യുവതലമുറയുടെ സദാചാര ചിന്ത വ്യത്യസ്തം; വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി

യുവതലമുറയുടെ സദാചാര ചിന്ത വ്യത്യസ്തം; വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: ഒരു പുരുഷന്‍ വിവാഹം കഴിക്കാം എന്ന് വാഗ്ദാനം നല്‍കുമ്പോള്‍ തന്നെ അയാള്‍ എന്തെങ്കിലും കാരണത്താല്‍ ആ തീരുമാനം മാറ്റാനുള്ള സാഹചര്യം കൂടി സ്ത്രീകള്‍ മുന്നില്‍ക്കാണേണ്ടത് അനിവാര്യമെന്ന് സുപ്രീം കോടതി. വിവാഹ വാഗ്ദാനം നല്‍കി പീഡനം നടത്തി എന്ന ആരോപണം ഉണ്ടായ ഒരു കേസില്‍ ബുധനാഴ്ച വാദം കേള്‍ക്കവെയാണ് കോടതി ഇത്തരത്തില്‍ അഭിപ്രായപ്രായപ്പെട്ടത്.

വിവാഹം കഴിക്കാം എന്ന് വാഗ്ദാനം നല്‍കിയാലുടന്‍ പുരുഷന് തന്റെമേല്‍ എല്ലാവിധ സ്വാതന്ത്ര്യവും അനുവദിച്ച് നല്‍കുന്നത് എന്ത് ചിന്തയുടെ അടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു. നേരത്തെ വിവാഹം ഉറപ്പിച്ചിരുന്ന പെണ്‍കുട്ടി, വിവാഹത്തില്‍ നിന്നും പിന്മാറിയ പുരുഷനെതിരെ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

രണ്ട് വ്യക്തികള്‍ തമ്മിലുള്ള പ്രണയ ബന്ധം തകരുന്ന സംഭവങ്ങളിലെല്ലാം അവര്‍ തമ്മിലുണ്ടായിരുന്ന ലൈംഗിക ബന്ധം പങ്കാളിയുടെ നിര്‍ബന്ധംമൂലം ഉണ്ടായതായിരിക്കും എന്ന് തീര്‍ച്ചപ്പെടുത്താനാവില്ല. പരസ്പരസമ്മതത്തോടെയാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നതെങ്കിലും സമൂഹത്തിന്റെ മുന്‍വിധിമൂലം മിക്കപ്പോഴും പുരുഷന്മാരാണ് പ്രതിസ്ഥാനത്ത് എത്തുന്നത്. എന്നാലിത് എല്ലായിപ്പോഴും അംഗീകരിക്കാനാവില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി.

ജസ്റ്റിസ് എം.എം സുന്ദരേഷ്, ജസ്റ്റിസ് രാജേഷ് ബിന്ദല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. സദാചാരം അടക്കമുള്ള കാര്യങ്ങളിലുള്ള ഇന്നത്തെ ലോകത്തിന്റെ കാഴ്ചപ്പാട് പരിശോധിക്കുമ്പോള്‍, പെണ്‍കുട്ടികള്‍ കുറച്ചുകൂടി ചിന്താ ശേഷി ഉള്ളവരായിരിക്കണം എന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. വിവാഹം തീരുമാനിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരം ആണെങ്കിലും വീട്ടുകാര്‍ ഇടപെട്ടാണെങ്കിലും അത് ഏതെങ്കിലും ഒരു ഘട്ടത്തില്‍ തകരാനുള്ള സാഹചര്യവുമുണ്ട് എന്ന സത്യം പെണ്‍കുട്ടികള്‍ മറക്കരുത്. അല്ലെങ്കില്‍ പിന്നീട് അത് ആ സ്ത്രീക്കും പുരുഷനും ഒരുപോലെ ശിക്ഷയായിത്തീരുമെന്നും കോടതി വ്യക്തമാക്കി.

നിങ്ങള്‍ പ്രായപൂര്‍ത്തിയായവരല്ലെ, കാര്യങ്ങള്‍ മനസിലാക്കാന്‍ പ്രാപ്തരായവരല്ലേ? പിന്നെ എങ്ങിനെയാണ് വിവാഹ വാഗ്ദാനത്തില്‍പെട്ട് വഞ്ചിതരാകുന്നതെന്നും കോടതി ചോദിച്ചു. എങ്ങനെയാണ് അത്തരം ഒരു ബന്ധം ശാരീരികമാകുന്നതുവരെ എത്തുന്നത്. എല്ലാ ബഹുമാനത്തോടെയും പറയുകയാണ്, ഇന്നത്തെ സമൂഹത്തിന്റെ പ്രത്യേകിച്ച് യുവതലമുറയുടെ സദാചാരപരവും ധാര്‍മികവുമായ ചിന്തകള്‍ നമ്മള്‍ കണ്ടുവന്നതില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. ഈ കേസിലെ പെണ്‍കുട്ടിയുടെ വാദത്തെ കോടതി പിന്താങ്ങുകയാണെങ്കില്‍, ഈ രാജ്യത്തെ കോളജുകളിലും മറ്റിടങ്ങളിലുമുള്ള പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഇടയിലുള്ള പ്രണയബന്ധങ്ങളെല്ലാം ശിക്ഷിക്കപ്പെടേണ്ടതായി മാറുമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇത്തരം സാഹചര്യങ്ങളിലെല്ലാം സമൂഹത്തിന്റെ യാഥാസ്ഥിതികമായ ചിന്താഗതികളും വ്യവസ്ഥിതികളിലെ പഴുതുകളും പുരുഷനെ ഏകപക്ഷീയമായി എല്ലായ്പ്പോഴും കുറ്റവാളിയാക്കി മുദ്രകുത്താനുള്ള പ്രവണത കാണിക്കാറുണ്ടെന്നും കോടതി കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.