മുകേഷ് അംബാനിയുടെ വീട്ടില്‍ ബോംബ് വെച്ചത് ഞങ്ങളല്ല; പ്രചരിച്ചത് വ്യാജ പോസ്റ്റര്‍: ജെയ്‌ഷെ ഉല്‍ ഹിന്ദ്

മുകേഷ് അംബാനിയുടെ വീട്ടില്‍ ബോംബ് വെച്ചത് ഞങ്ങളല്ല; പ്രചരിച്ചത് വ്യാജ പോസ്റ്റര്‍: ജെയ്‌ഷെ ഉല്‍ ഹിന്ദ്

മുംബൈ: മുകേഷ് അംബാനിയുടെ വീടിന് സമീപം കാറിനുളളില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയതില്‍ പങ്കില്ലെന്ന് തീവ്രവാദ സംഘടനയായ ജെയ്‌ഷെ ഉല്‍ ഹിന്ദ്. സംഭവത്തിന്റെ ഉത്തരവാദിത്വം ജെയ്‌ഷെ ഉല്‍ ഹിന്ദ് ഏറ്റെടുത്തുവെന്ന് കഴിഞ്ഞ ദിവസം മുംബൈ പോലീസ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിന്റെ അവകാശവാദം തള്ളി ജെയ്‌ഷെ ഉല്‍ ഹിന്ദ് രംഗത്തെത്തിയത് .

‘അംബാനിക്ക് തങ്ങളില്‍ നിന്ന് യാതൊരു ഭീഷണിയുമില്ല. സംഘടനയുടെ പേരില്‍ നേരത്തെ പുറത്തുവന്ന സന്ദേശം വ്യാജമാണ്’ ജെയ്‌ഷെ ഉല്‍ ഹിന്ദ് ടെലഗ്രാം പോസ്റ്ററിലൂടെ വ്യക്തമാക്കി. നേരത്തെ പ്രചരിച്ച പോസ്റ്ററുമായോ ടെലഗ്രാം അക്കൗണ്ടുമായോ സംഘടനയ്ക്ക് ബന്ധമില്ല. തങ്ങളുടെ പേരില്‍ വ്യാജ പോസ്റ്റര്‍ നിര്‍മിച്ച ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ നടപടിയില്‍ അപലപിക്കുന്നതായും ജെയ്‌ഷെ ഉല്‍ ഹിന്ദ് സന്ദേശത്തില്‍ വ്യക്തമാക്കി.

‘അംബാനിയുടെ വീടിനടുത്ത് വാഹനം കൊണ്ടിട്ട തങ്ങളുടെ സഹോദരന്‍ സുരക്ഷിതമായ വീട്ടിലെത്തി. ഇത് ഒരു ട്രെയിലര്‍ മാത്രമായിരുന്നു. ചിത്രം ഇനി വരാനിരിക്കുന്നു’ എന്നായിരുന്നു കഴിഞ്ഞ ദിവസം ജെയ്‌ഷെ ഉല്‍ ഹിന്ദിന്റെത് എന്ന പേരില്‍ ഭീഷണി ഉയര്‍ത്തിയതായി പ്രചരിച്ച ടെലഗ്രാം പോസ്റ്റര്‍. ഇപ്പോള്‍ ആവശ്യങ്ങള്‍ അംഗീകരിക്കില്ലെങ്കില്‍ അടുത്ത തവണ വാഹനം നിങ്ങളുടെ കുട്ടികളുടെ കാറിലേക്കായിരിക്കും പാഞ്ഞു കയറുക. കൂടാതെ ബിറ്റ്‌കോയിനായി പണം കൈമാറണമന്നും മുകേഷ് അംബാനിയേയും ഭാര്യ നിത അംബാനിയേയും അഭിസംബോധന ചെയ്ത സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു.

ഈ സന്ദേശം അയച്ച ടെലഗ്രാം അക്കൗണ്ട് തങ്ങള്‍ക്കും ലഭിച്ചിട്ടുണ്ട്. മുകേഷ് അംബാനിയുടെ വീടിന് സമീപം നടന്ന സംഭവവുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ല. ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള സന്ദേശം അയച്ച അക്കൗണ്ടുമായോ പോസ്റ്ററുമായോ സംഘടനയ്ക്ക് ഒരു പങ്കുമില്ല. അത് വ്യാജ പോസ്റ്ററാണെന്നും ജെയ്ഷ് ഉല്‍ ഹിന്ദ് സന്ദേശത്തിലൂടെ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് മുകേഷ് അംബാനിയുടെ വസതിക്ക് സമീപം ബോംബ് നിറച്ച കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 20 ജലാറ്റിന്‍ സ്റ്റിക്ക് നിറച്ച്‌ സ്‌കോര്‍പിയോ കാറാണ് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. ഇത്തവണ സ്ഫോടക വസ്തുക്കള്‍ യോജിപ്പിച്ചിട്ടില്ല, അടുത്തതവണ ഉറപ്പായും ചെയ്തിരിക്കുമെന്ന കത്തും കാറിനുള്ളില്‍ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വധഭീഷണി വന്നതോടെ ശക്തമായ സുരക്ഷയാണ് അംബാനിയുടെ വസതിയില്‍ ഏര്‍പ്പെടുത്തിയിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.