വിദേശ സ്വപ്‌നത്തില്‍ മലയാളി കുടുംബങ്ങള്‍ കടക്കെണിയില്‍; കണക്കുകള്‍ ഇങ്ങനെ

വിദേശ സ്വപ്‌നത്തില്‍ മലയാളി കുടുംബങ്ങള്‍ കടക്കെണിയില്‍; കണക്കുകള്‍ ഇങ്ങനെ


കൊച്ചി: വിദേശ പഠനം സ്വപ്നം കണ്ട് പുറത്ത് പോയിട്ടും ജോലി കിട്ടാതെ മടങ്ങുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുന്നു. രണ്ട് വര്‍ഷത്തെ പോസ്റ്റ്-സ്റ്റഡി വിസയുടെ കാലാവധി കഴിഞ്ഞപ്പോള്‍ വിദേശത്ത് ശരിയായ തൊഴില്‍ ഉറപ്പാക്കാന്‍ കഴിയാതെ നിരവധി യുവതീയുവാക്കള്‍ കേരളത്തിലേക്ക് മടങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കേരളത്തിലേയ്ക്ക് തിരികെ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ സംസ്ഥാനത്ത് നിരവധി കുടുംബങ്ങളാണ് കടക്കെണിയില്‍ അകപ്പെട്ടത്. 2024 ഡിസംബര്‍ 31 ലെ കണക്ക് അനുസരിച്ച് കേരളത്തില്‍ വിദ്യാഭ്യാസ വായ്പയുമായി ബന്ധപ്പെട്ട് 9,387.11 കോടി രൂപയാണ് തിരിച്ചടയ്ക്കാന്‍ ഉള്ളത്. തിരിച്ചടയ്ക്കാനുള്ള തുകയുടെ കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളമാണ് മുന്നില്‍.

വിദ്യാഭ്യാസ വായ്പയുമായി ബന്ധപ്പെട്ട് 2,57,669 വിദ്യാര്‍ഥി അക്കൗണ്ടുകളിലായി 9,387.11 കോടി രൂപ തിരിച്ചടയ്ക്കാന്‍ ഉണ്ടെന്നാണ് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതിന് അര്‍ഥം ഏതാണ്ട് അത്രയും തന്നെ കുടുംബങ്ങള്‍ വിദേശ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കടബാധ്യതയുടെ ഭാരം വഹിക്കുന്നുണ്ടെന്നാണ്. 2023 ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ച് 2,54,388 വിദ്യാര്‍ഥി അക്കൗണ്ടുകളിലായി 9143 കോടിയാണ് തിരിച്ചടയ്ക്കാന്‍ ഉണ്ടായിരുന്നത്.

2024 ഡിസംബര്‍ 31 ലെ കണക്കനുസരിച്ച് കേരളവുമായി താരതമ്യപ്പെടുത്തുമ്പോള്‍, മഹാരാഷ്ട്രയില്‍ 6,158.22 കോടി രൂപയും ആന്ധ്രാപ്രദേശില്‍ 5,168.34 കോടി രൂപയും തെലങ്കാനയില്‍ 5,103.77 കോടി രൂപയുമാണ് തിരിച്ചടയ്ക്കാനുള്ള വിദ്യാഭ്യാസ വായ്പ. കൂടുതല്‍ ആശങ്കാജനകമായ കാര്യം കേരളത്തില്‍ 880.74 കോടി രൂപയുടെ വായ്പകള്‍ ഇതിനകം നിഷ്‌ക്രിയ ആസ്തിയായി മാറി എന്നതാണ്. ഇത് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ വായ്പാ പോര്‍ട്ട്‌ഫോളിയോയുടെ 9.38 ശതമാനം വരും.

2019 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് 31 വരെയുള്ള രാജ്യസഭ കണക്കനുസരിച്ച് വിദേശ പഠനത്തിനായി മലയാളികള്‍ക്ക് 11,872.09 കോടി രൂപയാണ് ബാങ്കുകള്‍ വായ്പയായി അനുവദിച്ചത്. ഇതില്‍ 7619.64 കോടി രൂപ വിതരണം ചെയ്യുകയും ചെയ്തു. വിദേശ പഠനത്തിനുള്ള വായ്പയുടെ കണക്കിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം തന്നെയാണ് മുന്നില്‍. മഹാരാഷ്ട്രയാണ് തൊട്ടുപിന്നില്‍. ഇക്കാലയളവില്‍ മഹാരാഷ്ട്രയില്‍ 8,745 കോടിയാണ് ബാങ്കുകള്‍ അനുവദിച്ചത്. ആന്ധ്രാപ്രദേശ് 7,690 കോടി, തെലങ്കാന 8150 കോടി എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ള മറ്റു സംസ്ഥാനങ്ങളുടെ കണക്ക്.

കുടിശിക വര്‍ധിച്ച് വന്നതോടെ ബാങ്കുകള്‍ സര്‍ഫാസി നിയമം ഉപയോഗിച്ച് വായ്പയ്ക്കായി പണയപ്പെടുത്തിയ സ്വത്തുക്കള്‍ വിറ്റ് കുടിശിക ഈടാക്കാനുള്ള ശ്രമത്തിലാണ്. സാധാരണയായി 7.5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകള്‍ക്ക് ഈടായി സ്വീകരിക്കുന്നത് ഭൂമി അല്ലെങ്കില്‍ വീട്ടുപകരണങ്ങള്‍ ആണ്. ഇത്തരം കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

നിയമപരമായ ഇടപെടലുകളും സാധാരണമായിക്കൊണ്ടിരിക്കുകയാണ്. പണയപ്പെടുത്തിയ സ്വത്തുക്കള്‍ ലേലം ചെയ്യാന്‍ ബാങ്കുകള്‍ പോകുമ്പോള്‍, കടം വാങ്ങുന്നവര്‍ പലപ്പോഴും സ്റ്റേയ്ക്കായി കോടതികളിലേക്ക് പോകും. എന്നാല്‍ സാങ്കേതികമായി കോടതികള്‍ക്ക് അധികാരപരിധിയില്ല. പക്ഷെ ബാങ്കുകള്‍ പലപ്പോഴും ദീര്‍ഘകാല നിയമ പോരാട്ടങ്ങള്‍ ഒഴിവാക്കാന്‍ ഒത്തുതീര്‍പ്പ് പദ്ധതികള്‍ക്ക് സമ്മതിക്കുന്നതായും അഭിഭാഷകര്‍ വ്യക്തമാക്കുന്നു.

മോശം ആസൂത്രണവും തെറ്റായ അഭിലാഷങ്ങളുമാണ് പ്രശ്നത്തിന്റെ കാതല്‍ ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. പല വിദ്യാര്‍ഥികളും അവരുടെ കഴിവ് മനസിലാക്കാതെയോ തൊഴില്‍ വിപണിയിലെ പ്രവണതകളെക്കുറിച്ച് ഗവേഷണം നടത്താതെയോ ലക്ഷ്യസ്ഥാനങ്ങളോ കോഴ്സുകളോ തെരഞ്ഞെടുക്കുന്നു. അങ്ങനെ പരിമിതമായ തൊഴില്‍ സാധ്യതകളുള്ള മേഖലകളിലോ അവര്‍ക്ക് മത്സരശേഷി നല്‍കാത്ത സ്ഥാപനങ്ങളിലോ അവര്‍ എത്തിച്ചേരുന്നു.

2010 ല്‍ മകന്റെ ലണ്ടനിലെ ബിടെക് പഠനത്തിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 20 ലക്ഷം രൂപ വായ്പ എടുത്ത വീട്ടമ്മയ്ക്ക് 2015 ല്‍ വായ്പ പൂര്‍ണമായും തിരിച്ചടച്ചപ്പോഴേക്കും 50 ലക്ഷം രൂപയാണ് ചെലവായത്. ഏകദേശം 15 ശതമാനം പലിയാണ് ഈടാക്കിയത്. ഇത് ഉയര്‍ന്ന പലിശനിരക്കാണ്. കൂടാതെ മറ്റു ചാര്‍ജുകള്‍ കൂടി ഈടാക്കിയതോടെയാണ് കടബാധ്യത 50 ലക്ഷമായി ഉയര്‍ന്നത്.

മിക്ക കേസുകളിലും വിദേശ വിദ്യാഭ്യാസം ഒരു സുവര്‍ണ്ണ ടിക്കറ്റായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. ഉയര്‍ന്ന ശമ്പളമുള്ള വിദേശ ജോലിയാണ് സ്വപ്നം കണ്ടിരുന്നത്. എന്നാല്‍ പലര്‍ക്കും ഒരു സാമ്പത്തിക ബാധ്യതയായി ഇത് മാറിയിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.