മാലിന്യമുക്ത നവകേരളം പദ്ധതിയുടെ അംബാസഡറാകാന്‍ എം.ജി ശ്രീകുമാര്‍; 'വൃത്തി 2025' ദേശീയ കോണ്‍ക്ലേവിലേക്കും ക്ഷണം

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ അംബാസഡറാകാന്‍ എം.ജി ശ്രീകുമാര്‍; 'വൃത്തി 2025' ദേശീയ കോണ്‍ക്ലേവിലേക്കും ക്ഷണം

കൊച്ചി: സംസ്ഥാന തദ്ദേശ ഭരണ വകുപ്പിന്റെ സ്വപ്ന പദ്ധതിയായ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ അംബാസഡറാകാന്‍ സന്നദ്ധത അറിയിച്ച് ഗായകന്‍ എം.ജി ശ്രീകുമാര്‍. തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം ഒന്‍പത് മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കുന്ന 'വൃത്തി 2025' ദേശീയ കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ എം.ജി ശ്രീകുമാറിനെ ക്ഷണിച്ചതായി മന്ത്രി അറിയിച്ചു.

എം.ജി ശ്രീകുമാറുമായി താന്‍ സംസാരിച്ചിരുന്നുവെന്ന് എം.ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. അന്ന് നടന്ന സംഭവം അദേഹം പറഞ്ഞു. മാത്രമല്ല ഇക്കാര്യത്തില്‍ മാതൃകയെന്ന നിലയില്‍ മാലിന്യമുക്ത നവകേരളം പദ്ധതിയുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നതായും അദേഹം അറിയിച്ചു. തുടര്‍ന്നാണ് അദേഹത്തെ വൃത്തി കോണ്‍ക്ലേവിലേക്ക് ക്ഷണിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

എം.ജി ശ്രീകുമാറിന്റെ കൊച്ചി ബോള്‍ഗാട്ടിയിലുള്ള വീട്ടില്‍ നിന്ന് കായലിലേക്ക് മാലിന്യം വലിച്ചെറിയുന്ന ദൃശ്യം പുറത്ത് വരികയും തുടര്‍ന്ന് ഗായകന്‍ ഇതിന്റെ പിഴയായി 25,000 രൂപ അടയ്ക്കുകയും ചെയ്തിരുന്നു. തന്റെ വീട്ടിലെ ജോലിക്കാരി മുറ്റത്ത് വീണു കിടന്ന മാമ്പഴത്തിന്റെ അവശിഷ്ടങ്ങളാണ് ഇത്തരത്തില്‍ കായലില്‍ ഇട്ടതെന്നും അത് തെറ്റാണെന്ന് ബോധ്യപ്പെട്ടതിനാലാണ് പിഴ അടച്ചതെന്നും എം.ജി ശ്രീകുമാര്‍ പിന്നീട് വ്യക്തമാക്കിയിരുന്നു. മാലിന്യം കായലിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ആളെയും കോണ്‍ക്ലേവിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ഏപ്രില്‍ ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. 12 നുള്ള സമാപന സമ്മേളനം സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും. രണ്ട് ചടങ്ങുകളിലും മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.