക്കും നികുതി ചുമത്തുക എന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടെങ്കിലും ആര്‍ക്കും ഇളവില്ലെന്നാണ് കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചത്. അമേരിക്കയുമായുള്ള വ്യാപാരത്തില്‍ കമ്മി രേഖപ്പെടുത്തുന്ന രാജ്യങ്ങളാണ് പട്ടികയിലുള്ളതെന്നാണ് വിവരം. വാണിജ്യ വകുപ്പിന്റെ 2024 ലെ കണക്ക് പ്രകാരം ചൈനയാണ് പട്ടികയില്‍ മുന്നിലുള്ളത്.

മുന്നറിയിപ്പിന് പിന്നാലെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ഇന്ത്യയില്‍ സ്വര്‍ണ വില പവന് 680 രൂപ ഉയര്‍ന്ന് 68,080 രൂപയെന്ന റെക്കോഡിലെത്തി. ഓഹരി നിക്ഷേപകരുടെ ആസ്തിയില്‍ മൂന്ന് ലക്ഷം കോടി രൂപയിലധികം നഷ്ടമുണ്ടായി. മുഖ്യ സൂചികയായ സെന്‍സെക്സ് 1,390 പോയിന്റ് ഇടിഞ്ഞ് 76,024.51ല്‍ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്റ്റി 353.65 പോയിന്റ് നഷ്ടത്തോടെ 23,165.70ല്‍ എത്തി.

ഇന്ത്യ ഈടാക്കുന്നതിന് തതുല്യമായ തീരുവ ട്രംപ് ഏര്‍പ്പെടുത്തുന്നത് കയറ്റുമതിയില്‍ 730 കോടി ഡോളറിന്റെ ഇടിവ് സൃഷ്ടിച്ചേക്കും. ഇന്ത്യ നികുതി ഇളവുകള്‍ നല്‍കുമെന്നാണ് ഇന്നലെ ട്രംപ് പ്രഖ്യാപിച്ചത്. അവസാന നിമിഷം തീരുവ വര്‍ധന ഒഴിവാക്കി പുതിയ വ്യാപാര ചര്‍ച്ചയ്ക്ക് അമേരിക്ക തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാരും കയറ്റുമതി ലോകവും.

മേഖലകള്‍ തിരിച്ചാണോ ഉല്‍പന്നങ്ങള്‍ക്കാണോ അമേരിക്ക അധിക തീരുവ ഈടാക്കുക എന്നതിലും വ്യക്തത വന്നിട്ടില്ല. അതിനിടെ റഷ്യയ്ക്കും ഇറാനുമെതിരെ രണ്ടാം ഘട്ട നടപടികള്‍ക്ക് ട്രംപ് ഒരുങ്ങുന്നെന്ന വാര്‍ത്ത ക്രൂഡോയില്‍ വില കൂടാനും ഇടയാക്കി.

2021-22 വര്‍ഷം മുതല്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് അമേരിക്ക. ഇന്ത്യയുടെ മൊത്തം കയറ്റുമതിയില്‍ 18 ശതമാനം അമേരിക്കയിലേക്കാണ്. മൊത്തം ഇറക്കുമതിയില്‍ 6.22 ശതമാനം മാത്രമാണ് അവിടെ നിന്നുള്ളത്.

ട്രംപ് തീരുവ കൂട്ടുന്ന ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍

വാഹന ടയര്‍, മദ്യം, മത്സ്യം, മാംസം, ശീതികരിച്ച സമുദ്രോല്‍പന്നങ്ങള്‍, ഫുട്‌വെയറുകള്‍, സ്വര്‍ണം, വെള്ളി, ഡയമണ്ട്, എന്‍ജിനിയറിങ് ഉല്‍പന്നങ്ങള്‍, തുകല്‍, വസ്ത്രങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്

ട്രംപ് ഇളവ് തേടുന്നവ

ഇന്ത്യയിലേക്ക് അയയ്ക്കുന്ന വ്യാവസായിക ഉല്‍പന്നങ്ങള്‍, വാഹനങ്ങള്‍, മദ്യം, പെട്രോകെമിക്കല്‍ ഉല്‍പന്നങ്ങള്‍, പാല്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക സാധനങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.