ഇന്ന് ദുഖവെള്ളി: ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയില്‍ വിശ്വാസികള്‍

ഇന്ന് ദുഖവെള്ളി: ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയില്‍ വിശ്വാസികള്‍

യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓര്‍മ്മ പുതുക്കി ക്രൈസ്തവര്‍ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന നടക്കും. ക്രിസ്തുവിന്റെ പീഡാനുഭവങ്ങള്‍ വ്യക്തമാക്കുന്ന കുരിശിന്റെ വഴിയും പരിഹാര പ്രദക്ഷിണവും നഗരികാണിക്കലും തുടര്‍ന്ന് കബറടക്ക ശുശ്രൂഷകളും നടക്കും.

സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ കോലഞ്ചേരി ക്വീന്‍ മേരീസ് കത്തോലിക്ക പള്ളിയില്‍ തിരുകര്‍മ്മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കും. യാക്കോബായ സഭ അധ്യക്ഷന്‍ ജോസഫ് പ്രഥമന്‍ കാതോലിക ബാവ മണര്‍കാട് സെന്റ് മേരീസ് പള്ളിയിലെ ചടങ്ങുകളില്‍ പങ്കെടുക്കും. ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക ബാവ വാഴൂര്‍ സെന്റ് പീറ്റേഴ്‌സ് പള്ളിയിലെ ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും.

പാളയം സെന്റ് ജോസഫ് കത്തീഡ്രലിന് മുന്നില്‍ നിന്ന് രാവിലെ 6:45 ഓടെ സംയുക്ത കുരിശിന്റെ വഴി ചടങ്ങുകള്‍ തുടങ്ങി. പ്രാരംഭ സന്ദേശം കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ നല്‍കും. സമാപന സന്ദേശം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റൊ നല്‍കും.

യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ തുടര്‍ന്നുള്ള വെള്ളിയാഴ്ച, യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാല്‍വരി മലയിലെ കുരിശു മരണത്തെയും ക്രൈസ്തവര്‍ അനുസ്മരിക്കുന്നു. പാശ്ചാത്യ സഭകള്‍ ഈ ദിവസത്തെ ഗുഡ് ഫ്രൈഡേ എന്നും പോളണ്ട് സഭ, യവന സഭ, സുറിയാനി സഭ തുടങ്ങിയ ഓര്‍ത്തഡോക്‌സ് സഭകള്‍ ഈ ദിവസത്തെ വലിയ വെള്ളിയാഴ്ച എന്നും വിളിക്കുന്നു. കേരളത്തിലെ സുറിയാനി സഭകള്‍ ഹാശാ ആഴ്ചയിലെ അഥവാ കഷ്ടാനുഭവ ആഴ്ചയിലെ ഈ വെള്ളിയാഴ്ചയെ ഹാശാ വെള്ളി എന്നും പരാമര്‍ശിക്കാറുണ്ട്.

മനുഷ്യരാശിയുടെ മുഴുവന്‍ പാപങ്ങള്‍ ഏറ്റെടുത്ത് യേശു കുരിശുമരണം വരിച്ച ദിവസമാണ് ഇന്ന്. പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും വിശുദ്ധിയോടെ ആചരിക്കുന്ന ഈ ദിവസം ക്രിസ്തീയ ജിവിതത്തിലെ ഏറ്റവും വിശുദ്ധ ദിനങ്ങളില്‍ ഒന്നാണ്. ക്രിസ്തുവിന്റെ കാല്‍വരി യാത്രയും പീഡനാനുഭവവും കുരിശ് മരണത്തിന്റെ ഓര്‍മ്മ പുതുക്കലുമാണ് ദുഖവെള്ളി. രാത്രി കല്ലറയില്‍ അടക്കം ചെയ്യുന്നതിന്റെ പ്രതീകമായി രൂപം പെട്ടിയില്‍ അടച്ച ശേഷമാണ് ദുഖവെള്ളി ദിനത്തിലെ ആചാരങ്ങള്‍ അവസാനിക്കുന്നത്.

ഗുഡ് ഫ്രൈഡേയും ദുഖ വെളളിയും

കാല്‍വരി കുന്നില്‍ യേശു കുരിശു ചുമന്ന് സ്വയം മരണത്തിലേക്ക് നടന്നടുത്തത് മാനവകുലത്തിന്റെ രക്ഷയ്ക്ക് വേണ്ടിയായിരുന്നു. മനുഷ്യകുലത്തിന്റെ പാപങ്ങള്‍ സ്വയം ഏറ്റെടുത്ത് യേശു മുള്‍ക്കിരീടം ചൂടിയതും ചാട്ടവാറടി ഏറ്റതും 136 കിലോയോളം തൂക്കമുണ്ടായിരുന്ന കുരിശ് സ്വയം തോളിലേറ്റി ഗാഗുല്‍ത്താ മലയില്‍ നിന്നു തുടങ്ങിയ യാതനകളുടെ ഭാരം വഹിച്ചതും എല്ലാം മാനവര്‍ക്ക് വേണ്ടിയായിരുന്നു.

'യഹൂദന്മാരുടെ രാജാവായ നസ്രായനായ യേശു' എന്ന് പടയാളികള്‍ എഴുതി യേശുവിന്റെ കുരിശിന് മുകളില്‍ തൂക്കിയപ്പോഴും ദാഹിച്ച് തൊണ്ട വറ്റിയപ്പോള്‍ കുടിക്കാന്‍ കയ്പ് നീര് കൊടുത്തപ്പോഴും കൂടെയുണ്ടായിരുന്ന ശിഷ്യന്‍ തന്നെ മുപ്പത് വെളളിക്കാശിന് ഒറ്റിയപ്പോഴും ഒന്നും പറയാതെ സഹനത്തിന്റെയും 'ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല, ദൈവമേ ഇവരോട് പൊറുക്കണമേ' എന്ന പ്രാര്‍ഥന ഉരുവിട്ടപ്പോഴും അവന്‍ തന്നെക്കുറിച്ച് ആവലാതിപ്പെട്ടില്ല. അവസാനം മേഘങ്ങള്‍ സൂര്യനെ മറച്ച ഇരുണ്ട ഒരു വെളളിയാഴ്ച മനുഷ്യപുത്രന്‍ ഈ ലോകത്തിന്റെ പാപങ്ങള്‍ക്ക് വേണ്ടി കുരിശ് മരണം വരിച്ചു.

ഇന്നും യേശു കുരിശില്‍ ചിന്തിയ രക്തത്തിന്റെ കറ മായാതെ കിടക്കുന്നുണ്ടെങ്കിലും അതിന്റെ അനന്തര ഫലം വലിയൊരു നന്മയായി മാറുകയായിരുന്നു. അങ്ങനെ കാല്‍വരിയില്‍ യേശു ജീവാര്‍പ്പണം ചെയ്ത ദിവസം ഇംഗ്ലീഷില്‍ ഗുഡ് ഫ്രൈഡേ അല്ലെങ്കില്‍ നല്ല വെളളി എന്ന് അറിയപ്പെടാന്‍ തുടങ്ങി.

യേശുവിനെ ക്രൂശിലേറ്റിയ ദിവസം പക്ഷേ നമ്മള്‍ക്ക് ദുഖ വെളളിയാണ്. ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് പാശ്ചാത്യ രാജ്യങ്ങളിലാണ് ഗുഡ് ഫ്രൈഡേ ആചരിച്ച് തുടങ്ങിയത്. God's Friday (ദൈവത്തിന്റെ ദിനം) എന്ന പേരില്‍ നിന്നാണ് ഗുഡ് ഫ്രൈഡേ ആയി മാറിയതെന്നും പറയപ്പെടുന്നു. Holy Friday (വിശുദ്ധ വെളളി), Great Friday (വലിയ വെളളി), Easter Friday (ഈസ്റ്റര്‍ വെളളി) എന്നിങ്ങനെയും പല രാജ്യങ്ങളിലായി ഇംഗ്ലീഷില്‍ അറിയപ്പെടുന്നു. ഇവയില്‍ അമേരിക്ക അടക്കം ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ ഉപയോഗിച്ച് പോരുന്നത് ഗുഡ് ഫ്രൈഡേ എന്നാണ്.

കുരിശില്‍ യേശു സഹിച്ചത് പീഢകളെങ്കിലും അവയുടെയെല്ലാം അനന്തര ഫലം മാനവരാശിയുടെ രക്ഷ എന്നതായിരുന്നു. അതുകൊണ്ട് തന്നെ യേശുവിന്റെ കുരിശ് മരണം വലിയൊരു നന്മയ്ക്കു വേണ്ടിയായിരുന്നു എന്ന അര്‍ഥത്തിലാണ് ഗുഡ് ഫ്രൈഡേ എന്നും അറിയപ്പെടുന്നത്.

അതേസമയം, ജര്‍മനിയില്‍ Sorrowful Friday (ദുഖ വെളളി) എന്ന് തന്നെയാണ് അറിയപ്പെടുന്നത്. മലയാളത്തിലും ജര്‍മനിയിലും ദുഖ വെളളിയായി ആചരിക്കാന്‍ കാരണം യേശുവിന്റെ പീഢാ സഹനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ്. പെസഹാ വ്യാഴത്തിന് ശേഷം യേശു യാതനകളും പീഢകളും മനുഷ്യകുലത്തിന് വേണ്ടി സഹിച്ചു മരിച്ച ദിനത്തിന്റെ ഓര്‍മ പുതുക്കാനായാണ് ഇവിടങ്ങളിലെ ക്രൈസ്തവര്‍ ഈ പേര് ഉപയോഗിക്കുന്നത്.

പക്ഷേ യഥാര്‍ഥത്തില്‍ ഗുഡ് ഫ്രൈഡേ ആയാലും ദുഖ വെളളി ആയാലും കുരിശിലൂടെ മാനവ സമൂഹം രക്ഷ പ്രാപിച്ച ദിവസം എന്നാണ് അര്‍ഥമാക്കുന്നത്. പാപത്തിന് മേല്‍ നന്മ വിജയിച്ച ദിവസം എന്നും ഈ ദിനത്തെക്കുറിച്ച് പറയാറുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.